ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

3
1078
athmaonline-anubhavakkurippukal-jamshida-sameer-thumbnail

അനുഭവക്കുറിപ്പുകൾ

ജംഷിദ സമീർ

അത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ് കരഞ്ഞത്. തൊട്ടിലിന്റെ ഓരോ ആട്ടവും ഓർമകളെ ഓരോ തലങ്ങളിലേക്ക് നയിച്ചു. ഓർമ്മകൾ സഞ്ചരിച്ചു കൊണ്ടിരുന്നു.അത് എത്തി നിന്നിടത്തുനിന്ന് വെയിലിനൊപ്പം കത്തി നിന്നു. കുത്തി കുലുങ്ങുന്ന തൊട്ടിലിലേക്കു നോക്കിയപ്പോൾ അതിമനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു, എന്നോടും കറങ്ങി കൊണ്ടിരുന്ന ഫാനിനോടും കർട്ടനോടും. ആ പുഞ്ചിരിയിൽ നിന്ന് ഞാൻ അവളെ ഗർഭിണിയാണെന്നറിഞ്ഞ നിമിഷങ്ങളിൽ ചെന്നെത്തി.

തലേ ദിവസം ഇക്ക കൊണ്ട് വന്ന പ്രെഗ്നസി ടെസ്റ്ററുമായിട്ടാണ് രാവിലെ ബാത്റൂമിലേക്ക് പോയത്‌. ഉള്ളിൽ ഒരായിരം ചോദ്യചിഹ്നങ്ങൾ വലുതായും ചെറുതായും മിന്നിമറിഞ്ഞു. കുറച്ചേറെ വിശാലതയുള്ള ബാത്റൂമായതിനാൽ കുറെ നേരം അങ്ങോട്ടുംമിങ്ങോട്ടും നടന്നു. എന്നെ അനുഗമിച്ചെന്നോണം നിറഞ്ഞു കൊണ്ടിരിക്കുന്ന ബക്കറ്റിലെ കോപ്പയും അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി കൊണ്ടിരുന്നു. ഓർമകളിൽ കോളേജ് എന്നെ ഒരു വിളറിയ നോട്ടം നോക്കി. കോളേജ് യാത്രയെ പറ്റി ഓർത്തപ്പോൾ ഒന്ന് നെടുവീർപ്പിട്ടു. ചെയ്തു തീർക്കാനുള്ള പി.ജി പ്രൊജക്റ്റ് വർക്ക് എന്റെ കാൽകീഴിൽ കിടന്ന് കരയാൻ തുടങ്ങി. വരുന്ന സെമസ്റ്റർ എക്സാം എവിടെ നിന്നോ വന്ന് എന്നെ മുറുകെ പിടിച്ചു. ഇടുങ്ങിയ ആ മുറിക്കുള്ളിൽ ആരെയും സമാധാനിപ്പിക്കാൻ ഞാൻ ഒന്നും കണ്ടില്ല.



തുറന്നിട്ട ടാപ്പ് ബക്കറ്റിനെ മറികടന്ന് ആർക്കോ വേണ്ടി ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്ന കോപ്പയെ പോലെ ആണിപ്പോൾ ഞാൻ.
ഒരുനിസ്സഹായാവസ്ഥ! പുറത്തെ കാറ്റ് അല്പം ദേഷ്യത്തിലായിരുന്നെന്ന് തോന്നുന്നു. ഏറെ സന്തോഷിക്കേണ്ട ഈ നിമിഷത്തിൽ ആശങ്കകളെ ഇങ്ങനെ ഊട്ടിക്കൊണ്ടിരിക്കുന്നതിനാലാവ ണം കാറ്റ് ജനൽ പൊളിയെ ശക്തമായി പ്രഹരിച്ചു. ‘ടപ്പേ’ എന്നുള്ള അതിന്റെ ശബ്ദമാണെനിക്ക് ഓർമ തന്നത്. ഞാനെവിടെയാണ്, എന്തിനാണിവിടെ വന്നു നിൽക്കുന്നത് എന്നൊക്കെ.

ധൃതിയിൽ കാര്യങ്ങൾ ചെയ്തു. ടെസ്റ്റർ കാര്യം പറഞ്ഞു. ഞാൻ ഗർഭിണിയാണ്! രണ്ടാമതായി എന്റെ ഗർഭപാത്രത്തിൽ ജീവനായ് തുടിച്ചു തുടങ്ങുന്ന രക്ത തുള്ളിയുടെ മിടിപ്പ് ഞാൻ കേട്ടു. ഇതാണ് ആ വരകൾ. രണ്ട് വരകൾ, ഞാൻ ചിരിച്ചതും കരഞ്ഞതുമായ വരകൾ! ചുവന്ന രണ്ട് വരകൾ.!

