സൂര്യ സുകൃതം
രണ്ട് വാക്യത്തിൽ കവിയാതെ ഉത്തരമെഴുതുക എന്ന സ്ഥിരം പരീക്ഷാ ചോദ്യം പോലെയാണ് ഹ്രസ്വചിത്രങ്ങൾ.
അറിയാവുന്നതും പറയാനുള്ളതുമായ ഒരു നൂറ് കാര്യങ്ങൾ സമയത്തിന്റേയും സാങ്കേതികതയുടേയും മറ്റും പരിമിതിക്കകത്ത് പറഞ്ഞു വയ്ക്കുന്ന മാജിക് വശമുള്ളവരാണ് മിക്ക ഹ്രസ്വചിത്ര സംവിധായകരും.
“പൊന്നിൻ കാ പൂക്കുന്ന സൂത്രം” അങ്ങനൊരു സൂത്രമാണ്. ലോകത്തെ മുഴുവൻ മലയാളികളെയും തങ്ങളുടെ ബാല്യത്തോട് ചേർത്ത് കെട്ടിയിടുന്നൊരു മരമാണ് പ്ലാവ്. മുള്ളൻ തോടിനകത്ത് അടുക്കി വച്ചിരിക്കുന്ന സ്വർണചുളകളോളം മധുരമുള്ള ബാല്യങ്ങൾ പൂത്ത് കായ്ക്കുന്ന മരക്കൊമ്പുകൾ.
ഗൃഹാതുരതയ്ക്കപ്പുറം ചില ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ‘ചക്ക’ പോലൊരു ലളിതമായ മാധ്യമത്തെ ഉപയോഗിച്ചിരിക്കുന്നു സംവിധായകൻ.
പഴയതെല്ലാം നല്ലതെന്ന സ്ഥിരം പല്ലവിയിലേക്കൊരു ചായ് വില്ലേ “പൊന്നിൻ കാ…. സൂത്രത്തിൽ എന്നൊരു സംശയം ഒഴിച്ചു നിർത്തിയാൽ, ഈ ചിത്രം പറയുന്നത് സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന ഉച്ചനീച വേർതിരിവുകളെ കുറിച്ചാണ്. പുറമേ മുള്ളുള്ള അകമേ മധുരമുള്ള മനുഷ്യരേ കുറിച്ചാണ്.
കാത്ത് സൂക്ഷിക്കപ്പെടേണ്ട പൈതൃകത്തെ കുറിച്ച് ചിത്രം വേവലാതിപ്പെടുന്നില്ലെന്ന് വിശ്വസിക്കാനാണിഷ്ടം. മേൽപ്പറഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നാവാം സംവിധായകൻ ഈ ചിത്രമെടുത്തതെന്ന് കരുതുന്നു.
ഇനിയും വായനകൾക്കിടയുണ്ടാവാം ഈ അഞ്ച് മിനുട്ട് മാത്രം വരുന്ന ഹ്രസ്വചിത്രത്തിൽ.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത് പുത്തൂർ എസ് എൻ പുരം പൗർണ്ണമിയിൽ വിപിൻ പുത്തൂർ ആണ്.
കേരളം ഫാം ഇൻഫോർമേഷൻ ബ്യുറോയുടെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ചിത്രം പൂനെ അന്താരാഷ്ട്ര ഹ്രസ്വചിത്ര മേള,2018 ലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു .കൂടാതെ ഒൻപതോളം രാജ്യാന്തര , അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലും അവാർഡുകൾ നേടിയിട്ടുണ്ട് ചിത്രം.
അരുൺ വി ജെ, അദ്വൈത്, ക്രിസ്റ്റഫർ, കാട്ടിയ പോൾ, സുരേഷ് ബാബു, മോനച്ചൻ , രാജമ്മ, രജിത്, യദു തുടങ്ങിയവരാണ് അഭിനേതാക്കൾ. സുനില്‍ സി എന്‍ ആണ് ക്യാമറ. ജോയല്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
പാക്ക് അപ്പ് ഫിലിംസ് ആണ് “പൊന്നിൻകാ പൂക്കുന്ന സൂത്ര”ത്തിന്റെ നിർമ്മാതാക്കൾ.