മന്ത്രിപരിചയം
റിനീഷ് തിരുവള്ളൂർ
ഉത്തര മലബാറിലെ പിണറായി എന്ന ഗ്രാമം കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഗർഭപാത്രമാണ്. കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുന്നത് 1939 ൽ പിണറായി പാറപ്രത്ത് ആണ്. പുഴകളാൽ ചുറ്റപ്പെട്ട ചെറുഗ്രാമം. ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സ്വാധീനമുണ്ടായിരുന്ന നാട്. കർഷക തൊഴിലാളികളും, ബീഡി തൊഴിലാളികളും, ചെത്തുതൊഴിലാളികളും ഉൾപ്പെടെയുള്ളവർ വിയർപ്പൊഴുക്കി പോറ്റി വളർത്തിയ ഗ്രാമം. മുണ്ടയിൽ കോരനെന്ന ചെത്തുതൊഴിലാളിയുടെ മകൻ ബാല്യ-കൗമാര കാലത്തെ ദാരിദ്രത്തെ പടപൊരുതി തോൽപ്പിച്ച് വിദ്യാർത്ഥി നേതാവായി വളർന്നു. പേരിനൊപ്പം നാടിന്റെ പേര് ചേർത്ത പിണറായി വിജയൻ തൊഴിലാളിവർഗനേതാവായി ഉയർന്നു. പിന്നീട് രാജ്യം ഉറ്റുനോക്കുന്ന കമ്യൂണിസ്റ്റ് നേതാവായി, കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയായി.
പിണറായി വിജയന്റെ സർവ്വകലാശാല ജനങ്ങളാണ്, ജനങ്ങളിൽ നിന്ന് പഠിക്കുക എന്നത് ജൈവികമായ പാഠമാണ്. അക്കാദമിക വിദ്യാഭ്യാസത്തിലുപരിയായ അറിവ് ജനജീവിതത്തിൽ നിന്നും ലഭിക്കും. അത്തരം അനുഭവങ്ങളിൽ നിന്നുമുള്ള കരുത്താണ് സഖാവിന്റെ മുതൽക്കൂട്ട്. ജീവിത പ്രതിസന്ധികളും സമരതീക്ഷ്ണമായ യൗവ്വനവും അനുഭവങ്ങളുടെ കരുത്തുമാണ് പിണറായി വിജയനെ പയറ്റി തെളിഞ്ഞ പടനായകനാക്കി മാറ്റിയത്.
കാർക്കശ്യവും സൗമ്യതയും ഇഴ ചേർന്ന പ്രവർത്തനശൈലിയും, വിവാദങ്ങളോട് സമരസപ്പെടാത്ത ഉറച്ച നിലപാടും ഈ രാഷ്ട്രീയ പ്രവർത്തകന്റെ ഗുണങ്ങളാണ്. സൂക്ഷ്മമായ നിരീക്ഷണത്തോടെയാണ് പിണറായി വിജയൻ ഏതു കാര്യത്തിലും ഇടപെടാറുള്ളത്. ‘മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടു’ എന്ന് ആരോപണങ്ങൾ നേരിടുമ്പോൾ നട്ടെല്ലുയർത്തി പറയാനുള്ള ചങ്കൂറ്റം സഖാവിനുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ഭീഷണികളോട് ’വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട’ എന്നു തിരിച്ചു പ്രതികരിക്കാനുള്ള തന്റേടവും, മാറി നിൽക്കേണ്ടവരോട് മാറി നിൽക്ക് എന്ന് വെട്ടി തുറന്ന് പറയാനുമുള്ള ആർജ്ജവവും പിണറായിക്ക് ഉണ്ട്. തീരുമാനങ്ങളിലെ നിശ്ചയദാർഢ്യം, സംഘടനാശേഷി, ഭരണാധികാരിയെന്ന നിലയിലുള്ള കാര്യപ്രാപ്തി ഇതെല്ലാം അദ്ദേഹത്തെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നു. കേരളത്തിന്റെ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കാഴ്ചപാടുകളുമായും മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് പിണറായി വിജയൻ മുന്നോട്ട് പോയത്.
