കുടുംബശ്രീയുടെ 21 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഒക്ടോബര്‍ 11, 12, 13 തിയ്യതികളിലായി ജില്ലയില്‍ അരങ്ങേറും. ഇതിനായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി എം.പി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, എം.എല്‍.എമാരായ വി.ടി.ബല്‍റാം, മുഹമ്മദ് മുഹ്സിന്‍, പി.കെ.ശശി, പി.ഉണ്ണി, കെ.വി.വിജയദാസ്, എന്‍.ഷംസുദ്ദീന്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍ എന്നിവര്‍ സംഘാടകസമിതി രക്ഷാധികാരികളുമാണ്. ഷാഫി പറമ്പില്‍ എം.എല്‍.എ ചെയര്‍മാനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി വര്‍ക്കിംഗ് ചെയര്‍പേഴ്സണും, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ജനറല്‍ കോ-ഓര്‍ഡിനേറ്ററും, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി സംഘാടക സമിതിയില്‍ ജനറല്‍ കണ്‍വീനറുമായിരിക്കും.
മലയാള നോവല്‍ ശാഖയിലെ ശ്രദ്ധേയരായ സ്ത്രീ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കികൊണ്ടുള്ള അഞ്ച് വേദികളിലാണ് കലോത്സവം നടക്കുക. കറുത്തമ്മ, ഇന്ദുലേഖ, സുഹറ, ചെമ്മരതി, മുത്തശ്ശി എന്നീ പേരുകളിലുള്ള വേദികളില്‍ 14 ജില്ലകളില്‍ നിന്നുള്ള 2000 ത്തോളം കുടുംബശ്രീ അംഗങ്ങള്‍ 25 ഇനങ്ങളില്‍ മാറ്റുരയ്ക്കും. വിക്ടോറിയ കോളേജ്, മോയന്‍സ് എല്‍.പി സ്‌കൂള്‍, മോയന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലാമത്സര വേദികള്‍ സജ്ജമാവുന്നത്.
പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി യോഗം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവ പോസ്റ്റര്‍പ്രകാശനം ഷാഫി എം.എല്‍.എ നിര്‍വ്വഹിച്ചു. കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണദാസ് കലോത്സവ വേദികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഏറെ വൈവിധ്യങ്ങള്‍ കോര്‍ത്തിണങ്ങിയിട്ടുണ്ടെങ്കിലും സ്വന്തം ആചാരങ്ങളും അഭിരുചികളും മുറുകെ പിടിക്കാനുളള അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ടെന്നും ഒരാളുടെയും കഴിവിനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.