അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി
ഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ… ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു, ഭാഷാ പ്രണയത്തിന്റെ ഒരു പ്രപഞ്ചത്തെയാകെ ഇപ്പോള്‍ ഇരുട്ടിലാക്കിയിരിക്കുന്നു …!! ഇവിടം, പകരമുദിക്കാന്‍ ഒരു സൂര്യനില്ലാതെ, മഹാന്ധകാരതയാല്‍ ശൂന്യമായിരിക്കുന്നു പ്രിയരേ…!!
1931 മെയ് 27ന് കൊല്ലം ജില്ലിയിലെ ചവറയില്‍ ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് ജനിച്ചു. പിതാവ്: ഒ.എന്‍. കൃഷ്ണക്കുറുപ്പ്. മാതാവ് : കെ. ലക്ഷ്മിക്കുട്ടി അമ്മ. ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും. 1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രെഫസര്‍. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
മലയാള അക്ഷരങ്ങള്‍ കൊണ്ട് സ്നേഹസാഗരം തീര്‍ത്ത ജന പ്രിയ കവി..മലയാളത്തിന്റെ അക്ഷര മുത്തിന്.. ജ്ഞാനപീഠം കൊണ്ട് തിലകചാര്‍ത്തു ലഭിക്കുകയുണ്ടായി. 2008 – ലെ ജ്ഞാനപീഠം അവാര്‍ഡും മലയാളത്തിന്റെ ഓ എന്‍ വി യ്ക്ക്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഒ.എന്‍.വി. അതിനുള്ള ഉപഹാരം ജ്ഞാനപീഠം കൊണ്ടുള്ള കടം വീട്ടലായി. ഇത് മലയാളത്തിനുള്ള അംഗീകാരമാണ് എന്നായിരുന്നു ഓ എന്‍ വി യുടെ ആദ്യ പ്രതികരണം. അതേ….മലയാള ഭാഷയെ മറന്നവര്‍ക്ക് മറന്നു തുടങ്ങിയവര്‍ക്ക്… തുടങ്ങുന്നവര്‍ക്ക്… സ്വന്തം മക്കള്‍ക്ക് മലയാളത്തിന്റെ സ്വരാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മറക്കുവര്‍ക്കുള്ള ഒളിയമ്പുകള്‍ ആ വാക്കുകളില്‍ കേള്‍ക്കാമായിരുന്നു.
മലയാളത്തിന്റെ അതിന്റേതായ തന്മായ ഭാവം ഉണ്ടെന്നു തന്റെ കവിതകളിലൂടെ വിളിച്ചോതിയ കവിയായിരുന്നു ഓ എന്‍ വി. അത് തന്നെ ആയിരുന്നു അദ്ധേഹത്തെ ജന പ്രിയ കവിയാക്കിയതും. ” ഭൂമിക്കൊരു ചരമഗീതം” എന്ന കവിതയ്ക്കാന് ആ തവണ പുരസ്ക്കാരം ഓ എന്‍ വി യെ തേടിയെത്തിയത് . ജന്മനാതന്നെ കവിയായതുകൊണ്ടാവണം ഒ.എന്‍.വി.യുടെ ഗാനങ്ങളില്‍ കാവ്യാത്മകത എന്നും അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ട്.. ഗാനരചനയില്‍ ചില സവിശേഷതകള്‍ എന്നും ഒ.എന്‍.വി. കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രധാനമായും കവിതയുടെ അച്ചില്‍ ഗാനത്തെ വാര്‍ത്തെടുക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം. അനുഭവങ്ങളുടെ ലവണവും കവിതയുടെ ലാവണ്യവും ഒത്തിണങ്ങിയതാണ് ഒ.എന്‍.വി. ഗാനങ്ങള്‍ എന്നു പറയാം. കവിത എന്നും അനര്‍ഗളമായി ഒ.എന്‍.വി.യുടെ മനസ്സിലുണ്ട് .
