മുഹമ്മദ് സ്വാലിഹ്
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ദിരിലിസ് എര്‍ത്തുറൂല്‍ എന്ന തുര്‍ക്കിഷ് സീരീസ് അറിയപ്പെടുന്നത് തുര്‍ക്കിയുടെ ഗെയിം ഓഫ് ത്രോണ്‍സ് എന്നാണ്. തുര്‍ക്കിയിലാണ് ഇറങ്ങിയതെങ്കിലും ഒട്ടനവധി ലോകരാജ്യങ്ങളില്‍ ഈ സീരീസ് സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലും സീരീസിന് പ്രേക്ഷകര്‍ ഏറെയാണ്. അങ്ങനെ, പ്രേക്ഷകരുടെ വലിയ ആവശ്യം മാനിച്ചാണ് എംസോണിലെ പരിഭാഷകരുടെ ഒരു ടീം ഇപ്പോള്‍ എര്‍ത്തുറൂല്‍ മലയാളം സബ്ടൈറ്റില്‍ ചെയ്യാനാരംഭിച്ചത്.
ഇസ്താംബൂളിലെ ഒരു ഗ്രാമത്തില്‍ ചിത്രീകരിച്ച ദിരിലിസ് എര്‍ത്തുറൂല്‍ 2014 ല്‍ തുര്‍ക്കിയിലെ ടി.ആര്‍.ടി വണ്‍ എന്ന ചാനലിലൂടെയാണ് ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള നൂറ്റിഅമ്പത് എപ്പിസോഡുകളായിട്ടാണ് ടി.ആര്‍.ടി വണ്‍ സീരീസ് സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തത് 45 മിനിറ്റോളം ദൈര്‍ഘ്യമുള്ള 448 എപ്പിസോഡുകളായിട്ടാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്‍ ഒന്നാമന്റെ പിതാവാണ് സീരീസിലെ നായകകഥാപാത്രമായ എര്‍ത്തുറൂല്‍. മെഹമത്ത് ബോസ്ദാഗ് ആണ് സീരീസിന്റെ നിര്‍മാതാവ്. എങ്കിന്‍ അല്‍താന്‍ ദുസൈത്താന്‍ ആണ് എര്‍ത്തുറൂലിനെ അവതരിപ്പിച്ചിരിക്കുന്നത്. തുര്‍ക്കിഷ് ഗോത്രസംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ വീണ്ടെടുപ്പ് കൂടിയായി മാറുന്നുണ്ട് ഈ ബ്രഹ്മാണ്ഡ സൃഷ്ടി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ എര്‍ത്തുറൂല്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ മിഡില്‍ ഈസ്റ്റിനുമേല്‍ പരമാധികാരം സ്ഥാപിക്കാന്‍ ഉര്‍ദുഗാന്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ വാദമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2012 ല്‍ ആരംഭിച്ച് ലോകസിനിമയിലേക്കുള്ള മലയാളിയുടെ വാതിലായി മാറിയ എംസോണാണ് ദിരിലിസ് എര്‍ത്തുറൂലിന്റെയും മലയാളം സബ്ടൈറ്റില്‍ നിര്‍മാണത്തിനുപിന്നില്‍. 1600 ഓളം സിനിമകള്‍ക്കും സീരീസുകള്‍ക്കും മലയാളം സബ്ടൈറ്റില്‍ ഒരുക്കിയിട്ടുള്ള എംസോണ്‍ യാതൊരു പ്രതിഫലേച്ഛയും കൂടാതെ മലയാളികള്‍ക്കുമുന്നില്‍ അന്താരാഷ്ട്രസിനിമകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഫഹദ് അബ്ദുല്‍ മജീദ്, ശിഹാബ് എ ഹസ്സന്‍, ശ്രീധര്‍ എന്നീ എംസോണ്‍ പരിഭാഷകള്‍ ഇതിനോടകം നൂറിലധികം സിനിമകള്‍ക്ക് പരിഭാഷ നിര്‍വഹിച്ചു കഴിഞ്ഞു.
പ്രമുഖ എംസോണ്‍ പരിഭാഷകന്‍ ശിഹാസ് പരുത്തിവിളയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഒരു ടീം ആണ് അതീവദൈര്‍ഘ്യമുള്ള (300 മണിക്കൂര്‍) ഈ സീരീസിന് സബ്ടൈറ്റിലൊരുക്കുന്നത്. റിയാസ് പുളിക്കല്‍ ഉള്‍പ്പെടെയുള്ള പരിഭാഷകര്‍ ടീമിന്റെ ഭാഗമാണ്. ഇരുപത് എപ്പിസോഡുകള്‍ വീതമുള്ള ഭാഗങ്ങളായാണ് സബ്ടൈറ്റില്‍ പുറത്തിറക്കാനുദ്ദേശിക്കുന്നത്. ആദ്യ ഭാഗം ഉടന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
മൂര്‍ച്ചയേറിയതും കാവ്യാത്മകവുമായ സംഭാഷണശൈലി പരിഭാഷകരുടെ ജോലിയെ കഠിനമാക്കുന്നുണ്ട്. പല ഭാഗങ്ങളും പൂര്‍ത്തീകരിക്കുന്നത് തുര്‍ക്കിഷ് ഭാഷാ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ്.
വലിയ പ്രതീക്ഷയോടെയാണ് ദിരിലിസ് എര്‍ത്തുറൂല്‍ മലയാളം സബ്ടൈറ്റിലിനെ കാത്തിരിക്കുന്നത്. ആ പ്രതീക്ഷ നിറവേറ്റാന്‍ പരിഭാഷകരും സര്‍വാത്മനാ സജ്ജരാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.