ആദർശത്തിന്റെ കാപട്യമുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടാറില്ല. ആൾക്കൂട്ടത്തിന്റെ മനശാസ്ത്രം നോക്കി യാന്ത്രികമായി പെരുമാറാനും ഈ നേതാവ് തയ്യാറാവില്ല. ജനപ്രിയതയുടെ സൂത്രവാക്യം ഉപയോഗിച്ച് മുന്നോട്ട് പോകാനുള്ള സമീപനവുമില്ല. പ്രതിസന്ധികളിൽ ഒരു നേതാവിന്റെ ആത്മവിശ്വാസം തെളിമയുളള നിലപാടും പ്രത്യയശാസ്ത്ര ദൃഢതയുമാണ്. ഇത്തരം രാഷ്ട്രീയ ഗുണങ്ങൾ കൈമുതലുള്ളയാളെന്ന നിലയിൽ പിണറായി വ്യത്യസ്തനായ നേതാവാകുന്നു.
മാർക്‌സിസ്റ്റ്, ലെനിനിസ്റ്റ് തത്വങ്ങൾ മുറുകെ പിടിച്ചാണ് ഏതുകാര്യത്തിനും നിലപാട് എടുക്കാറുള്ളത്. സി.പി.ഐ.എം അതിന്റെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പാർട്ടിയെ ഉലയാതെ നയിച്ചു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടിൽ പാർട്ടിയെനിർത്താൻ കഴിഞ്ഞു. പാർട്ടിയെ തകർക്കാൻ നോക്കിയാൽ പാർട്ടി ഒരു തീപ്പന്തമാകും എന്ന തീപ്പൊരി പ്രസംഗത്തിലൂടെ പ്രവർത്തകർക്ക് ആവേശം പകരുന്ന നേതാവായി പിണറായി മാറി.
നെയ്ത്തു തൊഴിലാളിയായി ജീവിതമാരംഭിച്ച ഒരു പച്ച മനുഷ്യന്റെ ഭാഷയെക്കുറിച്ചും ശൈലിയെക്കുറിച്ചും മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിട്ടുണ്ട്. അച്ചടി വഴക്കത്തിൽ സംസാരിച്ചുകൊണ്ടല്ല പിണറായി വിജയൻ സാമൂഹ്യവിഷയങ്ങളിൽ പ്രതികരിച്ചത്. വാമൊഴിയുടെ മൂല്യവും നാട്ടുഭാഷയുടെ ലാളിത്യവുമാണ് അദ്ദേഹത്തിന്റെ ഭാഷയിൽ നിറഞ്ഞുനിന്നത്. അളന്നുമുറിച്ച വാക്കുകളിൽ ആർക്കും മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കും. സംസാരിക്കുമ്പോൾ ആത്മാവും ഹൃദയവുമുള്ള വാക്കുകൾ ഉപയോഗിക്കും, മുഖം നോക്കാതെ വിമർശിക്കും, പറയുന്ന കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ തുറന്നടിച്ചു പറയും. ഓരോ വാക്കിലും സത്യവും നീതിയുമുണ്ടാകും.
കേരള ചരിത്രത്തിൽ ഇത്രയധികം മാധ്യമ വിചാരണകൾക്കും വേട്ടയാടലിനും, കള്ള പ്രചാരണങ്ങൾക്കും വിധേയനായ മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടാകില്ല. താൽക്കാലികമായ കൈയ്യടികൾക്കും പ്രീതിക്കും വേണ്ടി ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ തനിക്ക് ബോധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന നേതാവല്ല അദ്ദേഹം. മാധ്യമങ്ങൾക്ക് മുന്നിൽ സുസ്‌മേരവദനനായി അഭിനയിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടുമില്ല.
കേരളത്തിന്റെ സമരനായകന് മുഖ്യമന്ത്രി പദത്തിൽ രണ്ടാം നിയോഗമാണിത്. നിയമസഭയിലേക്കുള്ള ആറാമങ്കത്തിൽ ധർമടത്ത് നിന്ന് രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ഏകപക്ഷീയ വിജയവുമായി നിയമസഭയിലെത്തിയ പിണറായി പാർലമെന്ററി രംഗത്ത് അനുഭവ സമ്പത്ത് ഏറെയുള്ള നേതാവാണ്. 26ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. അടിയന്തരാവസ്ഥയിൽ ജനപ്രതിനിധിയായിട്ടും പൊലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായി. ചോരപുരണ്ട വസ്‌ത്രങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ ആഭ്യന്തരമന്ത്രി കെ കരുണാകരനോട് ചോദ്യമുതിർത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.