ഏറ്റവും കൂടുതല്‍ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ‘വൈശാലി’ യിലെ ഗാനങ്ങളുടെ പേരില്‍ ദേശീയ പുരസ്‌കാരവും നേടിയ ഈ കവിയെത്തേടിയെത്തി . ” ഉജ്ജനിയിനിയുടെയും ” “സ്വയം വരത്തിന്റെയും ” കവിഹൃദയം മലയാളത്തിന്റെ തനതായ കാവ്യസ്മരണയെ വീndeടുക്കുകയായിരുന്നു . ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ്.., നഷ്ടപ്രണയത്തിന്‍റെ മധുരശബ്ദമാണ്.., മണ്ണിനോടും പുഴയോടുമുള്ള ഞങ്ങളുടെ സ്നേഹത്തിന്‍റെ, ആഴത്തിന്‍റെ വാക്കാണ് …. ‘ഓ എൻ വി’ എന്ന മൂന്നക്ഷരങ്ങൾ ഇതൊക്കെയാണ് ഞങ്ങള്‍ക്ക്.. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ തെന്നിയും തെറിച്ചും ഒരു യാത്ര – അതാണീ കുറിപ്പ് , എന്‍റെ യാത്രാമംഗളങ്ങൾ!
ഓര്‍മ്മകള്‍ക്ക് എന്തു മധുരമാണെന്ന് പഠിപ്പിച്ചത് തന്നെയീ വരികളാണ് –
“ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്താന്‍ മോഹം .. “
ശിവസേനക്കാര്‍ വിലക്കിയ ഗസല്‍ ഗായകന്‍ ഗുലാം അലിയെ വരവേല്‍ക്കാന്‍ വീല്‍ചെയറില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആരോഗ്യം വകവെക്കാതെ എത്തുകയും തീക്ഷ്ണമായ വാക്കുകളിലൂടെ സാംസ്കാരിക ഫാസിസ്റ്റുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. ഇങ്ങനെ ചരിത്രത്തിന്റെ എല്ലാ മുഹൂര്‍ത്തങ്ങളിലും നാടിന്റെ ഒരുമയ്ക്കുവേണ്ടിയും തൊഴിലാളിവര്‍ഗത്തിന്റെ വിമോചനത്തിനുവേണ്ടിയും ശബ്ദിച്ച മഹാപ്രതിഭാശാലിയാണ് ഒ എന്‍ വിയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.
അടിയുറച്ച പൌരാവകാശ പരിസ്ഥിതി പേരാളിയും വിദ്യാഭ്യാസരംഗത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടിയ അധ്യാപകശ്രേഷ്ഠനുമായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും ഒ എന്‍ വി നല്‍കിയ സംഭാവന ഏറെ വലുതാണ്. ആരെയും ഭാവഗായകനാക്കിയ കാവ്യഗന്ധര്‍വ്വന്റെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്റെ ആത്മാവിലെ നിത്യശൂന്യതയായി നിലകൊള്ളും. “ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്‍റെ കവിത” എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ശരിയാണ്, അദ്ദേഹത്തിന്‍റെ ചൈതന്യാംശമായ കവിത എന്നും പുതിയ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ഗാഥകളോതി ഏവരുടെയും ആത്മാവില്‍ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നൂ..!
അക്ഷര ലോകത്ത് വിസ്മയം സ്യഷ്ടിച്ച അദ്ദേഹത്തിന്റെ ഈ വരികള്‍ ഒരു പിടി ബാല്യകാല സ്മരണകളിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു. വളരെ ലളിതവും മലയാള ഭാഷയെ ധന്യമാക്കുന്നതുമായിരുന്നു പ്രക്യതിയെ സ്നേഹിച്ച ഈ പ്രണയ നായകന്റെ ഭാഷ. മാനവികതയുടെ പോരാട്ടങ്ങളും അതിജീവനവുമായിരുന്നു ഈ മഹാകവിയുടെ സ്വപ്നം. കേരളത്തെ ഹരിതഭാവം എന്ന അത്യുന്നതപീഠത്തില്‍ പ്രതിഷ്ഠിച്ച, മലയാള ഭാഷയെ ശ്രേഷ്ഠഭാഷ എന്ന പദവിയിലേക്ക് ആനയിച്ച മഹാകവിയുടെ വിയോഗം മലയാള ഭാഷയ്ക്ക് വിവരിക്കാനാവാത്ത നഷ്ടമാണ്.!
ആചാര്യ സ്ഥാനത്ത് എന്നും നമുക്ക് വഴികാട്ടിയായി നിന്ന ഗുരുസ്ഥാനീയനു മരണമില്ല… അദ്ദേഹത്തിന്റെ കവിതകളില്‍ കൂടി നമ്മളോടൊപ്പം ജീവിക്കുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും അസ്തമനമുണ്ട്. എന്നാല്‍ ഈ സൂര്യ തേജസ്സിക്ക് അസ്തമനമില്ല….. കാവ്യവിശുദ്ധിയിലൂടെ മഹനീയ പൈത്യകം സമ്മാനിച്ച മഹാത്മാവിനു ശതകോടി പ്രണാമം…..!!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.