ശ്രോതാക്കളെ വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു ‘മാവോയിസവും ഇസ്ലാമിസവും’ എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.
പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ പ്രമുഖ സിപിഎം നേതാവായ പി.ജയരാജൻ, മുൻകാല നക്സലൈറ്റ് നേതാവായ കെ. വേണു, ജമാഅത്തെ ഇസ്ലാമി നേതാവായ സി.ദാവൂദ് തുടങ്ങിയവർ പങ്കെടുത്തു. മാവോയിസവും ഇസ്ലാമിസവും അടിസ്ഥാനമാക്കി മുന്നോട്ട് പോയ ചർച്ച സമകാലിക രാഷ്ട്രീയ വിവാദങ്ങളെയും, അടുത്ത കാലത്ത് നടന്ന മാവോയിസ്റ്റ് വേട്ടയെയും, അതിന് ശേഷം ഉണ്ടായ യു.എ. പി.എ കേസിനെയും കുറിച്ച് വ്യക്തമായ അഭിപ്രായം പങ്കു വെച്ച ഒന്നായി മാറി.
മാവോയിസത്തിലേക്ക് സമീപകാലങ്ങളിൽ ആളുകൾ ആകർഷിക്കപ്പെടുന്നതിന്റെ വസ്തുത അന്വേഷിച്ച അഭിലാഷ് മോഹനോട്, മാവോയിസത്തോടുള്ള ആകർഷണം കേവലമൊരു കൗതുകകാഴ്ച ആയാണ് ഭാരതീയർ കാണുന്നതെന്നും അതിൽ കഴമ്പില്ലെന്നും, ഉത്തരമായി കെ.വേണു പറഞ്ഞു. പ്രത്യയശാസ്ത്രപരമായ എതിർപ്പും എക്സിക്യൂട്ടീവുമായി ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനോട് മാവോയിസത്തെ പാർട്ടി ശക്തമായി എതിർക്കുന്നുവെന്നും എന്നാൽ തന്നെ യു.എ.പി.എ എന്നത് കരിനിയമമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും പി.ജയരാജൻ മറുപടി പറഞ്ഞു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉപയോഗശൂന്യമായ അവശിഷ്ടമാണ് മാവോയിസം എന്ന് തുടർന്ന അദ്ദേഹം മത തീവ്രവാദം മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നും കൂട്ടിച്ചേർത്തു. കൂടാതെ ആർ.എസ്.എസിന്റെ മറുപതിപ്പാണ് ജമാ അത്തൈ ഇസ്ലാമിയെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
സൈദ്ധാന്തികപരമായി മാവോയിസത്തെ എതിർക്കുന്നുവെന്ന് പറഞ്ഞു തുടങ്ങിയ ജമാഅത്തെ ഇസ്ലാമി നേതാവായ സി.ദാവൂദ് സിപിഎമ്മിന് ഇസ്ലാമോഫോബിയ ആണെന്ന് തുറന്നടിച്ചു. അലൻ, താഹ വിഷയം വിവേചന പൂർവം എടുത്ത നടപടിയാണെന്നും, മുസ്ലിം പേരുകൾ ഉണ്ടായിപ്പോയതിനാലാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം തുടർന്നു.
മാവോയിസ്റ്റ് പ്രത്യയശാസ്ത്രം മാർക്സിസത്തിന്റെ വികസിത രൂപമാണെന്ന കെ.എം വേണുവിന്റെ നിരീക്ഷണത്തെ സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതിനെ ചെറുക്കാൻ പാർട്ടി നയപരമായ തീരുമാനങ്ങൾ എടുക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എന്നാൽ മാവോയിസ്റ്റ് വിഷയത്തിൽ എതിർ നിലപാട് സ്വീകരിച്ച പി.ജയരാജൻ അലൻ, താഹ വിഷയത്തിൽ സർക്കാർ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു.
മതരാഷ്ട്രീയവാദികളെ ഇത്തരം വേദികളിൽ കൊണ്ടുവരരുതെന്ന് സംഘടകരോട് ഒരു കാണി ആക്രോശിച്ചത് ഇത്തരം വിഷയങ്ങൾ എത്ര ഗൗരവപരമായാണ് കാണുന്നതെന്നതിന് തെളിവായി.