ആയിഷ ബഷീർ
“ഡീ എന്റെ ബാക്ക് ഓക്കേയാണോ ”
ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ….
ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്.
സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ, നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വരെ നേരിടേണ്ട അസ്വസ്ഥതകൾ…
പ്രതീക്ഷിച്ചെത്തുന്ന അതിഥിയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാൻ മിക്ക സ്ത്രീകൾക്കും വൈമനസ്യം കാണും… ഭീതിപ്പെടുത്തുന്ന ഒന്നായി കാണുന്നവരും ചുരുക്കമല്ല.
മാസംതോറും വിരുന്നെത്തുന്ന ചുവപ്പിനെ വേദനയെ ഒരാഴ്ച മുന്നേയുള്ള നടുവേദനയും ശർദിലും തലകറക്കവുമായി സ്വീകരിക്കേണ്ടി വരുന്നവരുമുണ്ട്… അടിവയറ്റിൽ ചുവപ്പ് രാശി പടരുന്നതോട് കൂടെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലുമാവാത്തവർ..
അങ്ങനെ ചിലരുടെ കഥകളൊക്കെ പറയാൻ കാണും ആർത്തവത്തിന്.
തുടയിലൂടൊഴുകുന്ന പശപശപ്പിന്റെയും പച്ചച്ചോരയുടെ ദുർഗന്ധത്തിന്റെയും നടുവിൽ മൂത്രമൊഴിക്കാൻ പോലും മടിച്ചു നിൽക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇതിനിടയിൽ തുണികൾ വൃത്തിയാക്കേണ്ടതിന്റെയും പാഡുകൾ വാങ്ങിക്കുന്നതിന്റെയും ആശങ്കകൾക്കിടയിൽ പെട്ടുഴലുന്നവർ.
മണ്ണും ചാരവും ഇലയും പാളയും തുണിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്തു നിന്നും നാപ്കിൻ പാഡുകളിലേക്ക് മാറുമ്പോൾ ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമ്പത്തികാരക്ഷിതാവസ്ഥയെ കൂടെ നമുക്ക് നേരിടേണ്ടി വരികയാണ്.
“നിനക്ക് പാഡ് വാങ്ങാൻ ഇനി വീടിന്റെ ആധാരം പണയം വെക്കേണ്ടി വരുമല്ലോ”
എന്ന് ഉപ്പ പറഞ്ഞെന്ന് അനിയത്തി പെണ്ണൊരുത്തി ഇന്നലെ പരാതി പറഞ്ഞപ്പോഴാണ്’ *ആയിരം പാഡിന് അര കപ്പെന്ന* ‘സൂത്രവാക്യം’ അവളുടെ ചെവിയിലോതിക്കൊടുത്തത്. ഹെവി ഫ്ളോയുമായി രണ്ടാഴ്ചയോളം തലകറങ്ങി കിടക്കുന്നവൾക്ക് തീർച്ചയായും അതൊരാശ്വാസം തന്നെയായിരുന്നു.
34 രൂപ വിലയുള്ള രണ്ടും മൂന്നും പാക്കറ്റ്റ് പാഡുകൾ ഒരു പിരീഡിൽ ഉപയോഗിക്കേണ്ടി വരുന്നവർക്ക്, ഒരു തുള്ളി രക്തം വീണാൽ അബ്സോർബ് ചെയ്ത് മ്യൂക്കസ് ആൻഡ് ഫംഗസ് ആയി മാറുന്ന, അവരുടെ തന്നെ അറിവിൽ പറയുകയാണെങ്കിൽ അബ്‌സോർപ്ഷൻ ലെവൽ മാക്സിമം ആയിട്ടുള്ള ഈ പാഡുകൾ ഭാവിയിൽ തന്റെ ശരീരത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന പ്രാഥമിക അറിവ് പോലും നമ്മുടെ പെണ്കുഞ്ഞുങ്ങൾക്കില്ല…
മെൻസ്ട്രുല് ഹൈജീൻ ന്റെ അഭാവം നിമിത്തം സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ഗർഭാശയ രോഗങ്ങളെ കുറിച്ച് പോലും നമ്മുടെ സാക്ഷരകേരളത്തിലെ സ്ത്രീകൾ ഒരു പരിധി വരെ അജ്ഞരാണ്.
