കവിത
വിമീഷ് മണിയൂർ
കഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.
അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.
എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ ഭാര്യ ചായ, ചോറ്, ചൂട് വെള്ളം, അവില് കുഴച്ചത് എന്നിങ്ങനെ സമയാസമയം മുന്നിൽ കൊണ്ടു വെച്ചു.
അന്ന് ഉറക്കം വരാതെ കിടന്ന സമയത്ത് ടി.വിയിൽ നിന്ന് ‘തീർന്ന് പോയവർ ‘ എന്ന് ഉയർന്നു കേട്ടതും ഓടിച്ചെന്ന് നോക്കിയതും അത് ടെലിസെൽ പരസ്യമാണെന്ന് കണ്ട് ഞാൻ വീണ്ടും പുതിയ രൂപകങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
പണ്ട് കണ്ടത്തിൽ തൂറാനിരുന്നപ്പോൾ വാഴയുടെ മറവ് പിടിച്ച് ഒരു രൂപകം താമസിക്കുന്നത് കണ്ടിരുന്നു. അടുത്ത ദിവസം കയറ് പൊട്ടിച്ച പശുവാണ് ആ രൂപകത്തെ തിന്നുകളഞ്ഞത്.
റോഡിൽ വല്ലപ്പോഴുമെങ്കിലും മനുഷ്യരെപ്പോലെ രൂപകങ്ങൾ നടന്നു പോയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നത് അങ്ങനെയാണ്.
ഇന്നലെ ടൗണിൽ പോയി, ബാങ്കിൽ നിന്നിറങ്ങിയതും ഒരു രൂപകം റോഡോട് ചേർന്ന് വീണു കിടക്കുന്നു. ഒരു സ്കൂട്ടറിന്റെ തുമ്പത്ത് നിന്ന് വീണ് പോയതായിരുന്നു അത്. എന്നേക്കാൾ വേഗത്തിൽ വന്ന ഒരൗൺസ്മെൻറ് ആ രൂപകത്തെ ചവിട്ടിയരച്ചു.
ഫ്ലിപ്കാർട്ടിൽ നിന്ന് കുറഞ്ഞ വിലക്ക് രൂപകങ്ങൾ കിട്ടുമെന്ന് നെറ്റിൽ കണ്ടു. യൂട്യൂബിൽ നിന്ന് ഉപയോഗിച്ചു കഴിഞ്ഞ ചില രൂപകങ്ങൾ ഫ്രീഡൗൺലോഡ് ചെയ്യാനുള്ള വഴിയുണ്ട്.
എനിക്ക് എഴുതാനുള്ളത് വണ്ടി കേറി സ്പ്രിങ് പോലെ പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു പൂച്ചയെക്കുറിച്ചാണ്.
മുമ്പ് ഒരത്യാവശ്യത്തിന് മൂത്തമ്മയുടെ അയൽക്കാരിക്ക് ചില്ലറ ഇല്ലാത്തപ്പോൾ കൊടുത്ത രൂപകമെങ്കിലും കിട്ടിയിരുന്നെങ്കിൽ നന്നായി തീർക്കാമായിരുന്നു.
തൂർത്ത് കളഞ്ഞ കുളത്തിന്റെ അടുത്ത് നിന്നും കുറ്റിക്കാട്ടിൽ നിന്നും പണ്ടൊക്കെ ധാരാളമായ് കിട്ടിയിരുന്നു. അന്ന് പലരും വെറുതെ കിട്ടിയാലും എടുക്കാറില്ലായിരുന്നു.
ഇനി കുറച്ച് ഇംഗ്ലീഷ് സിനിമകളും ഹിന്ദി സീരിയലുകളും കണ്ടു നോക്കണം. അങ്ങനെയെങ്കിൽ വീട്ടിലിരുന്നു തന്നെ അന്നന്നത്തെ പയറ്റിനുള്ളവ സംഘടിപ്പിക്കാം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.