കഥ
ആതിര തൂക്കാവ്
ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും…. അയ്യാളാകെ ഉന്മാദാവസ്ഥയിൽ എന്തൊക്കെയോ ശബ്‌ദിച്ചുകൊണ്ടേയിരിക്കുന്നു.
“വരൂ…. കുട്ടികളെ, നിങ്ങളുടെ മേംസാബല്ലേ ഞാൻ… ” എന്ന ആശ്ചര്യപൂർവ്വമായ ചോദ്യത്തിൽ ഓരോ നായ്ക്കളെയും വാരി പുണർന്ന്, കേടുപല്ലുകൾ കാണിച്ചു ചിരിക്കുന്നൊരു മനുഷ്യൻ.
“എത്ര രാത്രികളിൽ ആ വിചിത്ര രൂപമോർത്തു ഞാൻ ഞെട്ടിയെഴുന്നേറ്റിരിക്കുന്നു സാഗർ.. ” അതെ, ‘സാഗർ ‘… “ഞാൻ പകർത്തപ്പെടുമ്പോഴൊക്കെ തീർന്നു പോകുന്ന മഷി. ഞാൻ പച്ചിലച്ചാറുപോലെ എഴുതപ്പെടുമ്പോൾ വേനലാകുന്നവൻ “.
മാധുരിയ്ക്കു സാഗറെന്നാൽ അവളുടെ സ്വന്തം സാഗരമാണ്. റോബോട്ടുകളെ പോലെ ഓടി പാഞ്ഞു ജീവിയ്ക്കുന്ന മനുഷ്യരുടെ നഗരത്തിനുള്ളിൽ പരസ്പരം കണ്ടുമുട്ടിയ രണ്ട് ജീവ ബിന്ദുക്കൾ. സാഗറൊരു പഴയ സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകനാണ്. യാഥാസ്ഥികൻ എങ്കിലും ഏറെക്കുറെ സൗമ്യനും ലളിത ജീവിതം ഇഷ്ട്ടപെടുന്നവനുമാണ്.
ഇരുവശവും അംബരചുംബികളെന്ന് തോന്നിപ്പിക്കുന്ന ഭീമൻ കെട്ടിടങ്ങളും, വഴിയോര- കച്ചവടക്കാരും, അഴുക്കുചാലും, ഒറ്റവരിപാതയും, അതിനുള്ളിലെ ട്രാഫിക്ജാമും ആയി വിശ്രമമില്ലാത്ത നഗരത്തിന്റെ ഏതോ കോണിൽ നിന്നും മാധുവിനു സാഗറിനെ ലഭിച്ചു.
‘മാധു’… സാഗറിന്റെ സ്വന്തമെങ്കിലും സാഗരം പോലെ നിയന്ത്രണ വിധേയമായിട്ടൊഴുകുന്നൊരു മധുര വീഞ്ഞ്, അതാണ് മാധുരി. മുംബൈ നഗരത്തിന്റെ പെയിന്റ് നഷ്ട്ടപെട്ടു പൂപ്പൽ കയറിയ കെട്ടിട സമുച്ചയത്തിലെവിടെയോ നൃത്തമെന്ന സ്വപ്‌നവുമായി ചേക്കേറിയവളാണ് മാധുരി. ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപേക്ഷിച്ച് നൃത്തത്തിലേക്ക് ചുവടുറപ്പിച്ച മാധുവിനെ വീട്ടുകാർ ശാപ വാക്കുകളോടെ കയ്യൊഴിഞ്ഞപ്പോൾ അവളുടെ മനസിലെ ചോദ്യചിഹ്നങ്ങളെ മുഴുവൻ ഉത്തരങ്ങളാക്കി മാറ്റിയ ഇന്ദ്രജാലക്കാരനാണ് സാഗർ.
മാധു എന്നും പറയാറുണ്ട് ; “ന്റെ സാഗർ… നിന്നിലാകെ കടലാസു മണക്കുന്നു, നിന്റെ ഉടലാഴങ്ങൾ പുസ്തകങ്ങൾ ആണ്…
നിന്റെ ഗന്ധം ലഹരി പിടിപ്പിക്കുന്ന കടലാസ് മണമാണ്. ”
” നീയെന്തിനാണ് മാധു… ആ വൃദ്ധനെയിങ്ങനെ ഭയക്കുന്നത് ? അയ്യാളൊരു സാധുവാണ്, തെരുവ് നായ്ക്കളുടെ അച്ഛനെന്ന പോലെ ജീവിക്കുന്നൊരു പാവം… ”
നിലാവിന്റെയാ പാതിയാമത്തിൽ പകുതിയുറക്കച്ചടവോടെ സാഗറിലേക്ക് ആഴത്തിൽ ചേർന്നൊട്ടുന്ന മാധു പറയും…,
“നിക്ക് പേടിയാണ്…., ആ മനുഷ്യൻ ഒരിക്കൽ, എനിക്ക് നേർക്കും റൊട്ടികൾ നീട്ടി, ഇന്ന് വരെ ഒരൊറ്റ മനുഷ്യർക്ക് നേരെയും നീട്ടാത്ത വികൃതമായ കൈകൾ എനിക്ക് നേർക്ക്??….. ! ഭയമാണ്… ഉപദ്രവിച്ചാലോ?
