കോവിഡ് കാലത്തിന്റെ തുടക്കം മുതൽ തന്നെ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് രക്ഷപ്പെടാൻ കലാപ്രവർത്തകർ പലവിധ ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയിരുന്നു. തുടക്കത്തിൽ തങ്ങളുടെ സാമൂഹ്യമാധ്യമ ഇടങ്ങളിൽ നടത്തിയിരുന്ന പ്രവർത്തനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ സംഘം ചേർന്നുള്ള പ്രവർത്തനങ്ങളും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈൻ ഇടങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു വരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ പ്രവർത്തനമാണ് വരമുഖി ലേഡി ആർട്ട് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ( 2020 ജൂൺ 28) നടന്ന ഓൺലൈൻ ചിത്രകലാക്യാമ്പ്.
കോഴിക്കോട് ആസ്ഥാനമായി കലാ പ്രവർത്തനങ്ങൾ നടത്തുന്ന ചിത്രകാരികളുടെ സ്വതന്ത്ര സംഘടനയാണ് വരമുഖി ലേഡി ആർട്ട് കമ്യൂൺ. 2020 ജനുവരി മുതൽ പ്രവർത്തിച്ചു വരുന്ന വരമുഖി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരുപതോളം ചിത്രകാരികളെ ഉൾക്കൊള്ളുന്നു. സർഗ്ഗശേഷിയെ ഒരു പകർച്ചവ്യാധി ഭീതിക്കും ഇല്ലാതാക്കാൻ സാധിക്കില്ല എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 16 ചിത്രകാരികൾ ക്യാമ്പിൽ പങ്കെടുത്തു. മജ്നി തിരുവങ്ങൂർ ഡയറക്ടർ ആയ ക്യാമ്പിൽ അമ്പിളി വിജയൻ, സ്മിത കാദംബരി, സുചിത്ര ഉല്ലാസ്, ലിസി ഉണ്ണി, സുചിത്ര ലിനീഷ്, അജ്ഞന രമേഷ്, ജോളി സുധൻ, നീമ, താര രാജഗോപാൽ, ഹർഷ പുതുശ്ശേരി, സ്വാതി ലക്ഷ്മി, രാധിക രഞ്ജിത്ത്, മരിയ എർമിന റോഡ്രിഗസ്, നിഷ, ഹരിത കാർത്തിക എന്നീ ചിത്രകാരികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
…