ശ്രീകുമാർ കൃഷ്ണൻ
പ്രണയം ഒരെലിയാണ്;
കെട്ടിപ്പൊക്കിയ
കൊട്ടാരങ്ങളിൽ
നിന്നും
തെരുവിലെ
കുടിലുകളിലേക്കു
ജീവനും
കൊണ്ടിറങ്ങിയോടിയ
എലി.
കൊട്ടാരങ്ങളിൽ
അതിനെ
കെണി വെച്ചു പിടിക്കുമ്പോൾ.,
കുടിലുകളിൽ അത്
തലങ്ങും വിലങ്ങും ഓടും,
വീട്ടുകാരനും
വീട്ടുകാരിക്കുമിടയിലെ
അതിരുകളെ കാർന്നു തിന്നും;
ദുഖങ്ങൾക്കിടയിൽ
മാളം തീർത്ത് അതിനെ
പൊളിച്ചിടും.
നിരാശയുടെ ഉണക്ക മീനുകൾ
കട്ടു കൊണ്ടു പോകും
കണ്ണുനീർ മഴയിൽ
നനഞ്ഞിരിക്കുമ്പോൾ
ഇടയ്ക്കിടയ്ക്ക്
മാളങ്ങളിൽ നിന്ന് തല
വെളിയിലേക്കിട്ടു സാന്നിദ്ധ്യം ഓർമപ്പെടുത്തും.
മനസ്സിന്റെ അടഞ്ഞ
അറകളിൽ കുഞ്ഞുങ്ങളെ
പെറ്റു കൂട്ടും
എത്ര തൂത്തെറിഞ്ഞാലും പോകാതെ
ഏത് “മ്യാവൂ” വിളികളിലും ഭയക്കാതെ……..
വര: ശ്രീകുമാർ കൃഷ്ണൻ