അടക്കി പിടിച്ച ചിരിയോടെ അയ്യാൾ അവൾക്ക് മറുപടി കൊടുക്കും “ഞാനും നീയും ആ ഭ്രാന്തൻ വഴിപോക്കനും എല്ലാവരും ഓരോ പുഴുക്കളാണ്. കിട്ടിയ അന്നത്തെ പങ്കുവയ്ക്കുന്ന കാരുണ്യവാനായ വലിയ പുഴുവാണ് ആ വൃദ്ധൻ, ചുറ്റുമുള്ള നാം ഓരോരുത്തരെക്കാളും ബോധമുള്ള മനുഷ്യൻ ”
കടും പച്ചയും നീലയും പടർന്നലസമായ് ചിത്രീകരിക്കപ്പെട്ട ചില അപൂർണ്ണമായ ചിത്രങ്ങളാൽ നിറഞ്ഞ ചുവരുകളിൽ മേഘങ്ങൾ പോലെ ഈർന്നു നിൽക്കുന്ന ഈർപ്പവും, പച്ചക്കുപ്പികളിൽ വളർന്നുപിടിച്ച് ജനലിലൂടെ ആകാശത്തേയ്ക്ക് എത്തി നോക്കുന്ന മണി പ്ലാന്റുകളും അലങ്കോലത്തിൽ പോലും ഭംഗിയായി കിടന്നിരുന്ന പുസ്തകങ്ങളും പൊട്ടിയ ചൈനീസ് കോപ്പകളും, ഒരു മൂലയ്ക്കൽ മാറാല മൂടിയിട്ടും വളരെ തലയെടുപ്പോടെയിരിക്കുന്നൊരു ഗ്രാമഫോണുമൊക്കെയായി ആ രാത്രിയിലും അവരുടെയാ കൊച്ചുലോകം എത്ര മനോഹരമായിരിക്കുന്നു.
” ഞാനും അയ്യാളെ പോലൊരു ഭ്രാന്തനല്ലേ…..?
സാഗറിന്റെയാ ചോദ്യത്തിൽ കണ്ണുകൾ നിറയ്ക്കുന്ന മാധുരി അയ്യാളുടെ ഹൃദയത്തോടു ചേർന്നു കിടന്നു പറയും,
” എന്നും ഭൂമി തുടിയ്ക്കുന്ന ലയത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ കേൾവിയിലാകെ നിന്റെ ഹൃദയത്താളങ്ങൾ… ”
അത്രമേൽ വാത്സല്യത്തോടെ അയ്യാൾ മറുപടി നൽകും
“മിത ഭാഷണങ്ങൾ പോലും കടമെടുത്ത് കടമെടുത്ത് നിന്റെ തൊണ്ട വരണ്ടു പോകും പെണ്ണെ… നീയത്രമേൽ പുണ്യമാകുന്നു .. ”
മുഷിഞ്ഞ കോട്ടൻ ജുബ്ബയും, വിയർപ്പോട്ടിയ രുദ്രാക്ഷവും, സിഗററ്റു പുകയും മണവും, കറുത്ത ചുണ്ടുകളുമൊക്കെ ആയി പ്രത്യേക രൂപമുള്ള സാഗറിനെയാ തെരുവിലെ ഓരോ മനുഷ്യരും ഓർത്തിരുന്നു. അതിനേക്കാൾ നൂറിരട്ടിയിൽ വിരൂപത പോലും സുന്ദരമായി കൈവരിക്കുന്നയാ മനുഷ്യനെ അവളും ഓർത്തിരുന്നു.
പുലരുവാൻ അടുക്കുംതോറും പതിവുപോലെ ഉറക്കത്തിലാഴ്ന്ന ഓരോ കെട്ടിടത്തിന്റെയും ആളൊഴിഞ്ഞ ചുവരുകളുടെ പ്രതിധ്വനിയെന്ന പോൽ അന്നും കേട്ടു ” ചുപ്‌കേ… ചുപ്‌കേ.. രാത് ദിൻ…. ” ഉറക്കമില്ലാത്ത ഭ്രാന്തന്റെ ഗസൽ മഴ… വിരുന്നുകാരായി കുറെ നായ്ക്കളും.
