വൈശാഖൻ തമ്പി
നാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. കാരണം സ്വാതന്ത്ര്യസമരം അത്ര പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് പാഠപുസ്തകത്തിൽ നിന്ന് മനസിലാക്കിയതിനാൽ കേശവനപ്പൂപ്പൻ വലിയ സംഭവമാണെന്ന ആരാധനാഭാവം ഉണ്ടായിരുന്നു. പക്ഷേ അവിടന്ന് പിന്നീടിങ്ങോട്ട് മാത്രം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്; നാട്ടിൽ ഒരു കേശവനപ്പൂപ്പനേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തിലുള്ള ഒരുപാട് പേർ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യസമരസേനാനി എന്ന് വിളിക്കപ്പെടുന്നത് ഒരാൾ മാത്രം ആയതെങ്ങനെ! പാഠപുസ്തകത്തിലെ വർണന വായിച്ചപ്പോൾ തോന്നിയത് ഇൻഡ്യക്കാർ ഒന്നടങ്കം ഗാന്ധിജിയുടെ പിന്നിൽ അണിനിരന്ന് ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചു എന്നാണല്ലോ.
സാമൂഹ്യശാസ്ത്രത്തിന്റെ ഒരു പ്രശ്നം അവിടത്തെ കാര്യ-കാരണങ്ങൾ ഒന്നും തന്നെ പഞ്ചസാര കൂടുതൽ ചേർക്കുമ്പോൾ ചായയ്ക്ക് മധുരം കൂടുന്നതുപോലെ പ്രകടമായി കാണപ്പെടില്ല എന്നതാണ്. അതുകൊണ്ട് ഇന്ന കാരണം കൊണ്ട് ഇന്ന കാര്യം സംഭവിച്ചു എന്നത് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും ഒരു മിനിമം ലെവൽ മാനസിക അധ്വാനം വേണ്ടിവരും. അവരവരുടെ വ്യക്തിപരമായ സ്പെയ്സിനപ്പുറം വലിയ കാലയളവുകളേയും ഭൂപ്രദേശങ്ങളേയും മൊത്തമായി കാണേണ്ട ആവശ്യം വരുമവിടെ. അതിന് എല്ലാവരും തയ്യാറാകണമെന്നില്ല. ബ്രിട്ടിഷ് ഭരണം മാറി ജനാധിപത്യം വന്നപ്പോൾ തനിയ്ക്കോ തന്റെ ചുറ്റുപാടിനോ ഒരു മാറ്റവും അനുഭവപ്പെട്ടില്ല എന്നായിരുന്നു എന്റെ അമ്മൂമ്മയുടെ സാക്ഷ്യം. കേശവനപ്പൂപ്പനല്ല അമ്മൂമ്മയായിരുന്നു ഭൂരിപക്ഷത്തിന്റെ പ്രതിനിധി. ഭരിയ്ക്കുന്ന വർഗത്തോട് വിധേയത്വം കാണിയ്ക്കുക എന്ന ലളിതമായ ‘ജീവിതമന്ത്രം’ മുറുകെപ്പിടിക്കുന്ന മനുഷ്യർക്ക് വെള്ളക്കാരും കൊള്ളക്കാരും തമ്മിൽ വ്യത്യാസമൊന്നും കാണാൻ സാധ്യതയില്ലല്ലോ. ആരായാലും നമ്മളങ്ങ് അനുസരിച്ചാൽ പോരേ? നിങ്ങൾ അതിനെ ഒരു കുറവായി കാണുന്നുണ്ടെങ്കിൽ അത് ആധുനിക ജനാധിപത്യത്തെ കുറിച്ച് വിദ്യാഭ്യാസം സ്വായത്തമാക്കിയ ആളായതുകൊണ്ടാകാം. അത് പക്ഷേ മനുഷ്യനെന്ന ജീവിയുടെ ലക്ഷക്കണക്കിന് വർഷത്തെ ചരിത്രത്തിലെ അവസാനത്തെ രണ്ടോ മൂന്നോ നൂറ്റാണ്ടിൽ മാത്രം അംഗീകാരം കിട്ടിയ ആശയമാണ്. സ്ത്രീകൾ വോട്ടവകാശം നേടിയിട്ട് എത്ര വർഷമായി എന്നൊന്ന് അന്വേഷിച്ചാൽ മനസിലാകും മനുഷ്യവംശമെന്ന് നാം ഊറ്റം കൊള്ളുന്ന ഈ സമൂഹം ജനാധിപത്യത്തെ ഉൾക്കൊള്ളാൻ എത്രമാത്രം ബുദ്ധിമുട്ടി എന്ന്.