ഒരു പാഡ് മാക്സിമം പോയാൽ മൂന്നോ നാലോ മണിക്കൂറേ ഉപയോഗിക്കാൻ പാടുളളൂ എന്നറിയാമെങ്കിലും ജീവിതത്തിൽ പകർത്താൻ കേരളത്തിലെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വരെ മടിക്കാറുണ്ട്. കാരണം അറിയണോ?
ഒരു പാക്കറ്റ് whisper നു 34 രൂപ. ചിലർക്ക് 2 ഉം 3 ഉം പാക്കറ്റ് pad വേണം ഒരു പിരിയഡ്‌സിൽ ഉപയോഗിക്കാൻ. രണ്ടു പാക്കറ്റ് pad ഉപയോഗിക്കുമ്പോൾ നഷടപ്പെടുന്നത് 68 രൂപ. ഒരു പാക്കറ്റ് ഇൽ 8 pad. ഒരു pad കുറച്ചു ഉപയോഗിച്ചാൽ അത്രേം ക്യാഷ് ലഭിക്കാല്ലോ എന്നാണ് ഞാൻ അടക്കമുള്ള സ്ത്രീ സമൂഹം കരുതുന്നത്. അതുകൊണ്ട് ഉളള pad വെച്ച് 10 മണിക്കൂർ adjust ചെയ്യും. “ആരും കാണാനും പോകില്ല,ലീക്കും ആകില്ല’. ഒരു തുള്ളി ബ്ലഡ് വീണു കഴിഞ്ഞാൽ പിന്നെ ആ പഞ്ഞി വേഗത്തിൽ തന്നെ ഇൻഫെക്ഷൻ പടർത്തുന്ന ഒരു ഫംഗസ് ആയി മാറും
ഒരു പത്തു കൊല്ലം ആയി എന്നിരിക്കട്ടെ അങ്ങനെ ആണെങ്കിൽ ശരാശരി ഒരു 22 വയസ്സായ യുവതി കടന്നു പോയത് (10×12=120 cycles). ഒരു cycle 5 ദിവസമെങ്കിൽ ആ പെൺകുട്ടി ഇങ്ങനെ ഇൻഫെക്ഷൻ വളർത്തുന്നതിനായ് അറിയാതെ പ്രവർത്തിച്ച 600 ദിവസങ്ങൾ.
കേരളത്തിലെ ഒട്ടുമിക്ക പെൺകുട്ടികളുടെ അവസ്ഥ എന്ന് തോന്നുന്നു. ഇവിടെയാണ് മെൻസ്ട്രുവൽ കപ്പുകൾ പ്രാധാന്യമർഹിക്കുന്നത്. ടാംപൂണുകളെക്കാളും പാഡുകളേക്കാളും ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞ ഒന്നെന്ന നിലക്കും പത്തു വർഷം വരെ ഒരേ കപ്പ് തന്നെ ഉപയോഗിക്കാമെന്നിരിക്കെ 500 രൂപ പത്തു വർഷത്തേക്ക് മതിയെന്നത് കൊണ്ടും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. മനുഷ്യ ശരീരത്തിൽ ട്രാൻസ്പ്ലാന്റുകൾക്കു ഉപയോഗിക്കുന്ന മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ട് നിർമ്മിക്കുന്ന ചെറിയ കപ്പുകളാണിവ. വജൈനൽ കനാലിൽ വെക്കാൻ തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ടുകൾ തോന്നാമെങ്കിലും ഉപയോഗിച്ച് തുടങ്ങിയാലുണ്ടല്ലോ നിങ്ങൾ നിങ്ങളുടെ പിരീഡ്‌സിനെ അത്രയേറെ ഇഷ്ടപ്പെട്ടുപോവും.