നിറഞ്ഞു നിൽക്കുന്ന ബക്കറ്റിൽ നിന്ന് അല്പം മുഖത്തു കുടഞ്ഞപ്പോൾ ഒരു സുഖം. വാതിൽ തുറന്ന് റൂമിലേക്ക് ചെന്നു.എന്റെ അനക്കം കേട്ടതും ഇക്ക കൃതിമമായി പൂട്ടിവെച്ച കണ്ണ് തുറന്ന് തെല്ലാകാംക്ഷയോടെ ചോദിച്ചു. ‘എന്തായി?’ ഒരു കരച്ചിലിൽ ഉത്തരം നൽകാമായിരുന്നു എനിക്കന്നാ ചോദ്യത്തിന്. ഒരു പുതിയ അതിഥിയെ കാത്തിരിക്കുന്ന ഇക്ക എന്നെ കെട്ടിപ്പുണർന്നു. ഞങ്ങളുടെ ഉദരങ്ങൾക്കിടയിൽ ഒരു ജീവൻ കൂടി ആർത്തുല്ലസിച്ച പോലെ തോന്നി.



ഇരുണ്ട കർട്ടനിലൂടെ വരുന്ന പ്രകാശ രശ്മികൾക്ക് തീവ്രതയേറി തുടങ്ങിയിട്ടുണ്ട്. ഞാൻ ഫോൺ എടുത്ത് സമയം നോക്കി. കലങ്ങി കിടക്കുന്ന കണ്ണുകളിൽ എനിക്കൊന്നും കാണാനായില്ല. കണ്ണ് ചിമ്മിത്തുറന്ന് നോക്കി. സമയം ഏഴു മണി. ഒരുപാട് ജോലികൾ തീർക്കാനുണ്ട്. ക്‌ളാസിൽ പോവാനുണ്ട്. ആദ്യ മണിക്കൂർ എക്സാം ആണ്. മലപ്പുറം അതിർത്തി കടന്ന് കോഴിക്കോട്ടെത്തണം.

കട്ടിലിലേക്ക് നോക്കി. ആദ്യത്തെ കണ്മണി നിഷ്കളങ്കതയുടെ കണികകൾ തുന്നിച്ചേർത്തു അവളുടെ കുഞ്ഞു മുഖം മനോഹരമായി ഉറങ്ങുന്നു. കുറെ നേരമാ മുഖത്ത് ഉമ്മ വെച്ച് കരയണമെന്ന് തോന്നി.

സമയം മാത്രം എന്നോട് ദയയൊന്നും കാണിച്ചില്ല. ഒരു കൂസലുമില്ലാത്തൊരു പോക്ക്. വേഗത്തിൽ കോണിപ്പടി ഓടിയിറങ്ങുമ്പോൾ ഓർമവന്നു. നടത്തം പതിയെയാക്കി. കല്യാണം കഴിഞ്ഞവളും സ്‌കൂളിൽ പോണ മോളും ഇക്കാന്റെ വീട്ടിൽ നിന്നുള്ള യാത്ര ആയതിനാലും കോളേജിൽ ഞാൻ ലാസ്‌റ്റ് ബസ് ആണ്. അഥവാ നേരത്തെ എത്തിയാൽ അന്ന് ഫ്രണ്ട്‌സ് ചോദിക്കും “ഇന്നിപ്പോ സൂര്യനെന്തു പറ്റി.”

മനസ്സ്‌ ഒരുപാട് കനമുള്ളതായി തോന്നി. കണ്ണീരിന്റെ ഒരു വലിയ പുഴ താണ്ടുന്നതിനാലും ഉത്തരമില്ലാതെ ഉലാത്തുന്ന ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലും ആകപ്പാടെ ഒരുന്മേഷക്കുറവ്. വീട്ടിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ജോലികൾ തീർത്തു ഞാൻ ബസ് കയറി. വീഴാൻ പോവുന്നോടത്ത് ഒരു ഉന്തും എന്നപോലെ പതിവിലും വൈകി ഒടുവിൽ ബസ് വന്നു. എക്സാമായതിനാലും നേരം കുറച്ചു വൈകിയതിനാലും രണ്ടിരട്ടി വേഗത്തിൽ മിടിച്ചു കൊണ്ടിരുന്ന ഹൃദയം നാലിരട്ടി വേഗതയിലാക്കി. സീറ്റിന്റെ നടുക്കാണ് എനിക്ക് ഇരിപ്പിടം കിട്ടിയത്.



