ഷമൽ സുക്കൂർ
Lockdown കാലം സിനിമകൾ കാണാനുള്ള അവസരം കൂടിയാണ് പലർക്കും. ഇന്ന് ഞാൻ കണ്ട സിനിമ ദി പ്ലാറ്റ്ഫോം എന്ന സ്പാനിഷ് സിനിമയാണ്.
വിവിധ നിലകളുള്ള ലംബമായി നിർമിച്ച ജയിലറയിലാണ് സിനിമ അരങ്ങേറുന്നത്.
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ജനസമ്മതിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് എൽ ഹോയോ അഥവാ ദി പ്ലാറ്റ്ഫോം.
വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഭക്ഷണം മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് നല്കുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഓരോ നിലയിലും രണ്ടുപേർ വീതം. മുകളിലത്തെ നിലയിലുള്ളവർ കഴിച്ചതിന്റെ ഉച്ഛിഷ്ടം കഴിക്കണം താഴെ നിലയിലുള്ളവർ എന്നു സാരം.
ഓരോ നിലകളും കൃത്യമായി ഉപമിക്കുന്നത് ഇന്നത്തെ ലോകത്ത് നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതിയോടാണ്. മുകളിലത്തെ നിലകളിൽ ഉള്ളവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള അളവിൽ ലഭിക്കുകയും താഴേക്ക് പോകുന്തോറും ഭക്ഷണത്തിനുവേണ്ടി കലഹിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. മരണത്തിന് വരെ കീഴടങ്ങേണ്ടി വരുന്നു പലർക്കും.
വിവിധ നിലകളിലേക്കായി അയക്കുന്ന ഭക്ഷണം പലർക്കും ലഭ്യമാകുന്നില്ലെങ്കിലും ഇതിന്റെ വിരോധാഭാസം എന്തെന്നാൽ മുഴുവൻ നിലകളിലെയും ആളുകൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവുമായാണ് ഏറ്റവും മുകളിലത്തെ തട്ടിൽ നിന്നും ഭക്ഷണം പുറപ്പെടുന്നത് എന്നതാണ്.
ഇത് കൃത്യമായി സൂചിപ്പിക്കുന്നത് മുതലാളിത്ത വ്യവസ്ഥയിൽ മുകളിലത്തെ തട്ടിലുള്ളവർ തന്റെ ആവാസവ്യവസ്ഥയിൽ താഴെതട്ടിലുള്ള ആളുകളുമായി ഒന്നും തന്നെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല എന്നുതന്നെയാണ്.
സിനിമ അവസാനിക്കുന്നത് ഒരു യുവതിയെ കഥാനായകൻ ഒടുവിലത്തെ നിലയിൽ നിന്നും രക്ഷിച്ച് മുതലാളിത്ത വ്യവസ്ഥിതിയുടെ മേൽത്തട്ടിലേക്ക് സന്ദേശമായി എത്തിക്കുന്നതിലൂടെയാണ്.
മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളിൽ യുവതയുടെ കരുത്ത് ഒരു ഒരു സന്ദേശമായിത്തന്നെ സംവിധായകൻ Galder Gaztelu – Urrutia ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
NB : ലോലഹൃദയർ ഈ സിനിമ കാണാതിരിക്കുന്നത് നല്ലതാണ്..
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.