സുരേഷ് നാരായണൻ
തീർച്ചയായും ഒരുമാജിക്കുകാരനാണ് ഇ.സന്തോഷ് കുമാർ. അവാർഡുകൾ വാരിക്കൂട്ടിയ ചാവുകളിയിൽ നിന്നും നാരകങ്ങളുടെ ഉപമ യിലേക്ക് എത്തുമ്പോൾ ആ മാജികിൻറെ ക്യാൻവാസ് വലുതാകുന്നു. മനുഷ്യവിയർപ്പുമണം പൊന്തുന്ന ആറു കഥകൾ ആ ക്യാൻവാസിൽ വിരിയുന്നു.
വൈവിധ്യം കഥാപാത്ര സൃഷ്ടികളിൽ ഒതുങ്ങുന്നു; അതിൽ അത്ഭുതകരമായി ഒന്നുമില്ലതന്നെ. ഭോഗിക്കുന്നതിനും മരണപ്പെടുന്നതിനും ഇടയ്ക്ക് കുറച്ചു വായനക്കാരെങ്കിലും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളെയാണ് കഥാകൃത്ത് പകർത്തി വെക്കുന്നത്. വായനയിൽ അത് നെടുവീർപ്പുകളായി രൂപാന്തരം പ്രാപിക്കുന്നു.
നാരകങ്ങളുടെ ഉപമ എന്ന ആദ്യകഥ തന്നെയാണ് ഈ സമാഹാരത്തിലെ ‘പ്രകാശംപരത്തുന്ന പെൺകുട്ടി’ അഥവാ മാസ്റ്റർപീസ്. അതിൽനിന്ന് പ്രസരിക്കുന്ന അനുസ്യൂതമായ വെളിച്ചം മറ്റു കഥകളെയും പ്രകാശമാനമാക്കുന്നു.
തീർത്തും വിരസമായ ഒരു ബസ് യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന തമാനെ എന്ന സഹയാത്രികൻ പകർന്നു നൽകുന്ന ജീവിതത്തെപ്പറ്റിയുള്ള വിലയേറിയ കാഴ്ചപ്പാടുകൾ കഥാകൃത്തിനെ അക്ഷോഭ്യനാക്കി തീർക്കുന്നു.. അയാളുടെ നിർജീവമായ ആറാം വിരൽ ആകട്ടെ, വൈവിധ്യത്തിന്റെയും, കൂസലില്ലായ്മയുടേയും പ്രതീകവുമായി മാറുന്നു.
കഥയുടെ 31 ആം പേജിലുണ്ട് ജീവിതത്തിൻറെ ആ സൂത്രവാക്യം.. “സമയമെന്നത് ഹ്രസ്വകാലം മാത്രം ജീവിച്ചിരിക്കുന്നു എന്ന് തോന്നുവരുടെ പ്രശ്നമാണ്.. വലിയ ദൂരം ഓടുന്നവരെ നോക്കൂ; അവർ സ്വയം മറികടക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ”
നേർ വിപരീത ദിശയിലേക്കാണ് മറ്റ് അഞ്ച് കഥകളുടെയും ഒഴുക്ക്. അതിലെ അതിശക്തമായ ഉൾച്ചുഴികൾ വായനക്കാരനെ വട്ടം കറക്കും.
പല മനുഷ്യാവസ്ഥകളുടെ സമർഥമായ പ്രതീകങ്ങളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ത്രിമൂർത്തികളെ കാണാം ‘പരുന്ത്’ എന്ന കഥയിൽ.. ‘ജിമ്മി’ എന്ന നായ വിരക്തിയുടെയും, ‘വിന്നി’ എന്ന പരുന്ത് അപകർഷതയുടെയും ‘അപ്പൻ’ നിസ്സഹായതയുടെയും പ്രതിരൂപങ്ങളാണ്.
മൃഗവാസനയുടെ കഥയാണ് ‘വാവ’. പരിണാമത്തിൻറെ വഴികളിലെവിടെയോ കിതച്ചു നിന്നുപോയ വാവ എന്ന മനുഷ്യനും , അയാൾ ആത്മബന്ധം പുലർത്തുന്ന ഒരേ ഒരു ജീവിയായ വിത്തുകാളയുമാണ് ആണ് ഇതിലെ കഥാപാത്രങ്ങൾ. കഥ പറച്ചിലിന്റെ നടപ്പുവഴികളെയെല്ലാം നിരാകരിച്ചുകൊണ്ടാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
‘രാമൻ രാഘവൻ’ ആവട്ടെ cinematic ആയ ഒരു ആഖ്യാന തലം ദൃശ്യമാക്കുന്നു. പാളങ്ങൾ, പാതകങ്ങൾ… വഞ്ചിക്കപ്പെട്ടവരുടെ ഉരുകിയൊലിക്കലുകളിൽ ഉയിരറ്റു പോയ നഗരം. അഗ്നിപർവ്വതം കണക്ക് പുകഞ്ഞു കത്തുകയാണ് ഭാഷ!
ഇനിയുമുണ്ട് രണ്ട് കഥകൾ; ‘പണയം’ പിന്നെ ‘സിനിമ പറുദീസാ’. ‘പണയം’ കാരൂരിൻറ ചില കഥകളെ ഓർമിപ്പിക്കുന്നു.
സിനിമാ പറുദീസ>> ആൻറ്റോ ജോയ് തെക്കേക്കര എന്ന സിനിമാഭാഗ്യാന്വേഷി; തുന്നിച്ചേർക്കപ്പെട്ട റീലുകളിലൂടെ ക്രമരഹിതമായി ഓടിക്കൊണ്ടിരിക്കുന്ന അയാളുടെ ജീവിതം.
ജൂനിയർ ആർടിസ്റ്റിനോടുള്ള പരിഗണന പോലും കാണിക്കാതെ അയാളെ മുഴുനീളം ഫീൽഡിന് പുറത്തു നിർത്തിയ വിധി. അതിനോട് തരിമ്പുപോലും പരിഭവമില്ലാതെ, തനിക്ക് വിധിക്കപ്പെട്ട വേഷം ആടിത്തിമർക്കുന്ന ആന്റോ.
പുസ്തക ശേഖരത്തിലേക്ക് തീർച്ചയായും മുതൽക്കൂട്ടാവുന്ന ഒരു കഥാസമാഹാരം!