ഇന്ന് ഞാൻ എന്നും നേരം വൈകി പോവുന്ന അവളല്ല. ഇന്നെനിക്ക് എന്തൊക്കെയോ അസ്വസ്ഥതകളുണ്ട്. തല കറങ്ങുന്ന പോലെ. ഇന്നെനിക്ക് എന്ത്പറ്റി. ഏറെ അസ്വസ്ഥതകൾ തലയിലേറ്റിയിരുന്നത് കൊണ്ടാണോ, അന്ന് ഞാൻ പതിവിലും അവശയായി. ഗർഭവും പ്രസവവും കുഞ്ഞും ഒക്കെ പരിചയമുള്ളതാണെങ്കിലും ഇതിൽ എന്തോ ഒരു പുതുമ.!
ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥ. എങ്ങനെയൊക്കെയോ ഇറങ്ങി ബസ് സ്റ്റോപ്പിൽ ഇരുന്നു. മനസ്സിന്റെ ഒരട്ടി ഭാരം അവിടെ ഛർദിച്ചു. ഒരുപാട് നേരം. ആ ഛർദിയോടൊപ്പം എക്സാം എഴുതാനുള്ള എന്റെ എല്ലാ മാനസികാവസ്ഥയും ചോർന്ന് പോയിട്ടുണ്ടായിരുന്നു. ഒരു ഓട്ടോ പിടിച്ചു കോളേജിൽ എത്തി.

കോളേജ്.!
ഒരുപാട് ഓർമകളെ എന്റെതാക്കിതന്ന ഇടം. പ്രണയവും സഹൃദങ്ങളും സന്തോഷവും സമാധാനവും ഒഴുകുന്നിടം. സ്വപ്‌നങ്ങൾ തുന്നിയെടുക്കുന്നിടം. ഗുൽമോഹർ പ്രണയിനികൾക് പൂത്തു തുടങ്ങിയ ഇടം. ചുമരുകളിൽ ഓർമകളുറങ്ങിയ ഇടം. ഡെസ്കുകളിൽ വർഷങ്ങളുടെ ജീവനുള്ള മുദ്രകൾ പേറുന്ന ഇടം. പ്രണയവും സൗഹൃദവും വരച്ചിട്ട ക്യാൻവാസിൽ നിന്ന് സൗഹൃദങ്ങളെ ഞാൻ ഊറ്റിയെടുക്കുമായിരുന്നു. നല്ല നല്ല സൗഹൃദങ്ങളെ. ഗന്ധമുള്ള ബന്ധങ്ങളെ. ഒരുപാട് ഓർമകളെ എന്റെതാക്കി തന്ന അടയാളം.

ഓട്ടോ കോളേജിനോടടുത്തിട്ടും രാജാ ഗേറ്റ് എന്റെതായി തോന്നിയില്ല. ഞാൻ സൗഹൃദങ്ങളെ കണ്ടില്ല. പ്രണയങ്ങളിൽ ചാരിപോയില്ല. ഗുൽമോഹറിലെ കിളികൾ എനിക്കന്ന് പാടിയ പാട്ടിൽ ഇമ്പം തോന്നിയില്ല. സെമിത്തേരിയിലെ ഇരിപ്പിടങ്ങൾ എന്നെ മാടി വിളിച്ചില്ല.



ഓട്ടോ ഇറങ്ങി എത്തിപ്പെടുന്നത് അന്ന് എക്സാമുള്ള വിഷയത്തിന്റെ അദ്ധ്യാപികയുടെ മുന്നിൽ.

‘വേഗം വാ…എക്സാം തുടങ്ങിയിട്ടേയുള്ളു’ . മിസ്സ് പറഞ്ഞു.

അവിടത്തെ ഓരോ വിളികളും എന്നെന്നും ഹൃദയത്തിനൊപ്പം ചേർന്ന് നിൽക്കുന്നതാണ്. വളരെ സന്തോഷവതിയായി നേരം വൈകിയെത്തുന്ന എന്റെ മുഖത്തു മുഴച്ചു നിന്ന അവ്യക്തതകളിൽ മുട്ടിയെന്നോണം മിസ്സ് ചോദിച്ചു.

‘നിനക്കെന്തുപറ്റി?’

അവരെയൊക്കെ കണ്ടപ്പോൾ എന്റെ ദുഃഖം ഇരട്ടിച്ചിട്ടുണ്ടായിരുന്നു. അതിന്റെ കാരണം ഗർഭമാണന്നറിഞ്ഞപ്പോൾ മിസ്സ് ഏറെ സന്തോഷവതിയായി.

‘അഭിനന്ദനങ്ങൾ!!’

