കഥകളെ പ്രണയിച്ച കോഴിക്കോട് കടപ്പുറം ഇന്ന് കേട്ടത് വേറിട്ടൊരു സെഷൻ. കെ.എൽ.എഫ് അഞ്ചാം പതിപ്പിന്റെ രണ്ടാം ദിനമായ ഇന്ന്, കേരള ഡി.ജി.പി ലോകനാഥ് ബെഹ്റ, പ്രശസ്ത കുറ്റാന്വേഷണ എഴുത്തുകാരനായ എസ്.വെങ്കിടേഷ്, ബിന്ദു ആമാട്ട് തുടങ്ങിയവർ, വേദി നാല് ‘കഥ’യിൽ നടന്ന ‘ ഇന്ത്യൻ ക്രൈം റൈറ്റിംഗ് സീൻ/ സിറ്റീസ് ആൻഡ് ദേർ ഡാർക്ക് സൈഡ്’ എന്ന സംവാദത്തിൽ പങ്കെടുത്തു. യഥാർഥ കുറ്റാന്വേഷണങ്ങളും അതിനെ സംബന്ധിയായ നോവലുകളും എഴുത്തുകളും തമ്മിലുള്ള അന്തരങ്ങൾ പ്രധാന ചർച്ചാവിഷയമായി പരിണമിച്ച ഈ സെഷൻ ശ്രോതാക്കളെ കാൽപ്പനിക കുറ്റാന്വേഷണ കഥകളുടെയും യഥാർത്ഥ കുറ്റാന്വേഷണ സംഭവങ്ങളുടെയും മധ്യത്തിൽ ഇരുത്തി.
ബിന്ദു ആമാട്ട് നിയന്ത്രിച്ച സെഷൻ നാഗരികസങ്കല്പങ്ങളിലെ കുറ്റാന്വേഷണ കഥകളുടെ പ്രത്യേകതകളും ലോകനാഥ് ബെഹ്റയുടെ അനുഭവങ്ങളും പങ്ക് വെച്ചു.
ഒരു പോലീസ് ഓഫീസറും ക്രൈം റൈറ്ററും ഒരു കുറ്റകൃത്യത്തെ എങ്ങനെ സമീപിക്കുന്നുവെന്നും സത്യവും സങ്കൽപ്പവും ഇത്തരമൊരു സന്ദർഭത്തിൽ എങ്ങനെ വേറിട്ട് നിൽക്കുന്നുവെന്നും ചർച്ച വിശകലനം ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു കുറ്റരംഗത്തെ സമീപിക്കുന്നത് തികച്ചും സ്വന്തം അനുമാനങ്ങളെ കേന്ദ്രീകരിച്ചാവുമ്പോൾ ഒരു എഴുത്ത്കാരൻ അതിനെ വായനക്കാരുടെ കണ്ണുകളിലൂടെ നോക്കി കാണുന്നുവെന്ന് ബെഹ്റ പറഞ്ഞു. പല കേസുകളും ഒരു പക്ഷെ പോലീസുകാർക്ക് വിരസമായിരിക്കാം. എന്നാൽ എഴുത്ത്കാരൻ അതിലെ ആത്മാവിനെ സ്പർശിക്കുന്നുവെന്ന് അദ്ദേഹം തുടർന്നു. കുറ്റകൃത്യങ്ങളുടെ കാൽപ്പനികവത്കരണമാണ് അത്തരം എഴുത്തുകൾ എന്ന് അഭിപ്രായപ്പെട്ട ഡി.ജി.പി, എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള കുറ്റാന്വേഷണ സാഹിത്യങ്ങളുടെ നിലവാരം പാശ്ചാത്യലോകത്തെ ഇത്തരം സാഹിത്യങ്ങളുടെ ഒപ്പം ഇനിയും ഉയരാനുണ്ടെന്ന് അഗതാ ക്രിസ്റ്റി, ആർതർ കോനൻ ഡോയൽ എന്നിവരെ ഉദ്ധരിച്ച് അഭിപ്രായപ്പെട്ടു. സൈബർ ലോകം നീട്ടി വെക്കുന്ന സാധ്യതകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു.
പാശ്ചാത്യ ലോകത്തെ സാഹിത്യങ്ങളുടെ പ്രധാന പ്രത്യേകത അവ നായകാ കഥാപാത്രത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിച്ചു എന്നുള്ളതാണെന്നു ഓർമ്മിപ്പിച്ച എസ് വെങ്കിടേഷ് ഒരു കുറ്റാന്വേഷണ ത്രില്ലർ എഴുതുന്നതിനായി ഒരു എഴുത്തുകാരൻ ഒട്ടേറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അതിനായി ബൗദ്ധിക അധ്വാനം ഏറെ വേണമെന്നും പറഞ്ഞു. ഒപ്പം തന്നെ ഓരോ താളുകളിലും ആകാംഷ നിറച്ചു വെച്ചാൽ മാത്രമേ ഇന്നത്തെ കാലത്ത് വായനക്കാർ ഉണ്ടാവുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും തീവ്രത കുറവാണെന്ന് നിരീക്ഷിച്ച കേരള ഡി.ജി.പി, എന്നാൽ, ഇപ്പോൾ ആശങ്കജനകമാം വിധം വർദ്ധിച്ച് വരുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഓർമിപ്പിക്കുകയും, വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശിച്ചു.
ഉച്ചയടുത്ത് 12:00 മണിക്ക് തുടങ്ങിയ സെഷൻ ഒരു മണിക്കൂർ നീണ്ടു നിന്നു. കഥ പറച്ചിലിനെ മറ്റൊരു തലത്തിലേക്ക് എടുത്ത ചുരുക്കം ചില വേദികളിൽ ഒന്നായി ഇത് മാറി.