1945 മെയ് 24ന് ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം. പിണറായി യുപി സ്കൂളിലും പെരളശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരുവർഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി‐ ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968ൽ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1972ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986‐ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 88ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996ൽ സഹകരണ ‐ വൈദ്യുതി മന്ത്രിയായി. ഈ കാലയളവിൽ വൈദ്യുതി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മികച്ച മന്ത്രിയായി ഭരണരംഗത്ത് മികവ് തെളിയിച്ചു. അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്റെ വിയോഗത്തെതുടർന്ന് മന്ത്രി പദവി രാജിവെച്ച് 1998ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറി പദവി ഒഴിഞ്ഞു. കൊൽക്കത്തയിൽ ചേർന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായും തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
1971 ൽ തലശേരിയിൽ ആർഎസ്എസുകാർ വർഗീയകലാപം അഴിച്ചുവിട്ടപ്പോൾ സംഘർഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാർട്ടി പ്രവർത്തകരും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ, തലശ്ശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമീഷൻ പരാമർശിച്ചു. കലാപ കാലത്തെ ധീരമായ പ്രവർത്തനം മതേതര കേരളത്തിന് അഭിമാനകരമായ ഏടായി മാറി. രണ്ട് പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിൽ വലതുചേരിക്കും വർഗ്ഗീയവാദികൾക്കും ആക്രമിക്കാനും പ്രതിരോധിക്കാനും ഉണ്ടായിരുന്നത് പിണറായി വിജയനെന്ന നേതാവിനെയാണ്. വലതുരാഷ്ട്രീയം അവരുടെ പ്രതിരോധങ്ങൾക്ക് പിണറായി വിജയനെ കേന്ദ്രമാക്കുകയായിരുന്നു. കള്ളക്കേസുകൾ ഉണ്ടാക്കിയും കെട്ടുകഥകൾ പടച്ചു വിട്ടും വേട്ടയാടി. ലാവ്ലിൻ കേസ് മുൻനിത്തി നിരന്തരമായി എതിരാളികൾ രാഷ്ട്രീയ പ്രതികാരം തീർത്തു. ഒടുവിൽ ഹൈക്കോടതി കേസ് റദ്ദാക്കി. പിണറായി പ്രതിയല്ലന്ന് വിധിച്ചു.
പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോൾ വന്ന സ്വർണ്ണക്കടത്ത് വിവാദങ്ങളും ആരോപണങ്ങളും രാഷ്ട്രീയ എതിരാളികളുടെ നനഞ്ഞ പടക്കങ്ങളായി മാറി.
സി.പി.ഐ.എം ൽ നിന്ന് പുറത്താക്കപ്പെട്ടവരും നാലാം ലോകവാദമുയർത്തിപുറത്തുപോയവരും തീവ്ര ഇടതുസൈദ്ധാന്തികരും ലക്ഷ്യം വച്ചത് പിണറായി വിജയനെയാണ്. ഈ നേതാവിനെതിരെ കെട്ടുകഥകളും ദുരാരോപണങ്ങളും നിരന്തരമായി ഉന്നയിച്ച് കടന്നാക്രമിച്ചതും വിദൂരമല്ലാത്ത ചരിത്രമാണ്. വിമർശനങ്ങൾ പലവഴിക്കും വന്നു. ധീരവും ശക്തവുമായ തരത്തിലായിരുന്നു പിണറായി വിജയൻ അതിനെയെല്ലാം പ്രതിരോധിച്ചത്. സി.പി.ഐ.എം സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾ പിണറായി വിജയനെതിരായ വ്യക്തിപരമായ വിമർശനങ്ങളായി ചിത്രീകരിച്ചു.