എക്സാം തുടങ്ങിയതിനാൽ എന്റെ കാര്യങ്ങൾ ചൂഴ്ന്നെടുക്കാൻ സമയമുണ്ടായിരുന്നില്ല. എക്സാം എഴുതണം എന്ന് എനിക്ക് നിർബന്ധംമുണ്ടായിരുന്നതിനാൽ ഞാൻ ഡിപ്പാർട്മെന്റിലേക്ക് പോയി. ക്ലാസിൽ എക്സാം ഡ്യൂട്ടിയിലിരുന്ന സാർ, എന്റെ കണ്ണിൽ പടർന്നു കൊണ്ടിരിക്കുന്ന അവ്യക്തതകളിൽ തൊട്ടെന്നോണം ഡിപാർട്മെന്റിൽ പോയി ഉത്തരക്കടലാസ് വാങ്ങി വരാൻ പറഞ്ഞു. ഡിപ്പാർട്മെന്റിൽ നിന്ന് രണ്ടു ടീച്ചേർസ് വന്ന് കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഒരു കരച്ചിലിൽ അന്നതിന്റെ ഉത്തരങ്ങൾ ഉണ്ടായിരുന്നു. സാധാരണ സന്തോഷത്തിന്റെ കാര്യമായതിനാൽ അവർക്ക് ഒന്നും മനസ്സിലായിരുന്നില്ല.

വീട്ടിൽ വല്ല പ്രശ്നവുമുണ്ടായോ.? ഭർത്താവുമായിട്ട് വല്ല പ്രശ്നവും.? തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഒടുവിൽ ഞാൻ പറഞ്ഞു. അവർ വളരെയധികം സന്തോഷിച്ചു. എന്തിന് ? ഒരു നിമിഷം അവരാണ് എന്നേക്കാൾ സന്തോഷിച്ചത് എന്ന് തോന്നി.



ഗർഭിണിയായിരിക്കെ എനിക്ക് പൂർത്തിയാക്കാനുള്ള എക്സാമിനേപ്പറ്റിയും പ്രൊജക്റ്റ് വർക്കിനെ പറ്റിയും ഒക്കെയാണ് ഞാനാ സമയത്തു ഭയപ്പെടുന്നതെന്നറിഞ്ഞപ്പോൾ അവരെനിക്ക് ഒരുപാട് ബലം തന്നു.

‘അവസാനത്തെ സെമസ്റ്റർ ആയതിനാൽ നീ എന്തിന് ഭയക്കണം. നിന്റെ കോഴ്സ് പൂർത്തിയാവുമല്ലോ?’ഒരാൾ പറഞ്ഞു.

ആദ്യത്തെ കൺമണിയെ വെച്ച് ഡിഗ്രി പൂർത്തിയാക്കിയ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടായിരുന്നു എനിക്ക് അത്ര അസ്വസ്ഥത. ഏഴ് മാസം പ്രായമായ എന്റെ കുഞ്ഞിനെ ഉമ്മാന്റെ അടുത്താക്കി പാത്തും പതുങ്ങിയും ബസ്സിന് വേണ്ടി ഓടുമ്പോൾ ബസ്‌ വരുവോളം എന്റെ കാതിൽ മുഴങ്ങി കേട്ട ആ കരച്ചിലുണ്ട്. തിരിച്ച് ഞാൻ അവളെ കയ്യിലെടുക്കുന്ന വരെ അതിന്റെ ആഘാതം പ്രതിധ്വനിച്ച ചെവികളാണെന്റേത്. ആ പഴയ ധ്വനികളാണ് അപ്പോഴും എന്റെ കാതിൽ ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിന് ശേഷവും അതിന്റെ ധ്വനികൾക് ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു. എല്ലാം കൂടെ കൂടി ചേർന്ന ഒരു മിശ്രിതമായിരുന്നു എന്റെ ആധികൾ.

ആശങ്കകൾക്ക് വിരാമം നൽകി പ്രതീക്ഷയുടെ പൂവാടിയിലേക്ക് പിന്നാലെ വന്ന ഓരോ വാക്കുകളുമെന്നെ കൂട്ടികൊണ്ടു പോയി. ഒരുപാട് പ്രതീക്ഷകൾ തന്നു. തളർന്നു കിടക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുകൾ തന്നു. പറക്കാനാകാശം തന്നു. എന്റെ കൂടെ വന്നിരുന്ന ആശങ്കൾ ഓരോന്നോരോയി വീട്ടിലേക്കു തിരിച്ചു പോയ്കൊണ്ടിരുന്നു.

