ജലച്ചായ ചിത്രകാരന്‍ സദു അലിയൂര്‍ (57) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
50 രാഷ്ട്രങ്ങളില്‍നിന്നായുള്ള ലോകപ്രശസ്ത ജലച്ചായ ചിത്രകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങളില്‍ സദു അലിയൂരിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലായിരുന്നു പഠനം. തുടര്‍ന്ന് കണ്ണൂര്‍ ബ്രഷ്മാന്‍സ് സ്‌കൂളില്‍ ഒമ്പതുവര്‍ഷം ആര്‍ട്ട് ഇന്‍സ്ട്രക്ടറായി. ചെന്നൈയില്‍ ഇന്റീരിയര്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ ഡിസൈനറായും അല്‍ക്കോബാറിലെ ഒരു കമ്പനിയില്‍ ബില്‍ഡിങ് ഇന്റീരിയര്‍ ഡിസൈനറായും ജോലിചെയ്തു. ഇവിടെനിന്ന് തിരിച്ചുവന്ന് ചിത്രരചനയിലും പ്രദര്‍ശനത്തിലും ശ്രദ്ധ പതിപ്പിച്ചു. ബെംഗളൂരുവായിരുന്നു പ്രധാന കേന്ദ്രം. 15-ഓളം പ്രദര്‍ശനങ്ങള്‍ ഇവിടെ മാത്രം നടത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി മുപ്പതിലേറെ പ്രദര്‍ശനങ്ങള്‍ നടത്തി.
ഒട്ടേറെ ചിത്രകലാ ക്യാമ്പുകള്‍ക്കും ശില്പശാലകള്‍ക്കും നേതൃത്വം നല്‍കി. 2012, 2013, 2014 വര്‍ഷങ്ങളില്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകപ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചു. ദുബായില്‍ നടന്ന അന്താരാഷ്ട്ര ജലച്ചായ ഉത്സവത്തിലും ശ്രദ്ധേയ സാന്നിധ്യമായി.
1983-ല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി സംസ്ഥാന അവാര്‍ഡ്, 2012, 2013 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി വിജയ രാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ തുടങ്ങിയവ നേടി. തുര്‍ക്കി രാജ്യാന്തര വാട്ടര്‍ കളര്‍ സൊസൈറ്റിയും സദു അലിയൂരിനെ ആദരിച്ചിരുന്നു. കളറിങ് ഇന്ത്യ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളാണ്….
മാഹി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് പരേതരായ ചീനക്കാം പൊയ്യില്‍ ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മഹിജ. മക്കള്‍: വിഷ്ണു (ബെംഗളൂരു), അനന്ദു (പ്‌ളസ് വണ്‍ വിദ്യാര്‍ഥി, അഴിയൂർ ഹയർ സെക്കന്‍ഡറി). സഹോദരങ്ങള്‍: പ്രമോദ്, ലക്ഷ്മി, പരേതരായ കരുണന്‍, ദാസന്‍, പുഷ്പ.