കവിത
രാജൻ സി എച്ച്
(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്)
പിഴച്ച കോലൊന്നില്‍
പഴിച്ചിരിക്കുമ്പോള്‍
നമിച്ചു പോയി ഞാന്‍
നിനയ്ക്കും കോലില്‍ നീ
നിറഞ്ഞു കൊട്ടുമ്പോള്‍.
പകര്‍ച്ചയില്ലാതെ
പതര്‍ച്ചയില്ലാതെ
പല വിതാനത്തില്‍
പറന്നു വീഴുന്നു
പകരമില്ലാത്ത
പ്രകമ്പനങ്ങളായ്.
തക തരികിട
പ്രപഞ്ചമാകുമ്പോള്‍
പ്രതിധ്വനിക്കുന്നു_
ണ്ടിഹപരങ്ങളില്‍
പ്രണവമോങ്കാരം.
അഹമഴിഞ്ഞു പോ_
മഹസ്സിലും പകല്‍_
ത്തുറസ്സിലും കാറ്റില്‍_
ക്കുതറുമാലില_
ത്തലപ്പിന്നുത്സാഹം.
അമര്‍ന്നൊരാന തന്‍
കനത്ത കാലടി,
പറന്നു പോം കാക്ക_
ച്ചിറകടി,കടല്‍_
ത്തിര കരയിലേ
ചിതറിടുമിടി.
വിഹായസ്സില്‍ കൃഷ്ണ_
പ്പരുന്തിന്‍ നിശ്ചല
ച്ചിറകിന്‍ നിശ്ശബ്ദ
മുഴക്കമാമൊലി.
എനിക്കെന്നുള്ളിലേ
പകര്‍ന്നു കിട്ടുന്നു
നിറയെക്കൊട്ടി നീ
കനക്കുമൊച്ച തന്‍
നിശ്ശബ്ദമൗനത്തില്‍
മറച്ച ജീവന്‍റെ
ഹൃദയത്തിന്നിടി.
അതുമതി തായ_
മ്പക തന്‍ ഞാണൊലി.
അനശ്വരമതില്‍
മുഴങ്ങും കാലത്തിന്‍
നിതാന്തവിസ്മയം.
അമരസാന്ത്വനം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.