ശ്രീധന്യ സുരേഷ്
എന്തേ ഓപ്ഷണൽ ആയി മലയാളം തിരഞ്ഞെടുത്തു?? zoology ആയിരുന്നില്ലേ പഠിച്ചത് അത് എടുത്താൽ പോരായിരുന്നോ?? റിസൾട്ട് വന്നത് മുതൽ കേൾക്കുന്ന ചോദ്യമാണ്… ആദ്യമൊക്കെ ഭാഷയോടുള്ള എന്റെ പ്രണയം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത് എന്ന് ആവേശത്തോടെ പറഞ്ഞിരുന്ന ഞാൻ ചോദ്യം പതിവായപ്പോൾ ആവേശം അല്പം കുറച്ചു ആലോചിച്ചു.. നിർമല ഹൈസ്കൂളിലെ വാസുദേവൻ മാഷ് മനസ്സിലേക്ക് വന്നു. മലയാളത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് അദ്ദേഹത്തിലൂടെയാണ്.. ഭാഷയെന്നാൽ അമ്മയാണ് എന്നാണ് മാഷ് പഠിപ്പിച്ചത്. ഏറ്റവും സജീവമായ ക്ലാസ്സ് മുറികളാണ് മാഷ് ഞങ്ങൾക്ക് സമ്മാനിച്ചത്. ചങ്ങമ്പുഴ യെയും എം. ടി യെയും ഇഷ്ടപ്പെട്ടു തുടങ്ങിയ കൗമാരക്കാരിക്ക് പക്ഷെ മലയാളം പഠനം പത്താം ക്ലാസ്സിൽ വച്ചു നിർത്തേണ്ടി വന്നു. പിന്നീടുള്ള ക്ലാസ്സുകളിൽ സെക്കന്റ് ലാംഗ്വേജ് ആയി ഹിന്ദി ആയിരുന്നു തിരഞ്ഞെടുത്തത്.. മേല്പറഞ്ഞ ചോദ്യം റിപീറ്റ് അടിച്ചപ്പോൾ ഒരു മാന്യദേഹം കൂട്ടി ചേർത്തത് ഇങ്ങനെ ആയിരുന്നു മലയാളം മീഡിയ ത്തിൽ പഠിച്ചത് കൊണ്ട് ഇംഗ്ലീഷ് അറിയാത്തത് മൂലമാണോ മലയാളം തിരഞ്ഞെടുത്തത് എന്നായിരുന്നു. ആദ്യം ഉത്തരം പറഞ്ഞില്ല.. ആലോചിച്ചത് അയാളുടെ മനസ്സിനെ കുറിച്ചായിരുന്നു, ഭാഷയോടുള്ള മലയാളിയുടെ സമീപനത്തെ കുറിച്ചായിരുന്നു… ഏറെ ഇഷ്ടപ്പെട്ടു പഠിച്ച ഓപ്ഷണൽ ഒരു നിമിഷത്തേക്ക് ഓർമയിൽ വന്നില്ല ഇംഗ്ലീഷിൽ തന്നെ മറുപടി കൊടുത്തു. കേട്ടു കഴിഞ്ഞപ്പോൾ അയാളുടെ ഇംഗ്ലീഷ് അറിയില്ലേ എന്ന സംശയം മാറിയിട്ടുണ്ടാകും എന്നാണ് തോന്നുന്നത്. കാരണം പിന്നീട് അദ്ദേഹം മൗനവ്രതത്തിൽ ആയിരുന്നു.. മാതൃഭാഷ സംസാരിച്ചാൽ ഫൈൻ വാങ്ങുന്ന സ്കൂളുകളും, പണിഷ്മെന്റ് നൽകുന്ന സ്കൂളുകളും തഴച്ചു വളരുന്നത് ഇദ്ദേഹത്തെ പോലുള്ള ആളുകൾ കാരണം ആണല്ലോ എന്നാലോചിച്ചപ്പോൾ നിരാശ ആണു തോന്നിയത്… ഭാഷയെ സ്നേഹിക്കാതെ എങ്ങനെയാണ് നമ്മൾ മലയാളികൾ ആകുന്നത്? നമ്മളുടെ കുരുന്നുകളെ എന്തിനാണ് ഭാഷയിൽ നിന്ന് അകറ്റുന്നത്.? എവിടെയാണ് മലയാളം സംസാരിക്കുമ്പോൾ നമ്മൾ ചെറുതായി പോകുന്നത്? പുതിയ തലമുറയുടെ അനക്കമില്ലാതെ ചുരുങ്ങിപോകുന്ന ഗ്രാമവായന ശാലകളും, വിരൽസ്പർശമില്ലാതെ പൊടിപിടിച്ചുപോകുന്ന പുസ്തകങ്ങളും മലയാളത്തെ വരും കാലങ്ങളിൽ വിസ്‌മൃതിയിൽ ആഴ്ത്തുമോ എന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്ന ഒരു ജനത വേറെ ഉണ്ടാകില്ല. അത്രയ്ക്ക് പുച്ഛം ആണല്ലോ മലയാളത്തിനോട് മലയാളികൾക്ക്..