സാമൂഹ്യനീതിയും പൗരാവകാശവും സാമ്പത്തിക സ്ഥിരതയും ഒക്കെ ചിന്തിക്കുന്നവരുടെ മാത്രം വിഷയങ്ങളാണ്. അവർ – നമ്മൾ എന്ന വിഭാഗീയചിന്ത ഞാനും നിങ്ങളും അവരും ഇവരും ഒക്കെ പൊതുവായി വഹിക്കുന്ന ജനിതക സവിശേഷതയും. അതിലാകും കൂടുതൽ പേരും വീഴുന്നത്. നിങ്ങൾക്കൊരുപക്ഷേ ഈ രാജ്യത്തിന്റെ, അതിന്റെ ഭരണകൂടത്തിന്റെ, പോക്കിൽ പ്രശ്നമൊന്നും തോന്നുന്നില്ലായിരിക്കാം. നിങ്ങളാകാം ഭൂരിപക്ഷവും. ചിപ്പ് വച്ച നോട്ടിന്റെ കഥ വിശ്വസിച്ച നിങ്ങൾ പൗരത്വബില്ലിലൂടെ വരാൻ പോകുന്ന ഗംഭീര രാജ്യപുരോഗതിയിലും വിശ്വസിക്കും. അതും കഴിഞ്ഞ് അടുത്ത കഥ. നിങ്ങളതേ ധാരണകളും കൊണ്ട് തന്നെ ജീവിച്ച് മരിയ്ക്കുകയും ചെയ്യും. (ഉദാഹരണത്തിന്, സതിനിരോധനം സംസ്കാരത്തിന് ക്ഷതമേൽപ്പിക്കും എന്നു വിലപിച്ച ഭൂരിപക്ഷമുള്ള ഒരു തലമുറ അങ്ങനെ മരിച്ചിട്ടുണ്ട്) പക്ഷേ ഇതിന്റെയൊക്കെ കുഴപ്പം പരക്കെ തിരിച്ചറിയുന്ന ഒരു തലമുറ നാളെ ഇവിടെ ഉണ്ടാകും. അവിടെ ഒരു കാര്യം കൂടി ശ്രദ്ധിയ്ക്കണം. കേശവനപ്പൂപ്പനെയും ഗോഡ്സേയേയും ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്, വ്യത്യസ്ത പ്രാധാന്യത്തോടെയെങ്കിൽ പോലും. നാളെ ചരിത്രം നിങ്ങളെ ഏത് കോളത്തിൽ ചേർക്കും എന്നത് കൂടി ചിന്തിക്കണം. ഇന്ന് ഫെയ്സ്ബുക്കിലും പുറത്തും നിങ്ങളെടുക്കുന്ന നിലപാട് നാളെ നിങ്ങളുടെ കൊച്ചുമക്കളുടെ തലമുറ മൂല്യനിർണയം നടത്തും. ‘എന്റെ അപ്പൂപ്പൻ/അമ്മൂമ്മ ഇമ്മാതിരിയൊരു ഊളയായിരുന്നോ’ എന്ന് അവരെ ലജ്ജിപ്പിക്കാതെ നോക്കുക.