എന്തുകൊണ്ടാണ് പിണറായി വിജയൻ എന്ന നേതാവിന് ഇത്രയേറെ എതിരാളികളും ശത്രുക്കളും ഉണ്ടായത് എന്നതിനെ ഒറ്റ ഉത്തരമേയുള്ളു വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുക്കുന്ന ആൾ എന്ന ലളിതമായ ഉത്തരം. തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ അതിലുറച്ചുനിൽക്കും. നിലപാടുകൾ മാറാതെ തീരുമാനങ്ങൾ എടുക്കും. നിലപാടുകളിൽ വെള്ളം ചേർക്കാറില്ല. സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ എടുത്തുചാടി അഭിപ്രായങ്ങൾ പറയാറില്ല. ചിന്തിച്ച് ഉറപ്പിച്ച് പറയുന്നത് കൃത്യമായ നിലപാടായിരിക്കും. പാർട്ടിയുടെ രാഷ്ട്രീയനയവും തീരുമാനവും ഓരോ വാക്കുകളിലും ഉണ്ടാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റുപാർട്ടിയേയും ഇടതുമുന്നണിയേയും കടന്നാക്രമിക്കാൻ അതിന്റെ പടനായകനായ പിണറായി വിജയനെ നിരന്തരം പ്രതിസ്ഥാനത്ത് നിർത്തുക എന്ന കുതന്ത്രമാണ് വലതുരാഷ്ട്രീയചേരിയിൽ നിന്നും നിരന്തരമായി പ്രയോഗിച്ചുപോന്നത്.
സി.പി.എം ന്റെ കേരള ഘടകം ചരിത്രത്തിത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ട ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ട് നയിച്ച നേതാവാണ് പിണറായി വിജയൻ. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വങ്ങൾ മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റായാണ് പാർട്ടിക്കകത്തും പുറത്തും ഓരോ നിമിഷവും പിണറായി പ്രവർത്തിച്ചത്. പാർട്ടിക്കകത്ത് ശക്തനായ നേതൃശേഷിയുള്ള നേതാവ്. പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കളെയും പ്രവർത്തകരേയും അടുത്തറിയുന്നയാൾ.
പാർട്ടി സെക്രട്ടറിയായി 16 വർഷം പ്രവർത്തിച്ച പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പാർട്ടി പ്രതിബദ്ധത അനിവാര്യമാണെന്ന കാര്യം പാർട്ടി കമ്മറ്റിയിൽ നടപ്പാക്കി. പാർട്ടിയെ തകർക്കാൻ നോക്കിയാൽ പാർട്ടി ഒരു തീപ്പന്തമായി ജ്വലിച്ചുനിൽക്കുമെന്ന് പ്രഖ്യാപനം പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് എന്ന ഉൾക്കരുത്തിന്റേതാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള അഞ്ചുവർഷത്തെ ഭരണം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ചു. കേരള വികസനത്തിന് പുതിയ വഴികൾ തുറന്നു, കാർഷിക, വാണിജ്യ വ്യവസായ, ടൂറിസം രംഗത്ത് വൻ കുതിപ്പ് കേരളത്തിനുണ്ടായി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും മറ്റ് ജനക്ഷേമ പ്രവർത്തനത്തിലും കേരളം ലോകത്തിന് മാതൃകയായി.
കേരളം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയുടെ നാളുകൾ അതിജീവിച്ചു. ഓഖി, നിപ, 2018ലെ മഹാപ്രളയം. ലോകത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിൽ ഒന്നായിരുന്നു. 2019 ൽ വീണ്ടും പ്രളയം, കോവിഡ് 19 മഹാമാരിയിൽ നിന്ന് കേരള ജനതയ്ക്ക് പ്രതിരോധത്തിൻ്റെയും അതിജീവനത്തിന്റെയും വഴി കാട്ടി. പ്രതിസന്ധികളിൽ മുങ്ങിപ്പോകാത്ത കപ്പലിന്റെ ക്യാപ്റ്റനായി മുന്നിൽ നിന്നു നയിച്ചു.
കേരള വികസനത്തിനും ജനക്ഷേമത്തിനും പിണറായി വിജയൻ മുന്നോട്ട് വെയ്ക്കുന്ന കരുതലിന്റെ നാളുകളാണ് വരാനിരിക്കുന്നത്. കരുത്തുറ്റ ഈ നേതാവിൽ നിന്നും ഈ നാടിന് വികസന വസന്തം ഉറപ്പാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക