കവിത
ജസ്റ്റിൻ പി ജയിംസ്
കസേരകൾ
കാതലുള്ള കഥകളുടെ
കന്മദ ശേഷിപ്പുകളാണ്!
കിനാക്കൾ കാടുകയറും കാലം.
പാതിരാക്കും
പാതിവെളുപ്പിനും
മുറിവിട്ടിറങ്ങും.
മൂത്രമൊഴിക്കാൻ.
ഇരുട്ടിന്റെ കുട്ടിത്തത്തെ
തെല്ലും തല്ലാതെ.
രാത്രിക്ക് എന്നും ബാല്യമാണ്!
നിലാവില്ലാത്ത
പല രാത്രികളിലും
പടിഞ്ഞാറേ വാരത്തിൽ
ഇരുണ്ടൊരു
ചന്ദ്രപ്രഭ കാണാം.
കയറുപൊട്ടിയ
ജിജ്ഞാസയിൽ
ഒരിക്കൽ
കയറിച്ചെന്നു.
ചിണുങ്ങി ചിരിക്കുന്ന
ചിതലെടുത്തൊരു
മരക്കസേര.
കാലൊന്നില്ലെങ്കിലും
തണ്ടെല്ലിന് നല്ല ബലം.
ഒപ്പം
ചുമരിന്റെ കരുണയും.
അവിടിരുന്നുറങ്ങി.
തെരുവ് തെണ്ടിയ
വെയിൽച്ചീളുകൾ.
പൊള്ളിപ്പടർന്ന പിഞ്ചുകാൽ.
നെല്ല് കുത്തിക്കോരിയ
യൗവ്വനം.
കപ്പയും കാന്താരിയും
പരിഹരിച്ച പട്ടിണിസമരങ്ങൾ.
മക്കളാറെണ്ണത്തിന്റെ
പ്രാരാബ്ധം.
‘പറമ്പിലെ പുല്ലു വെട്ടിക്കോട്ടെ..’ന്ന്
മകന്റെ കൈപിടിച്ചു
ജന്മിയുടെ ഗേറ്റ് കടന്ന
ധിക്കാരം.
മോട്ടിച്ച തേങ്ങയുടെ കനം.
കുടികിടപ്പ് കൂട്ടത്തല്ല്.
സ്വന്തമാക്കിയ
കസേര.
ഇരുന്നുണ്ട അത്താഴങ്ങൾ.
ഉയർച്ച.
ജീവിതം നൊട്ടിനുണഞ്ഞ
നാളുകൾ.
കാലം തെറ്റിയ കാറ്റിൽ
ഓർമ്മകൾ കടപുഴകിയപ്പോൾ
ചാഞ്ഞുവീണ ശരീരം.
മലത്തിൽ കിടന്ന..
മരണം പോലും
ഓക്കാനിച്ചകന്ന…
കഥകൾ
കണ്ണുനീർ കൈവഴിയിൽ
കന്മദപ്പൊരുൾ തേടിയൊഴുകി.
കസേരയിൽ
കുന്തിച്ചിരുന്ന്
മുഖം
കാൽമുട്ടുകൾക്കിടയിൽ
തിരുകി
ചാച്ചൻ വിതുമ്മി.
മുഖമുയർത്തി.
എന്നെ വിളിച്ചു മടിയിലിരുത്തി.
ഇന്നേവരെ ഞാൻ
കണ്ടിട്ടില്ലാത്ത
എന്റെ വല്യമ്മച്ചി
‘ചാച്ചന്റെ മൊഖാ ന്റെ കുട്ടന്..’ന്ന്
തലോടി.
കൊന്ത മുത്തി.
ഞാനന്നുറങ്ങി.
മരിച്ചുറങ്ങി.
അധികരിച്ച ജീവനോടെ..
കസേരകൾ
കാതലുള്ള കഥകളുടെ
കന്മദ ശേഷിപ്പുകളാണ്!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.