രമണി

0
516
manasi-pk-wp

കവിത

മാനസി പി.കെ

രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ.
ഇത്തവണ കൊള്ളി പെറുക്കാൻ പോയ
ശാന്തയാണ് രമണിയെ കണ്ടത്.
പനമരത്തിന്റെ താഴെ രമണിയും,
നരുന്ത് പോലൊരു ചെക്കനും.

ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ
കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന്
ശാന്ത കാർക്കിച്ചു തുപ്പി.
പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം
കിട്ടൂല ശാന്തേന്ന് രമണി ചിരിച്ചോണ്ട് പറഞ്ഞു.

ഉളുപ്പില്ലാത്തോളെ കഥകൾ പിന്നേം
നാട്ടിൽ പരന്നു.
പണയിൽ നിന്ന് നാട്ടുകാര് കണ്ട കഥയും,
റബ്ബർ തോട്ടത്തിന്ന് പുരുവൻ കണ്ട കഥയും
കുളത്തിന്റാട്ന്ന് പിള്ളേർ കണ്ട കഥയും
അതിന്റൊപ്പരം പിന്നേം പരന്നു.
നാട് വിട്ട് ഇവൾ കാട് കേറിയാന്ന്
നാട്ടുകാരടക്കം പറഞ്ഞു.

നാട്ടിലെ ചെക്കന്മാരുടെ കാമനകളിൽ
രമണിയും കാടും തെളിഞ്ഞു.
സ്വപ്നങ്ങളുടെ വേലിയേറ്റ,മിറക്കങ്ങളിൽ
രമണി തിരയായി നുരഞ്ഞ് പതഞ്ഞു.
ഒളിഞ്ഞൊന്ന് കാണാൻ അവർ
പൊന്തക്കാട്ടിൽ മറഞ്ഞു നിന്നു.
കൺമുന്നിൽ പെട്ടപ്പോൾ
എല്ലാര്ടേം തല കുനിഞ്ഞു.

ചെറ്ക്കന്മാരുടെ സൂക്കേട് കണ്ട
തന്തമാർ രമണീനെ
നടുറോട്ടിൽ വെച്ച് തെറി വിളിച്ചു.
തെറി വിളിക്കാൻ പോയ പലരും,
പിറ്റേന്ന് കാടിന്റെ ഒത്ത നടുവിൽ നിന്നും
ഉറക്കമെഴുന്നേറ്റ് കോട്ടുവാ ഇട്ടു.
കാട് കയറിയപ്പോയ പുരുവന്മാരെ കണ്ട്
നാട്ടിലെ പെണ്ണുങ്ങൾ നെഞ്ചത്തടിച്ച്
നെലവിളിച്ചു.

ചെക്കൻമാർ പെഴച്ച അമ്മച്ചിമാരും,
പുരുവന്മാർ പെഴച്ച പെണ്ണുങ്ങന്മാരും,
ആങ്ങളമാർ പെഴച്ച പെങ്ങന്മാരും,
രമണിയെ ഈ നാട്ടിൽ പെഴക്കാൻ
വിടില്ലെന്നാണയിട്ടു.

എല്ലാം കണ്ടും കേട്ടും
ചുണ്ടിലിത്തിരി ചിരിയും നിറച്ച്
കണ്ണിലൊത്തിരി നക്ഷത്രവും നിറച്ച്
കാട് പൂക്കും പോലെ
രമണി പിന്നേയും പിന്നേയും പൂത്തു.
പന പോലെ വളർന്ന് വളന്ന്
ആകാശം തൊട്ട് തിരികെ വന്ന്
പനങ്കുലകൾക്കിടയിലവൾ
ഇരിപ്പുറപ്പിച്ചു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here