രാവിലെ ഏഴര മണിയോടെ ആ മുഷിഞ്ഞ ചുവരുകളോട് യാത്ര പറഞ്ഞ് സാഗർ ഇറങ്ങും, അഴുക്കു പിടിച്ച തോൾസഞ്ചിയും പുസ്തകങ്ങളും പേറി സ്ഥിരമുള്ള ചുമയും വിരലുകൾക്കിടയിൽ ഇറുകിയിരിക്കുന്ന സിഗററ്റും പുകയുമായി കൂനുപിടിച്ചയാ നടത്തം അവളങ്ങനെ നോക്കി നിൽക്കും. അയ്യാളിന്നും മരുന്നുകൾ മറന്നാണ് ഇറങ്ങിയിരിക്കുന്നത്… വേദനകളിൽ മുറുക്കി പിടിക്കാൻ അവളുടെ കൈകൾ പോലുമില്ലാതെ അയ്യാൾ പിടിച്ചു നിൽക്കും… നീണ്ട വർഷത്തെ പുകവലി കൊടുത്ത വേദനിപ്പിക്കുന്ന സമ്മാനവും കരളിൽ പേറിയാണ് ആ മനുഷ്യൻ ജീവിക്കുന്നത്. ഇറങ്ങുംനേരം മിക്കവാറും അവൾ അയാളോട് പറയും…
” നീ ഊർവ്വരതയാണ്… എന്നെ പോലെ ഏറെ ചെടികളുടെ അമ്മയാണ്, വാടി വീഴുന്നുടത്തു പോലും നീ പുഞ്ചിരിക്കുന്നത് ശേഷിപ്പാകുന്ന നിന്റെ അംശങ്ങളെ ഓർത്തിട്ടാകാം…. എനിക്കറിയാം… ”
ഒരു ചെറുപുഞ്ചിരിയോടെ തിരുനെറ്റിയിലൊരു ചുംബനം സമ്മാനിച്ച ശേഷം അയ്യാൾ നടന്നകലും… സാഗറിന്റെ യാത്രയിറക്കത്തിന് ശേഷം അയ്യാൾ ദൂരേയ്ക്ക് അകലുന്നത് നോക്കി നിൽക്കുന്ന മാധുരിയുടെ മനസുച്ഛരിക്കും……..
“നീ സ്നേഹമാണ്… സ്നേഹമാകുന്ന ഈ പ്രപഞ്ചോൽപ്പത്തിയ്ക്കല്ലാതെ മറ്റെന്തിനാകുന്നു ഓരോ പ്രാണനെയും പിടിച്ചു നിർത്താൻ? പ്രണയം പോലും സ്നേഹത്തിന്റെ കടമെടുപ്പല്ലേ..! ലോകമാകെ കടം കൊള്ളുന്നവരാണ്, രോഗിയ്ക്ക് മരുന്നെന്ന പോലെ.., നീയും എവിടെയൊക്കെയൊ കടം പകർത്തപ്പെടുന്നവനാണ്……. പകർത്തപ്പെടേണ്ടുന്നവനുമാണ്.
അങ്ങനെ ആഴ്ച്ചകൾക്കും മാസങ്ങൾക്കും മുൻപേ പുറപ്പെട്ടു പോയ സാഗറിന്റെ പൂർത്തിയാവാത്ത ചുമർച്ചിത്രങ്ങൾ നോക്കി വിതുമ്പി കരയുന്ന മാധു നിശബ്ദമായി അവനോടെന്നപോലെ ആത്മാവിനോട് പറയും ;
” എന്റെ മുഷിഞ്ഞ കുപ്പായത്തിൽ നിന്നെ തേടി പോയതിന്റെ ആഴമുണ്ട്, നീ പോകാറുള്ള ഉത്സവപറമ്പുകളിലും, കടൽത്തീരത്തും, ധാബകളിലും സിനിമാ തീയ്യറ്ററുകളിലും ഞാൻ തിരഞ്ഞു തേടിയിരുന്നു… എനിക്കിഷ്ടമില്ലാഞ്ഞിട്ടും സ്ഥിരമായി എന്നെ നീ വരച്ചിടുന്ന പുസ്തകശാലകളിൽ വരെ പോയി…..
സാഗർ….. എനിക്ക് പുസ്തകം മണക്കുന്നു., ഞാനാ ഭ്രാന്തനെ വാത്സല്യത്തോടെ സ്നേഹാദരവോടെ കാണുന്നു… നീ മാത്രമെന്താണിങ്ങനെ മറഞ്ഞിരിക്കുന്നത്?
നാളെയും വൃദ്ധൻ നായ്ക്കളുമായി റൊട്ടിയെറിഞ്ഞ് ചിരിയ്ക്കും, വിള്ളൽ വീണ കെട്ടിടങ്ങൾക്കിടയിലെ പൂപ്പലുകളിലൂടെ മഴ വന്നീ.. തെരുവിനെ ആലിംഗനം ചെയ്യും.., വൃദ്ധനെ സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണരും, ആ വൃദ്ധ ഭ്രാന്തന്റെ ഗസൽ ചുവരരിച്ചെത്തും, ചിതറികിടക്കുന്ന നിന്റെ പുസ്തകങ്ങളോട് കുശലം പറയാൻ കാറ്റെത്തും.
നൃത്ത വിദ്യാലയമുപേക്ഷിച്ച് നിന്നെ തിരഞ്ഞു ഞാനീ.. തെരുവ് തീണ്ടി കഴിഞ്ഞിരിക്കുന്നു… നമ്മുടെ മുറിയുടെ താഴത്തെ അഴുക്കുചാലിൽ എന്നത്തേയും പോലെ ദുർഗന്ധം വമിപ്പിച്ചു നീയുറങ്ങുന്നതറിയാതെ…
…