സ്മിത ഗിരീഷ്
കുട്ടിക്കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോകണമെങ്കിൽ ഒരു കുറുക്കുവഴിയുണ്ടായിരുന്നു. വീട്ടിൽ നിന്നും ഒരു കൊക്കോ തോട്ടത്തിൽ കയറി, ഒരു ഇടത്തൊണ്ട് ചാടി റബ്ബർത്തോട്ടം കഴിഞ്ഞ് വലിയൊരു വീടിന്റെ ഗേറ്റ് കടന്ന് മൺറോഡിൽ ഇറങ്ങി കയറ്റം കയറി വളഞ്ഞെത്തിയാൽ അവളുടെ വീടായി. ഇതിൽ ഓരോ സ്ഥലവും കടന്ന് ഒറ്റയ്ക്ക് പോവാൻ നല്ല പേടിയുണ്ട്. കൊക്കോത്തോട്ടത്തിനകത്ത് ഒരു ഒഴിഞ്ഞ വീടുണ്ട്. പണ്ട് അവിടെ ഒരു ചെരുപ്പ് കടക്കാരനും അയാളുടെ സുന്ദരിയായ ഭാര്യയും കുഞ്ഞും താമസിച്ചിരുന്നു!
കറുത്ത് തടിച്ച അന്തർമുഖനായ ഒരാളായിരുന്നു ചെരുപ്പുകടക്കാരൻ. ചെരുപ്പുകടക്കാരന്റെ ഭാര്യ ചുരുണ്ട മുടികോതി അവിടെ മുറ്റത്ത് നിന്നിരുന്നത് ഓർക്കുന്നു. അവരുടെ ചുവന്ന ചുണ്ടും, ചുരുണ്ട മുടിയും നോക്കി എന്തൊരു സുന്ദരി എന്ന് ഓർത്തിട്ടുണ്ട്. ആ സ്ത്രീ രണ്ടാമത്തെ പ്രസവത്തിൽ മരിച്ചു പോയതായി കേട്ടു. അതിന് ശേഷം ആ വീട് ഒഴിഞ്ഞ് അയാൾ കുഞ്ഞുങ്ങളുമായി അവിടെ നിന്ന് താമസം മാറിപ്പോയി. പിന്നീട് ആ വഴി പോകുമ്പോൾ ആ വീട്ടിലേക്ക് നോക്കാൻ ഒരു പേടിയായിരുന്നു.
കാറ്റിൽ പാതി തുറന്ന ജനാലയിലൂടെ അകത്തെ ഇരുട്ടിൽ നിന്നും തെളിഞ്ഞ മുഖമുള്ള ആ സുന്ദരി മരണത്തിനപ്പുറമുള്ള ലോകത്ത് നിന്ന് വഴി പോകുന്നവരെ നോക്കുന്നുണ്ടാവുമോ? കൊക്കോത്തോട്ടം എന്ന കടമ്പ ഓടിയും നടന്നും ഒരു വിധത്തിൽ താണ്ടും. പിന്നെയാണ് ഇടത്തൊണ്ട്. നിറയെ കരിയിലകളും കുറ്റിച്ചെടികളും മാട്ടകളിൽ പൊത്തുകളുമുള്ള അവിടുത്തെ പ്രധാന പേടി പാമ്പുകളെ ഓർത്താണ്. കാൽ അറിയാതെ ചവിട്ടുന്നത് പതുങ്ങിക്കിടക്കുന്ന ഒരു പാമ്പിനെ ആകുമോ? പറന്നാണ് ഇടത്തൊണ്ട് കടക്കുക.. അവിടുന്ന് വിശാലമായ റബ്ബർത്തോട്ടം. തട്ടുതട്ടായിങ്ങനെ കിടക്കുകയാണ്.. ആ തോട്ടത്തിന്റെ ഉടമസ്ഥന്റെ മകൾ എന്റെ ട്യൂഷൻ ടീച്ചറായിരുന്നു.. അവരുടെ വീട് അതിനുള്ളിലുണ്ട്… അതു കൊണ്ട് പാട്ടൊക്കെ പാടി അര ഏക്കറോളം വരുന്ന റബ്ബർത്തോട്ടം കടന്നു പോകും.. അതിനു ശേഷം ഒരു വലിയ വീടായിരുന്നു. പഴയ മാതൃകയിൽ രണ്ടു നിലയിൽ പണിത ആ വീടിന്റെ പിന്നിലെ മോട്ടോർ പുരയുടെ വശത്ത് കൂടി അവരുടെ വീട് വളഞ്ഞ് മുൻവശത്തെ ഗാർഡൻകോംപൗണ്ട് കടന്ന് നീളൻ നടപ്പാതയ്ക്കപ്പുറമുള്ള ചെറിയഗേറ്റും കടന്ന് വേണം മൺ റോഡിലെത്താൻ! വീട്ടുകാർ ഉദാരർ ആയതു കൊണ്ടാവണം അതിലെ നടന്നു പോകാൻ നാട്ടുകാരെ അനുവദിച്ചിരുന്നത്. വയസായ ഒരു അമ്മച്ചിയും അപ്പച്ചനും ആയിരുന്നു അവിടുത്തെ താമസക്കാർ. അവരുടെ സഹായി ആയിരുന്ന ഒരു ചേടത്തി മുഷിഞ്ഞ ചട്ടയും മുണ്ടുമുടുത്ത് അടുക്കളപ്പുറത്തും പറമ്പിലും പ്രസന്നയായി ഓടി നടന്നിരുന്നു. ഇടയ്ക്ക് അമ്മച്ചി എന്നെ വിളിച്ചു നിർത്തി വിശേഷങ്ങൾ ചോദിക്കും കമ്പിളി നാരങ്ങയും സംഭാരവും തരും. ആ വീടിന്റെ പറമ്പിലെല്ലാം ധാരാളം ലില്ലി ചെടികൾ വളർന്ന് നിന്നിരുന്നു. സീസണായാൽ ഭൂമി പൂത്തത് പോലെ ഓറഞ്ച് പൂക്കൾ.
