റഹീം പൊന്നാട്
അങ്ങനെയിരിക്കെ
ഒരു പാതിരാത്രിയിൽ
അവർ ഭാഷ നിരോധിച്ചു.
ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.
ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.
അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.
തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് ‘മാം’ കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് ‘ബാപും’
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
‘വെള്ളം’ ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.
കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ…
രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
“ജനാധിപത്യം”, “നാനാത്വം”.
ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
“കൊല്ലവനെ”, “രാജ്യദ്രോഹി”
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.