ശ്യാമം

0
282

 

ഗിരീഷ് വർമ്മ ബാലുശ്ശേരി

ആയിരം ശിവരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ എഴുത്തുകാരിയാണ് ഡോ. ഓമന ഗംഗാധരൻ. മൃദുലവികാരമായ പ്രണയത്തിന്റെ നൂലിഴ പൊട്ടിയ ഹൃദയബന്ധങ്ങളുടെ വിങ്ങൽ, ജനിമൃതികൾക്കിടയിലെ മനസ്സുകൾ തമ്മിലുള്ള പൊരുത്തങ്ങൾക്കിടയിലെ അല്പനേരയാത്രകൾ മാത്രമായ ജീവിതവുമായുള്ള സന്ധിചേരലുകൾ, മണ്ണിലും മനസ്സിലും സ്മാരകങ്ങൾ തീർത്ത് പ്രണയത്തിന്റെ, സ്നേഹത്തിന്റെ കാവൽമാലാഖമാരായി പരിണമിച്ച് ശിഷ്ടകാലം ജീവിക്കൽ… മണിമത്തൂരിലെ ഒരായിരം ശിവരാത്രിയോർമ്മകളായി ആ നോവലും, അതിലൂടെ പിറവിയെടുത്ത ആ ചലച്ചിത്രവും.

