ഓർമ്മക്കുറിപ്പുകൾ
ഡോ. സുനിത സൗപർണിക
അക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ പറച്ചിൽ ഇത്തിരി അയയും. “ഇങ്ങനത്തെ കുറെ കഥ, നമ്മടെ ലൈബ്രറിയിലെ പുസ്തകത്തിലുണ്ട്” എന്ന ഒരൊറ്റ വാചകം കൊണ്ട് വല്ല്യമ്മ പിറ്റേന്ന് തന്നെ എന്നെ ലൈബ്രറിയ്ക്കു മുന്നിലെത്തിയ്ക്കും. കയ്യിലേക്ക് ഒരു പുസ്തകം വച്ചു തരും.
അങ്ങനെ ആദ്യം വച്ചു തന്ന പുസ്തകം, “മിഠായിപ്പൊതി”
ഉള്ളംകയ്യിൽ നിന്ന്, ഉള്ളിൽ നിന്ന് ഊർന്നുപോവാതെ ഇപ്പോഴും ചേർത്തുപിടിച്ചിരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട പുസ്തകം. ഓരോ വേനലവധിയിലും പുതിയ പുതിയ പുസ്തകങ്ങൾക്കൊപ്പം ആയിരുന്നെങ്കിലും വായന തുടങ്ങിയിരുന്നത് എല്ലാ കൊല്ലവും മിഠായിപ്പൊതിയ്ക്കൊപ്പം മാത്രമായിരുന്നു.
കുഞ്ഞുണ്ടായ ശേഷം, ആദ്യം തിരഞ്ഞിറങ്ങിയതും ഈ പുസ്തകം തന്നെ. ഒടുവിൽ കയ്യിലെത്തിയത്, ഏറ്റവും പ്രിയപ്പെട്ടൊരാളുടെ സമ്മാനമെന്ന മട്ടിൽ. ‘കുട്ടി’ എന്ന അവസ്‌ഥയിൽ നിന്ന് വളരുമ്പോഴും ഇടയ്ക്കിടെ മിഠായിപ്പൊതിയിലേക്ക് തിരിച്ചു ചെന്നുകൊണ്ടിരുന്നു, ഉള്ളു കൊണ്ട് ഇപ്പോഴും കുട്ടിയാണെന്നു ഉറപ്പു വരുത്താനെന്ന പോലെ…
സങ്കല്പലോകത്തിന്റെ ചന്തം ഏറ്റവും ആസ്വദിച്ചു കാണാൻ, “മൃഗങ്ങളുടെ ഗ്രാമം” തുറന്നു നോക്കി. ഭാവനയുടെ “കുട്ടിപ്പുര”യും അലസമായി പോവുന്ന, വിരസമായി നീങ്ങുന്ന ചില ജീവിതനേരങ്ങളിൽ ഉള്ളിലെ കുട്ടി പറയാറുണ്ട്, “മടുത്തു”
മടുപ്പ് എന്ന കഥയിലെ പെണ്കുട്ടി പറയുമ്പോലെ. സ്നേഹിയ്ക്കപ്പെടുകയെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന തിരിച്ചറിയുന്ന നേരം ഉള്ളിൽ “അനുഭൂതിയുടെ അശോകം പൂക്കാറുണ്ട്, ഇപ്പോഴും. തനിച്ചിരിപ്പിന്റെ അപൂർവനേരങ്ങളിൽ “പുഴക്കരയിലെ വീട്” പോലെ ഒരിടത്തേക്ക് ഉള്ളു കൊണ്ട് ചെന്നു കേറി. “ഇനിയും കഥ പറയ് അമ്മാ” എന്ന കുഞ്ഞുണ്ണിയുടെ കുറുമ്പിലേക്ക്, അപ്പമരവും പൂവാലൻ അണ്ണാനും ഉണ്ടനും ഉണ്ടിയും ഒക്കെ ഇറങ്ങി വന്നു. അവനുറങ്ങും വരെ അവരടുത്തിരുന്നു.
പറയാൻ ഇനിയും എത്ര കഥകളും കഥാനേരങ്ങളും…
അല്ലെങ്കിലും കഥമുത്തശ്ശിയെ കുറിച്ചൊക്കെ പറഞ്ഞു തീർക്കുന്നതെങ്ങനെ…
…
മനോഹരം