‘നീ തളർന്നിരിക്കുന്ന ഈ അവസ്ഥയിൽഇന്ന് എക്സാം എഴുതേണ്ട. കുറച്ച് പേർക്ക് പിന്നീട് എക്സാം നടത്താനുണ്ട്. എന്തായാലും നമുക്ക് എച്ച്.ഒ.ഡി. യെ പോയി കാണാം.’

അനുഭവങ്ങളിൽ ഏറെ സമ്പന്നയായ മിസ് ആണ് കാര്യം പറഞ്ഞത്.

സാർ എന്നെ ദയനീയം ആയൊരു നോട്ടം നോക്കി.
‘നിനക്ക് ഒരു മോൾ കൂടെ ഇല്ലേ?’

കരഞ്ഞു തുടുത്ത മുഖം അതേ എന്ന് തലയാട്ടി.

‘എന്തായാലും ഈ അവസ്ഥയിൽ നീ എക്സാം ഇന്ന് എഴുതേണ്ട. മറ്റുള്ളവരുടെ കൂടെ പിന്നീടാവാം.’
സാർ തുടർന്നു.

ഞാൻ അത്ഭുതപ്പെട്ടു. അത്രമാത്രം എന്താണ് എന്റെ മുഖത്ത് മുഴച്ചു നിൽക്കുന്നത്. കാര്യങ്ങൾ വളരെ കർക്കശമായും വൃത്തിയായും വെടിപ്പായും ചെയ്യുന്ന സാറിൽ നിന്ന് ആ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.

‘പിന്നെ ഇതിനെ പറ്റി ഒന്നും ടെൻഷൻ അടിക്കേണ്ട. കാര്യങ്ങൾ അതിന്റെ വഴികളിൽ പൊയ്ക്കോട്ടേ…’ തിരിച്ചിറങ്ങുമ്പോൾ സാർ പറഞ്ഞു.



പ്രാരാബ്ധങ്ങളുടെ ഓളങ്ങൾ ശാന്തമായ് ഒഴുകി തുടങ്ങി. ഒരു പുതിയ ഞാനായി കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
ഒഴിഞ്ഞു കിടക്കുന്ന എന്റെ ഡെസ്കിൽ തല വെച്ച് കിടന്നു. ആയിരം ചോദ്യങ്ങളുമായി എന്റെ പ്രിയപ്പെട്ടവർ ചുറ്റും കൂടി. ഞാൻ ഒരു ഉത്തരം തുടങ്ങും മുമ്പ് അവർ ഒരായിരം ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് പ്രിയപ്പെട്ടവരാണ്. എപ്പോഴും എന്നോടൊപ്പം നിൽക്കുന്നവർ. പക്ഷെ ഞാൻ ഉത്തരം പറഞ്ഞിട്ടുണ്ടായിരുന്നില്ല. പതിയെ എന്റെ ശരീരം അതിനുത്തരം നൽകും എന്ന് തോന്നിയത് കൊണ്ടാവാം. ഞാൻ തലയിൽ നിറച്ചു വെച്ചിരിക്കുന്ന ഭാരങ്ങളുടെ കെട്ടുമായി ഡെസ്കിൽ തല ചായ്ച്ചു കിടന്നു.

പ്രിയപ്പെട്ട ടീച്ചേഴ്സിന്റെ വാക്കുകളിലൂടെ പാറി നടന്നു. നല്ല വാക്കുകളിൽ ചെന്ന് തേൻ കുടിച്ചു. വർണപൂമ്പാറ്റയായി ചിറകിട്ടടിച്ച് ക്യാമ്പസിന്റെ പൂക്കളിലും നനുത്ത ഇലകളിലും മുത്തി. അവൾ കൂടെ കൂടെയുണ്ടായിരുന്നപ്പോൾ കരുത്തായിരുന്നു. ഇന്ന് ഞാൻ ചിരിക്കുന്ന വരകളാണവൾ! രണ്ട് ചുവന്ന വരകൾ! ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സന്തോഷം .ഞാൻ കരഞ്ഞതും ചിരിച്ചതുമായ എന്റെ സ്വന്തം രണ്ട് ചുവന്ന വരകൾ!

മനോഹരമായി ഞാൻ ചെയ്തു തീർത്ത പ്രൊജക്റ്റും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുകയും ചെയ്ത എന്റെ അവസാന സെമെസ്റ്ററും സാക്ഷി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

  1. വല്ലാത്തൊരു ഒഴുക്കുള്ള എഴുത്ത്.. മനസ്സിൽ തൊട്ട വരികൾ.. അഭിനന്ദനങ്ങൾ പ്രിയ എഴുത്തുകാരീ..

LEAVE A REPLY

Please enter your comment!
Please enter your name here