സഹജാ…

0
348
sahajaa-nisha-narayanan-athmaonline

കവിത

നിഷ നാരായണൻ

ആ പ്ളാശുമരത്തിന്റെ
ഇലകള്‍ക്കിടയിലൂടെ
നിന്നെ നോക്കുമ്പോള്‍,
നീ നിലാവ് കോരിക്കോരി
ചെടിച്ചോട്ടിലിടും.

നിലാവു പറ്റിയ കൈ
ഉടുപ്പില് തുടച്ച്
നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍,
നിലാവലേ,..
നീയതു തന്നെ; നിലാവല.
..ഓ നിലാവലേ,
നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.

കറുകറുത്ത രസം
പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍
കണ്‍പൂട്ടി, മരനായ് കണക്കെ
പിരണ്ടു പനകയറി
പനങ്കുലയൊന്നു പൊട്ടിച്ച്
വായിലിടും.

ഹോയ്, പനമരമേ,
ഊക്കന്‍ പനമരമേ
അതെ, നീയതു തന്നെ,
ആ പനമരം.
നീ, കാട്ടാറില്‍ മുഖം കഴുകും.

ഒഴുകിയൊരു ആറായി
കുറച്ചങ്ങെത്തുമ്പോള്‍
മതിയെന്നു സ്വയം പറഞ്ഞ്
കാട്ടിലകള്‍ വീണുവീണ്
കട്ടിവച്ച നിലത്തൂടെ
പച്ചക്കുതിരയായി തുള്ളി നടക്കും.
പച്ചത്തുള്ളാ! ഹോഹൊഹോ
നീയതാണ്.
പച്ചിച്ച പച്ചത്തുള്ളന്‍.

മണ്‍ചിലന്തി, ചീവിട്, മണ്ണിര
ഒച്ച്, അരണ, പാമ്പും മ്ളാവും,
ഇലകളില്‍ ഉമ്മ കുടയുന്ന മാനം,
ആഹാ.. ചോന്ന ആകാശമുല്ലകള്‍,
കരിങ്കദളികള്‍, തൊട്ടാവാടികള്‍
നൂറ് പേരറിയാപ്പൂക്കള്‍..
കാട്ടുവള്ളികള്‍..
പൊന്നേ, നീയും..
നീ അകംപുറം മറിയുന്നു,
മണ്ണിലമരുന്നു,
കുതിരചാടി ദിക്ക് തൊടുന്നു.
ഒച്ചയേറ്റി
‘മാനേ മരുതേ’
എന്നുറക്കെ വിളിക്കുന്നു.
കാല്‍ച്ചവിട്ടാല്‍
ഒരെറുമ്പിനേപ്പോലും
അമര്‍ത്താതെ
സ്നേഹാവേഗങ്ങളാല്‍
ഉമ്മ വെയ്ക്കുന്നു.

ഏറെയായി
നിന്നെ വായിക്കുകയായിരുന്നു.

ഇപ്പോള്‍,
ആ പ്ളാശുമരത്തിന്റെ
ഇലകള്‍ക്കിടയിലൂടെ,
നിന്നെ നോക്കുമ്പോള്‍

സഹജാ..
ഞാന്‍ നിന്നെ തൊടുകയാണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here