കവിത
നവീൻ എസ്
അച്ഛന്റെ പ്രശ്നങ്ങൾ ഇന്റർനാഷണലാണ്.
അമ്മയുടേതാകട്ടെ
കട്ട ലോക്കലും.
ആഗോള താപനത്തിന്റെ തോതിൽ
അച്ഛൻ ഉത്കണ്ഠാകുലനാകുമ്പോൾ,
സ്കൂൾ വിട്ട് വന്ന മകന്റെ പനിച്ചൂട്
അമ്മയെ പരിഭ്രമിപ്പിക്കുന്നു.
സ്ത്രീവിരുദ്ധ ചെയ്തികൾക്കെതിരെ അച്ഛൻ വാചാലനാകുമ്പോൾ,
മകൾക്ക് നേരെ നീളുന്ന കണ്ണുകൾ
അമ്മയെ ഭയപ്പെടുത്തുന്നു.
രാജ്യാന്തര അതിർത്തിത്തർക്കങ്ങൾ അച്ഛനെ അലോസരപ്പെടുത്തുമ്പോൾ,
മകനും മകൾക്കുമിടയിലെ വഴക്ക്
അമ്മയെ വിഷമത്തിലാക്കുന്നു.
പ്രകൃതി വിഭവശോഷണത്തെ പറ്റി
അച്ഛൻ ചിന്താകുലനാകുമ്പോൾ,
അടുക്കളയിലെ ഇല്ലായ്മകളെ പറ്റി
അമ്മ പരാതിപ്പെടുന്നു.
ദേശീയതയുടെ പേരിലെ കരി നിയമങ്ങൾ
അച്ഛനെ വേവലാതിപ്പെടുത്തുമ്പോൾ,
വീട്ടിൽ നിറയുന്ന പാറ്റകളെ പറ്റി
അമ്മ ആവലാതി പറയുന്നു.
അച്ഛന്റെ പ്രശ്നങ്ങൾ ദിനംപ്രതി പുതിയതാണ്.
അമ്മയുടേതോ കാലപ്പഴക്കമേറിയവയും.
അച്ഛന്റെ പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങില്ല.
അമ്മയുടേതാകട്ടെ വിരലുകളാലെണ്ണിയെടുക്കാം.
അയഥാർത്ഥ ലോകത്തിരുന്ന്
അച്ഛൻ തന്റെ ഇന്റർനാഷണൽ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ,
യഥാർത്ഥ ലോകത്തിരുന്ന്
അമ്മ തന്റെ കട്ട-ലോക്കൽ
പ്രശ്നങ്ങൾ പരിഹരിക്കുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.