ശരീരപ്രകൃതിയനുസരിച്ചും പ്രായമനുസരിച്ചും പുറത്തുപോകുന്ന രക്തത്തിന്റെ അളവനുസരിച്ചും പല തരത്തിലുള്ള കപ്പുകൾ ലഭ്യമാണ്. 10 വർഷം വരെ ഉപയോഗിക്കാവുന്ന കപ്പുകൾ ഓൺലൈൻ മാർക്കറ്റിൽ ഉണ്ട്. ഒരു കപ്പിന്റെ വില 250 മുതൽ 500 രൂപവരെയാണ്. ഒരു സാധാരണ പാഡിന്റെ വില 5 മുതൽ 8 രൂപ (ഒരു വർഷം 1260 രൂപ മുതൽ 2000 രൂപ വരേ). 500 രൂപ മുടക്കി ഒരു കപ്പ് ഉപയോഗിച്ചാൽ 10 വർഷത്തേക്ക് പാഡിനുവേണ്ടി ചെലവാക്കുന്ന 20000 രൂപയോളം ലാഭിക്കാം.
വൃത്തിയാക്കേണ്ട തലവേദനയില്ലാ, ലീക്കിനെ കുറിച്ച് ഒട്ടും ഭയപ്പെടേണ്ട,ഇനി ടോയ്‌ലെറ്റിൽ പോവുന്നതിനു മടിച്ചിരിക്കേണ്ടിയും വരില്ല.ചെയ്യേണ്ടി വരുന്നത് ഒരു കുഞ്ഞു കപ്പിൽ സൂക്ഷിച്ചു വെച്ച ബ്ലഡിനെ പുറത്തേക്കൊഴിച്ചു വൃത്തിയാക്കുക മാത്രം.
ഓരോ സൈക്കിളും ആരംഭിക്കുന്നതിന് മുൻപും ശേഷവും സോപ്പ് വെള്ളത്തിൽ തിളപ്പിച് അണുനശീകരണം നടത്തേണ്ടത് അനിവാര്യമാണ്.
ഏത് പ്രായത്തിലുള്ളവർക്കും, നിങ്ങളുടെ ഫ്ലോക്കനുസരിച്ചു സൈസ് സ്മാൾ, മീഡിയം, ബിഗ് സൈസിലുള്ളത് തിരഞ്ഞെടുക്കാം.
ആശങ്കയും പേടിയും കാരണം ഉപയോഗിക്കാൻ മടിച്ചു നിൽക്കുന്നവർ നിരവധിയാണ്. ഒരിക്കൽ മെൻസ്ട്രുവൽ കപ്പ് ഒരു സുഹൃത്തിനു suggest ചെയ്തപ്പോൾ പിന്നീടൊരിക്കൽ കണ്ടപ്പോൾ പറഞ്ഞത് ,ഇത്രേം നല്ലൊരു കാര്യം തിരിച്ചറിയാൻ നമ്മളെന്തു കൊണ്ട് വൈകിയെന്നാണ്.
നാം അതിജീവിച്ച പ്രളയം പോലുള്ള സന്ദർഭങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ വളരെ സഹായകരമാണ്. മാസം തോറും പാഡുകൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന, അതുകാരണം മറ്റ് സുരക്ഷിതമല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. വർഷം തോറും 1200 രൂപയോളം പാഡുകൾക്ക് ചെലവാകുന്നതിനേക്കാൾ 10 വർഷത്തിലൊരിക്കൽ 450 രൂപ ചിലവാക്കുന്നതിന്റെ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ മാലിന്യ സംസ്കരണത്തിന് മാറ്റിവെക്കുന്ന തുകയുടെ ഒരു ഭാഗം മെൻസ്ട്രുൾ കപ്പുകളുടെ വിതരണത്തിനും ആയതിന്റെ ഉപയോഗത്തിന്റെ ഗുണഫലങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും ഉപയോഗിച്ചാൽ വരുന്ന മാറ്റം വിപ്ലവകരമായിരിക്കും. നമുക്ക് ഓരോരുത്തർക്കും മാറാം.
പ്രിയപ്പെട്ട എന്റെ പുരുഷന്മാരെ നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന മകൾക്ക്, ഭാര്യക്ക്, പെങ്ങൾക്കക്, അമ്മക്ക്, സുഹൃത്തിന് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച, വിലപ്പെട്ട ഒരു സമ്മാനം തന്നെയായിരിക്കും മെൻസ്ട്രുവൽ കപ്പ്.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.