ആ വീട്ടിലെ ഇളയ മകൻ ദൂരെയെവിടെയോ പഠിക്കുകയായിരുന്നെന്നും കഞ്ചാവ് അടിച്ച് സമനില തെറ്റി നാട്ടിൽ വന്ന അയാളെ മരുന്ന് കൊടുത്ത് ആ വീട്ടിന്റെ തട്ടിൻപുറത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ആരോ പറഞ്ഞിട്ടുണ്ട്. അതിലെ പോവുമ്പോൾ എന്റെ പേടിക്കണ്ണ് ആ വീടിന്റെ മുകൾനിലയിലേക്ക് അറിയാതെ പായും. മണി പ്ളാൻറും പിച്ചകവും പടർന്ന ജനാലകൾ അടഞ്ഞുകിടന്നു. ഒരു യുവാവ് അവിടെ താമസിച്ചിരുന്ന യാതൊരു ലക്ഷണവും അവിടെ കണ്ടിട്ടില്ല. ലില്ലിപ്പൂക്കളും, പിച്ചി പടർന്ന ജനാലകളും, തണുത്ത ചുവന്ന സിമന്റ് പൂമുഖവും, വയസ്സായ ആളുകളുടെ സൗമ്യ വിശുദ്ധമായ ഏതോ എണ്ണ ഗന്ധവും, മാംസക്കറികൾ മസാലയിൽ താളിക്കുന്ന ഗന്ധവുമൊക്കെയാണ് ആ വീടിനെക്കുറിച്ചുള്ള ഓർമ്മ.
കൂട്ടുകാരിയുടെ വീട്ടിൽ ഇങ്ങനെ പോവുന്നത് മിക്കവാറും സ്റ്റഡി ലീവിന് ഒക്കെയാവും. രാവിലെ പോയാൽ ഉച്ചയാകുമ്പോൾ തിരികെ വരും. ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും മയങ്ങുന്ന ഒരു സമയത്താണ് മടക്കം. ഇപ്പോൾ ആ കാലം ഓർക്കുമ്പോൾ പേടി തോന്നുന്നു പത്തോ പതിമ്മൂന്നോ വയസുള്ള ഒരു പെൺകുട്ടിയ്ക്ക് ഇന്ന് അങ്ങനെ നമ്മുടെ നാട്ടിൽ ഇത്തരം വിജനമായ സ്ഥലത്ത് കൂടി പേടിക്കാതെ നടന്ന് പോവാൻ സാധിക്കുമോ? കുട്ടിക്കാലത്ത്, അതു കഴിഞ്ഞ് കണ്ടതും, ഭാവനയിൽ സങ്കൽപ്പിച്ചുണ്ടാക്കിയതുമായ ചില വീടുകൾ
എന്നെ ഇപ്പോഴും വല്ലാതെ വേട്ടയാടും. അങ്ങനെ മഴക്കാലത്ത് റോഡരുകിൽ കണ്ട ഒന്നാണ് കരിനെച്ചി മേൽക്കൂരയിലേക്ക് പടർന്ന ഒരു വീട്. നരേന്ദ്രേട്ടന്റെ വീട് എന്നാണ് ഞാനതിന് പേരിട്ടത്. ഇത്തരം കുറച്ചേറെ വീടുകളുണ്ട്. പുഴയോരത്തെ വീട്, പടവുകൾ കയറിയെത്തുന്ന വീട്, അടച്ചിട്ട വീട്, ആൾപ്പാർപ്പുള്ള വീട്.. ഇങ്ങനെ കാണുന്ന വീടുകളുടെ ഉള്ളറകൾ എങ്ങനെയാവും അവിടെ ആരൊക്കെ താമസിക്കുന്നുണ്ടാവും അവർക്ക് ദുഃഖമാകുമോ, സന്തോഷമാകുമോ അവിടെ പ്രേമിക്കുന്നവർ ഉണ്ടാകുമോ? മരണം കാത്തു കിടക്കുന്നവരും കലഹക്കാരും ഉണ്ടാകുമോ ഇങ്ങനെ പല പല കാര്യങ്ങൾ മനസിൽ കൂടി കടന്നു പോകും.