ഇതുമാത്രം

ലണ്ടനിൽ പ്രവാസിയായ കഥാകാരിയുടെ പുതിയ നോവൽ ആണ് ഇതുമാത്രം. ഇന്ത്യൻ – അമേരിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു നോവൽ. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ ആറ്റിക്കുറുക്കിയെടുത്ത സത്ത്. ഒരു പാത്രത്തിലെ പലരുചികളുള്ള സത്ത്. നാവിനെ രുചികളുടെ സമ്പന്നതയിലേക്ക് നയിക്കുന്നത്… അറിവിന്റെ ആ രുചിക്കൂട്ട് നുണയുമ്പോൾ ഒരു സാധാരണ മനുഷ്യനിൽ നിന്നും മറ്റൊരു തലത്തിലേക്ക് നമ്മൾ എത്തപ്പെടുന്നുണ്ട്. വായനാരുചിയുടെ ഒരു പുതുസംസ്കാരത്തിലേക്ക്. അവിടെ നമ്മൾ പുതുചിന്തയുടെ അപാരതീരങ്ങൾ കണ്ട് അമ്പരക്കുകയും ചെയ്യുന്നുണ്ട്. ഒരു നോവലിന്റെ പരിമിതികൾ കടന്ന് ഒരു ചരിത്ര രചനയാണോ, ഒരാത്മകഥയാണോ, മനുഷ്യസംസ്കാരത്തിന്റെ, നവലോകനിർമ്മിതിയുടെ പണിപ്പുരയാണോ എന്നൊക്കെ സംശയിച്ചാലും തെറ്റില്ല… സകല ചരാചരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നിർമ്മിതി പോലെ വാക്കുകളുടെ ഒരു ലോകം തന്നെയാണ് നോവൽ. ഇതുമാത്രം,ഇത്രമാത്രം എന്ന് പതിയെ പറഞ്ഞുകൊണ്ട് നിർവൃതിയോടെ പിന്മാറുന്ന ശ്യാമയെന്ന സ്ത്രീയിലൂടെ പുരോഗമിക്കുന്നു ഈ നോവൽ… ലാളനകളും, തലോടലുകളും, കൊതിക്കുന്ന ഒരു മനസ്സാണ് മനുഷ്യന്റേത്. ജീവനുള്ള സകലതിന്റെയും എന്നും പറയാം. ആ സ്നേഹസാന്ത്വനങ്ങൾക്കപ്പുറത്തേക്ക് തള്ളിമാറ്റപ്പെട്ടപ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയി ശ്യാമയും. കുട്ടനാട്ടിലെ ഒരു പഴയ തറവാട്ടിലെ അംഗം. തലമുറകൾക്കപ്പുറത്തെ വല്യമ്മാവന്റെ, ഇങ്ങേയറ്റത്തെ പേരമ്മയുടെ, പെറ്റമ്മയുടെ തണലിൽ വളർന്നവൾ. കലാലയ ജീവിതത്തിൽ ശിവജി എന്ന പൂർണ്ണപുരുഷന്റെ കാമിനിയായവൾ. വാറ്റിയെടുത്ത സ്നേഹത്തിന്റെ പൂർണ്ണകുംഭം പേറിയവൻ, ആ അമൃതകുംഭത്തിലെ ഒരു തുള്ളിപോലും ജീവിതത്തോടൊപ്പം ആസ്വദിക്കാനാവാഞ്ഞവൾ. പ്രണയിതാവിന്റെ അകാലമരണത്തിൽ ജീവിതത്തിൽ അന്യയായിപ്പോയവൾ, ഒരു അമേരിക്കൻ പ്രവാസിയുടെ ഭാര്യയായി, ആദിത്യന്റെ അമ്മയായി, പിന്നെയും ഒറ്റപ്പെട്ടുപോയവൾ, അലസനായ, ഉറക്കത്തിൽ അഭിരമിക്കുന്ന ഭർത്താവിന്റെ വിചിത്രലോകത്തിൽ ശ്യാമയ്ക്ക് സ്ഥാനമില്ലായിരുന്നു. വളർന്നു വലുതായി വിവാഹിതനായപ്പോൾ മകന്റെ മുൻപിലും ചെറുതാക്കപ്പെട്ടവൾ-മരുമകളാൽ, ഒടുവിൽ ഗർഭാശയ ക്യാൻസർ പിടിപെട്ടവശയായ ശ്യാമയെ നിഷ്കരുണം പുറംതള്ളുകയാണ് കുടുംബം. നാട്ടിലേക്ക് തിരികെ പോയിക്കോളാൻ. അങ്ങനെ അൽപകാല ജീവിതം ജീവിച്ചുതീർക്കാനായി ശ്യാമ കുട്ടനാട്ടിലേക്കു തിരികെ വരുകയാണ്. നോവൽ വികസിക്കുന്നത് അവിടം മുതലാണ്. തുടക്കം മുതൽ അവസാനം വരെ ശ്യാമയുടെ ചിന്തകളിലൂടെ മാത്രം നീങ്ങുന്ന ഒരു കഥാകഥനരീതിയാണ് നോവലിസ്റ്റ് നിലനിർത്തിയിരുന്നത്. സ്നേഹനിരാസത്തിന്റെ പടുകുഴിയിൽ നിന്നും ജീവിതത്തെ നോക്കിക്കാണുന്ന ശ്യാമയുടെ ചിന്തകൾ പലപ്പോഴും കാടുകയറിപ്പോയോ എന്ന് വായനക്കാരന് സംശയം തോന്നുമെങ്കിലും നാടിന്റെ ഇന്നത്തെ തകർച്ചയിലൂടെ,സംസ്കാരശൂന്യതയിലൂടെ, സ്നേഹവിശ്വാസ തകർച്ചയിലൂടെ അത് പക്ഷെ മുന്നേറുകയാണ്, തകർത്തൊഴുകയാണ്.
ഹിമവാന്റെ മടിത്തട്ടിലൂടെ ഹരിദ്വാർ തുടങ്ങിയ പുണ്യഭൂമിയിലൂടെയുള്ള ശ്യാമയുടെ പ്രയാണം അതീവഹൃദ്യമായാണ് നോവലിസ്റ്റ് വിവരിച്ചിരിക്കുന്നത്. മഞ്ഞണിഞ്ഞ ഹിമവൽസാനുക്കളിലൂടെ അലയുന്ന ശ്യാമയുടെ ശരീരവും,മനസ്സും ,അവിടെ വെച്ച് പൂർത്തീകരിക്കാത്ത പോയ പ്രണയത്തിന്റെ സ്വപ്നചിത്രങ്ങളും മധുരോദാത്തം. ഒരലൗകിക പ്രണയത്തിന്റെ മാസ്മരികത വാക്കുകളിലെ വർണ്ണനകളിൽ സ്വർഗ്ഗസംഗീതം പൊഴിക്കുന്നത് അനുഭവവേദ്യം. 2018 ൽ കേരളം അനുഭവിച്ച മഹാപ്രളയത്തിന്റെ തീവ്രത ഈ നോവലിന്റെ അവസാനം വന്നെത്തുന്നുണ്ട്. പമ്പാനദിയുടെ കരയിൽ താമസിക്കുന്ന മനുഷ്യരടക്കം കേരളം മൊത്തം അനുഭവിച്ച ആ ദുരിതദിനങ്ങൾ വീണ്ടും കൺമുൻപിൽ കണ്ടപോലെ.എല്ലാത്തിനുമവസാനം വന്നെത്തുന്ന പ്രളയം എന്ന സങ്കല്പം കഥയോട് ചേർത്തുവെക്കുമ്പോൾ തികച്ചും അതൊരു പര്യവസാനമാവുകയുമായിരുന്നു… ന്യൂയോർക്കിലെ ഹഡ്സൺ നദിയും, കേരളത്തിലെ പമ്പാനദിയും മനുഷ്യസംസ്കാരത്തിന്റെ പിറവികൾ കണ്ട തീരങ്ങൾ. അവയിലൂടെ മനസ്സാ തുഴഞ്ഞുപോവുന്ന ആ കൊതുമ്പുവള്ളക്കാരി… നഷ്ട്ടപ്പെടലിന്റെ തീവ്രതയിൽ ജീവിതത്തെ മുറുകെ പിടിക്കാൻ കഴിയുക എന്നത് മഹാമനസ്സുകൾക്കു മാത്രം കഴിയുന്നത്. ഒരു മഹാരോഗം പിടിമുറുക്കിയിട്ടും ആശ കൈവിടാതെ, സ്വതന്ത്രചിത്തയായി ഇന്ത്യൻ സംസ്കാരത്തെ വണങ്ങി നിൽക്കുന്ന ശ്യാമയെന്ന മനസ്വിനി മലയാള നോവൽ ചരിത്രത്തിലെ ഓർമ്മകളിലെ ഒരേടാണ്…

LEAVE A REPLY

Please enter your comment!
Please enter your name here