എം സി സന്ദീപ്
1.
കാണേണ്ടിയിരുന്നില്ല
കാർമേഘമേ,
ഇങ്ങനെ
കരഞ്ഞ്
തീരാനായിരുന്നെങ്കിൽ.
2.
പൂക്കളും ഇലകളും
മിഴി കൂമ്പി.
മഴ വന്നാകെ
നനച്ച നാണത്താൽ.
3.
പെരുമഴയാൽ നനഞ്ഞു
കുതിർന്നൊരു
പൂച്ചക്കുഞ്ഞ്
മുരണ്ടും വിറച്ചും
അടുക്കളമൂലയിൽ
തല നനയാത്തൊരിടം തേടുന്നു.
4.
തല തിരിഞ്ഞ
പ്രണയമൂങ്ങകളുടെ
ഉം,ഉം മൂളലുകൾക്കു മേൽ
പെടുന്നനെയെത്തിയ
പാതിരാ മഴ
ശ്രുതി ചേർക്കുന്നു.
5.
അഴുക്കുകളെല്ലാം
ഒഴുക്കി കളയുന്നു
ഈ മഴപ്പെയ്ത്ത്.
അഴലുകളെല്ലാം
കഴുകി കളയുന്നു
കണ്ണീർപ്പെയ്ത്ത്.
6.
തൊട്ടാവാടിയെ ഉമ്മ വെച്ച്
മുറിഞ്ഞൊരു മഴത്തുള്ളി
ഭൂമിയിലൊരു ശവക്കുടീരം
പണിയുന്നു.
7.
കാറ്റ് വീഴ്ത്തി, മഴ നനച്ച
മാമ്പഴമെല്ലാം
വാരിയെടുത്ത്
പൂളിയതാണിന്നത്തെ
അത്താഴരുചി.
8.
മഴ മാപിനികൾക്ക്
അളക്കാനാവാത്ത
മഴയാണിപ്പോൾ
ഉള്ളിലിങ്ങനെ
ആർത്തലച്ച് പെയ്യുന്നത്.
9.
കടലാസ് വഞ്ചിയുണ്ടാക്കി
കഴിഞ്ഞിട്ടില്ലാത്തൊരു കുഞ്ഞ്
പെരയ്ക്കകത്തു നിന്നും
മഴ വെള്ളം കോരി കളയുന്ന
അമ്മയെയോർത്ത്
കരയുകയാണിപ്പോഴും.
10.
മഴ പെയ്തു
ഇലഞ്ഞിയും,
നനഞ്ഞ മണ്ണിൽ ചിതറുന്നു
ഒരു കുമ്പിൾ സ്വപ്നം.
…
<strong>ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.