Transcreation of Cohen’s Dance me to the end of love

0
324

ഡോ. അശ്വതി രാജൻ

[Music: Dance me to the end of love
Year: 1984
Lyrics and composition: Leonard Cohen]

‘Dance me to the end of love’ പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.

ഡോ. അശ്വതി രാജൻ

1995ൽ ഒരു റേഡിയോ അഭിമുഖത്തിനിടയിൽ കോഹെൻ ഇങ്ങനെ പറഞ്ഞു:
“എല്ലാ ശീലുകളുടെയും പിറവിക്കു പിന്നിൽ ഒരു വിത്തുണ്ടാകും. ലോകം നിങ്ങളെ അസ്വസ്ഥനാക്കും, അല്ലെങ്കിൽ മറ്റാരെങ്കിലും ഒരാൾ നിങ്ങളെ അലോസരപ്പെടുത്തും, ഈ ഇരിപ്പുറയ്ക്കായ്കയാണ് പാട്ടെഴുത്തിൽ നിങ്ങളെ കൊണ്ടെത്തിക്കുക. ഈ പാട്ടിന്റെ പിറവി- ഭീതിജനകമായ ചില ഇരുളറകളിൽ നിന്നാണ്. മരണപ്പെട്ടവരുടെയും മരിക്കുന്നവരുടെയും മരണം കാത്തു നിൽക്കുന്നവരുടെയും ഇടയിൽ നിന്ന് ഉയർന്നു വന്ന ഈണങ്ങളാണ് ഹസാപിക്കോ* എന്ന ഗ്രീക്ക് ശീലിൽ എന്നെ കൊണ്ട് ഇത് ചെയ്യിച്ചത്. ‘എരിയുന്ന വയലിൻ കമ്പികൾ’ എന്ന് തുടങ്ങുന്ന ആദ്യവരി തന്നെ നാസി മരണക്യാമ്പിൽ ഞാൻ നേരിൽ കണ്ട ഭയാനകമായ കാഴ്ചയാണ്. കൂട്ടുകാർ മരിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തമുറിയിൽ മരണം കാത്തു നിൽക്കുന്നവർ വയലിനിൽ ക്ലാസ്സികൽ ഈണങ്ങൾ മീട്ടിക്കൊണ്ടിരിക്കുകയായിരുന്നു.”

ചുവടെ ചേർക്കുന്ന ‘ഉടൽപ്പെയ്ത്ത്’ കോഹന്റെ പാട്ടിന്റെ സ്വതന്ത്രാവിഷ്കാരമാണ്.

‘ഉടൽപ്പെയ്ത്ത്’

എരിയുന്ന വയലിൻ കമ്പികൾ
ഇരുട്ടത്ത് വരയ്ക്കുന്ന ചുവന്ന നൃത്തം
എന്നിൽ നിന്നടർത്തിയെടുക്കൂ
നിന്റെ ഉള്ളഴകിലേയ്ക്ക്.

മരണക്കാറ്റുകൾക്കിടയിലൂടെ എന്നെ ഒഴുക്കിയെടുക്കൂ,
എന്റെ നൃത്തം പോറൽ തട്ടാതെ നിന്നകം പൂകട്ടെ.

ഒലീവായി നീ എന്നെ ഉയർത്തൂ
ജന്മത്തിനപ്പുറമുള്ള എന്റെ നിത്യ-സുഷുപ്തി നിന്റെ ഉള്ളിലാണ്.

എന്റെ ഉടലനക്കങ്ങളെ സ്നേഹത്തിന്റെ അറ്റത്തേക്കെത്തിക്കൂ
എന്റെ നൃത്തം സ്നേഹത്തെ അതിജീവിക്കട്ടെ.

ഒട്ടിയ കണ്ണുകളെയെല്ലാം നിന്റെ തൊലിപ്പുറത്തു നീ തുടച്ചുമാറ്റുമ്പോൾ,
എന്റെ കണ്ണുകൾ മാത്രം നിനക്കാടയാവട്ടെ.

എന്നിട്ട്, ബാബിലോണി*ലെന്നപോൽ മരിക്കാതെ മരിച്ചിടാം,
പടിഞ്ഞാറൻ കാറ്റുപോലെ മരണപ്പെയ്ത്തു പെയ്യാം.

ഇനിയുമറിയപ്പെടാത്ത ലോകങ്ങൾ
പതുക്കെ മാത്രം
നീ എനിക്കു കാണിച്ചു തരിക,
പതുക്കെ മാത്രം.

എന്റെ ഉടൽപ്പെയ്ത്തിനെ സ്നേഹത്തിന്റെ
ഉച്ചത്തിലേക്കുയർത്തുക
എന്റെ നൃത്തം ലോകങ്ങളെ മറികടക്കട്ടെ.

വിവാഹസദസ്സിലേതെന്നപോൽ നിർത്താതെ
പതുക്കെ ആടിടാം
തൂവലുകൾ പോലെ,
തമ്മിലൊട്ടിയും ഒട്ടാതെയും ഒരുമിച്ചു പറക്കാം.

നമ്മൾ ഇരുവരും നമ്മുടെ പ്രണയത്തിനു മേലെ, നമ്മുടെ പ്രണയത്തിനു കീഴെ,
ഒട്ടിയും ഒട്ടാതെയും അങ്ങനെ പറന്ന് പറന്ന്..

വരൂ, നിന്റെ മകുടി,
എന്റെ മേലിൽ ഈണങ്ങൾ വരയ്ക്കട്ടെ,
മരണത്തിനപ്പുറത്തേയ്ക്ക് എന്റെ നൃത്തം നൂറു പിറക്കട്ടെ.

എന്റെ നൃത്തപെയ്ത്തിനെ നിന്റെ വർണ്ണ പാത്രത്തിൽ തൊടുവിക്കൂ, പിറക്കുവാൻ കൊതിക്കുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി.

ഉമ്മപൂക്കൾ മെഴുകിയ ജന്നൽതിരയിന്നടിയിൽ
നീ എന്നെ ഒളിപ്പിക്കൂ.

ഓരോ നൂലും പൊട്ടിയതാകിലും
നമുക്ക് പാർക്കാൻ ഒരു ചെറുകുട നെയ്‌തെടുക്കൂ

ലോകം കണ്ടും കാണാതെയും
നശിച്ചും നശിക്കാതെയും
നമുക്കവിടെ പാർക്കാം,
നൃത്തം ചെയ്യാം,
അറ്റമില്ലാത്തൊരു പാട്ടിന്.

(* ബാബിലോൺ: മരണമില്ലാത്ത നാട്/ പാപങ്ങളുടെ നഗരം
*ഹസാപിക്കൊ: ബൈസന്റയിൻ കാലഘട്ടത്തിൽ ഉടലെടുത്ത ഗ്രീക്ക് നാടൻ ശീല്)
പാട്ടിനെ കുറിച്ച് കൂടുതലറിയാൻ: https://www.elegancepedia.com/chanson/dance-me-to-the-end-of-love-by-leonard-cohen

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here