സൂര്യ സുകൃതം
നമുക്കിടയിൽ ചിലരുണ്ട് – അല്ല ! കൃത്യമായ് പറഞ്ഞാൽ ചില പെണ്ണുങ്ങളുണ്ട്, അവനവനിൽ അത്രമേൽ വിശ്വാസമർപ്പിക്കുന്നവർ. ഏറ്റെടുക്കുന്നതും ഏൽപ്പിക്കപ്പെടുന്നതുമായ എന്തും ഒരു പക്ഷേ ഇന്നേ വരെ ചെയ്തു പരിചയിച്ചിട്ടില്ലാത്ത എന്ത് കാര്യവും 100 % ആത്മാർത്ഥമായ് പൂർത്തിയാക്കാൻ കെൽപ്പുള്ളവർ. “തുമാരി സുലു “വിലെ സുലോചന അങ്ങനെയാണ്. ഭർത്താവിനും മകനുമൊപ്പം തികച്ചും യാഥാസ്ഥിതികമായ ജീവിതം നയിക്കുമ്പോഴും മുന്നിൽ പെടുന്ന ഓരോ അവസ്ഥയേയും അവസരങ്ങളോ സ്വപ്നങ്ങളോ ആക്കി മാറ്റാൻ കഴിവുള്ളവൾ. ചാക്ക് ചാട്ടം, കസേര കളി, പാചക മത്സരം തുടങ്ങി നാട്ടിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും ഒന്നു വിടാതെ എല്ലാത്തിലും വിജയിക്കുകയും ചെയ്യുന്ന സുലു. തന്റെ ഈ കുഞ്ഞു കുഞ്ഞു വിജയങ്ങളിൽ നിന്നാർജിക്കുന്ന ആത്മവിശ്വാസം അവളെ കൊണ്ടെത്തിക്കുന്നത് തികച്ചും വ്യത്യസ്തവും ഉയർന്നതുമായ മറ്റൊരു മേഖലയിലാണ്.
ഇന്ത്യൻ സിനിമകളിലെ നായികാ സങ്കൽപങ്ങളെ ഉടച്ചു വാർക്കുന്ന തരം കഥാപാത്രങ്ങൾ ചെയ്യാൻ പല തവണ ഭാഗ്യം സിദ്ധിച്ച നടിയാണ് പദ്മശ്രീ വിദ്യാ ബാലൻ. കേവലം ഭാഗ്യമെന്ന് പറയാനാവില്ല. ഒരു മികച്ച നടി എന്ന നിലയിൽ, അഭിനയിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പിലും അവർ അത്രമേൽ സൂക്ഷ്മത പുലർത്തുന്നുണ്ട് എന്ന് വേണം കരുതാൻ. സാധാരണക്കാരിയായ ഒരു വീട്ടമ്മ, കുടുംബത്തിലെ കുരുത്തം കെട്ട തന്റേടിയായ ഇളയ മകൾ, കുസൃതിയും കൗശലവും കൊണ്ട് ഭർത്താവിനെ സ്നേഹിച്ച് വരുതിയിലാക്കിയ ഭാര്യ, തുറന്നടിച്ച സംസാര ശൈലി കൊണ്ട് എന്തും നേടിയെടുക്കുന്ന സുലോചന, മാദക സ്വരം കൊണ്ട് തന്റെ റേഡിയോ പ്രേക്ഷകരെ ഉന്മത്തരാക്കുന്ന തുമാരി സുലു എന്നിങ്ങനെ ഒരൊറ്റ വ്യക്തിയിൽ തന്നെ ഒരു 100 കഥാപാത്രങ്ങളെന്ന പോലൊരു കഥാപാത്രത്തെ അത്രമേൽ കൃത്യമായ് അഭിനയിച്ച് ഫലിപ്പിക്കാൻ വിദ്യക്ക് കഴിഞ്ഞു. അതിസൂക്ഷ്മമായ ഭാവവ്യതിയാനങ്ങൾ കൊണ്ട് പ്രേക്ഷകരെ അന്പരപ്പിക്കുന്ന അവരുടെ സ്ഥിരം അഭിനയതന്ത്രം തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിനു കാരണം.
വിദ്യ എന്ന നടിയുടെ മുഴുവൻ തന്റേടവും അതേ പടി പകർന്നു നൽകത്തക്ക വിധം ഒരു കഥയും കഥാപാത്രവും സൃഷ്ടിച്ചിരിക്കുന്നു സംവിധായകൻ സുരേഷ് ത്രിവേണി. പ്രത്യേകം പരാമർശിക്കേണ്ട മറ്റൊരു കാര്യം ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. തികച്ചും ലളിതമായ് ആവശ്യത്തിനൽപ്പം എന്ന രീതിയിലാണ് സംഗീതത്തെ ഉപയോഗിച്ചിട്ടുള്ളത്. വളരെ ഗൗരവമേറിയ സ്ത്രീപക്ഷ ചിന്തകൾ,നർമ്മം കലർത്തി, പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്ന ഒരു നല്ല കുടുംബചിത്രം തന്നെ ആണ് “തുമാരി സുലു”.
When is it going to release?
it’s a now running movie