നിനക്കെഴുത്തുകൾ

0
337
arathy-sb

കവിത

ആരതി എസ്.ബി

ഞാൻ നിനക്കെഴുതാറുണ്ട്…
നീ ദൂരെയായതുകൊണ്ടല്ല
അടുത്തായതുകൊണ്ടുമല്ല
വെറുതെ ഞാൻ നിനക്കെഴുതാറുണ്ട്
നിനക്കൊരിക്കലും വായിക്കാൻ തരാത്ത
എന്റെ കറുത്ത ഡയറിയിലെ
ഏറ്റവും ഒളിവുള്ള ഒരിടത്ത്‌
ഞാൻ നിനക്കെഴുതാറുണ്ട്…
അവസാനത്തെ രാത്രിയെന്നപോലെ
പറ്റിച്ചേരുന്ന എല്ലിൻകൂടുകൾക്ക്
ഇനിയും ഇനിയുമെന്ന്
ഉയർന്നുതാഴുന്ന ഒച്ചകൾക്ക്
പുറംകഴുത്തിൽ നിന്ന്
നട്ടെല്ലിലേക്ക് ഓടിപ്പോകുന്ന ചുണ്ടുകൾക്ക്
എത്ര ചുഴികളിൽ വീണാലും
കയറിപ്പോരുന്ന വിരൽത്തുമ്പുകൾക്ക്
നെഞ്ചിൻകൂട്ടിൽ കൊള്ളിയാൻ വെട്ടിക്കുന്ന
നിന്റെ നോട്ടങ്ങൾക്ക്
കാണുമ്പോഴൊക്കെ ആകെ നനയ്ക്കുന്ന
ഉടൽക്കാടുകൾക്ക്
ഓർമകളിലൊക്കെ
ഫിൽറ്റർ മണക്കുന്ന നിന്റെ തലമുടിക്ക്
ഞാനെഴുതാറുണ്ട്…
നീയൊരിക്കലും വായിക്കാത്ത
എന്റെ കറുത്ത ഡയറിയുടെ
ഏറ്റവും ഒളിവുള്ള പേജിൽ
തിരഞ്ഞിട്ടും തിരഞ്ഞിട്ടും കണ്ടുകിട്ടത്ത
എന്റെ നിനക്കെഴുത്തുകളുണ്ട്…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here