ഇന്നിപ്പോൾ കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഈ വീടിനെ ഓർമ്മിക്കാൻ കാരണമുണ്ട്. ഒരു നട്ടുച്ച നേരം. സന്തോഷഭരിതമായ ഒരു ഡിസംബർ കാറ്റ് തൊട്ടുതലോടുന്നു.വീട്ടിലെ ഗേറ്റ് കടന്ന് ഞാൻ തിരികെ പോവുകയാണ്. പറമ്പിലെങ്ങും ലില്ലിപ്പൂക്കൾ പൂത്ത് നിൽക്കുന്നു. കാറ്റിലാടുന്ന ഉണ്ണീശോപ്പുല്ലിന്റെ തലപ്പുകൾ.കുറച്ചേറെ ലില്ലിപ്പൂക്കൾ പൊട്ടിച്ച എനിക്ക് ദാഹം തോന്നി. ആ അമ്മച്ചിയോ, ചട്ടയിട്ടചേടത്തിയോ അവിടുണ്ടേൽ കുറച്ച് വെള്ളം ചോദിക്കാമെന്ന് കരുതി. വീട്ടിലേക്ക് നടന്നു.. ജാലകത്തിലേക്ക് ഒളിച്ചു പടരുന്ന പിച്ചകമൊട്ടുകൾ. പൂമുഖത്ത് നിവർത്തിയിട്ട ദിനപ്പത്രം താൾ മറിഞ്ഞ് താഴെ ചിതറിക്കിടക്കുന്നു. തുറന്ന വാതിലുകൾ കടന്ന് എന്ത് ധൈര്യത്തിലാണ് വീട്ടിനുള്ളിലേക്ക് കയറിയത്? മച്ചിട്ട മുറികൾ, മുറികളിലെ ഇരുട്ട്, കുന്തിരിക്കത്തിന്റെ ഗന്ധം.. അമ്മച്ചി കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ച അകത്തു കടന്ന ഞാൻ എത്തിയത് അടുക്കളയിൽ ഇട്ട ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് എന്തോ കഴിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുൻപിൽ. മുടി വളർന്ന് മുറ്റിയ താടിയുള്ള വെളുത്ത് മെലിഞ്ഞ വേദനിക്കുന്ന ക്രിസ്തുവിനെ മുഖമുള്ള പോലെ ഒരുവൻ… പെട്ടെന്നാണ് ഓർത്തത്. ഇതാവുമോ ഞാൻ കേട്ട ആ വീട്ടിലെ ഭ്രാന്തു പിടിച്ച ആരും കാണാത്ത ആ മകൻ? ഇവിടെങ്ങും ആരുമില്ലേ? അയാൾ എന്നെ കണ്ടിട്ടില്ല…. ഇറങ്ങി ഓടിയാലോ? തിരിഞ്ഞ് ഓടാൻ വാതിലുകൾ കാണുന്നില്ല… അയാൾ നിർവികാരനായി കുനിഞ്ഞ് അവിടിരുപ്പുണ്ട്. അടുപ്പിൽ എന്തോ തിളയ്ക്കുന്നുണ്ട്. വാതിൽ തേടി പോകുന്ന ഞാൻ വീടിനുള്ളിലെ കരിയിലേക്ക്, ..കറുപ്പിലേക്ക്, തട്ടി വീഴുന്നു.. തടഞ്ഞു നിൽക്കുന്നു… ഒടുവിൽ ഒരു കരച്ചിലേക്ക് കുട്ടിക്കാലത്ത് നിന്നും ഞെട്ടിയുണരുകയായിരുന്നു!
ഇത് ഇന്നലെക്കണ്ട സ്വപ്നമായിരുന്നു.
ഒരു വ്യക്തിയുടെ കുട്ടിക്കാലം അയാളെ എത്രമുതിർന്നാലും പിന്തുടരുന്നു എന്നോർമ്മിപ്പിച്ച ഒരു സ്വപ്നം!
വാക്കുകൾക്കപ്പുറമുള്ള ഒന്ന്!
ഒളിച്ചു വെച്ചിട്ടും മനസിന്റെ കിളിവാതിലുകളിലൂടെ പേടിച്ച് ഒളിഞ്ഞു നോക്കി മറഞ്ഞു നിന്നിരുന്ന കുട്ടിക്കാലത്തെ ഒരു പറയാപേടിക്കിനാവ്!