ഡോ. എം.പി. പവിത്ര
സ്നേഹത്തിന്റെ നീല വിഷമായിരുന്നു
എന്റെ നിലനിൽപ്പ്.
നീ അതാദ്യം തന്നെ പറിച്ചെടുത്തു-
മുഴുവനായിട്ടും.
എന്നിട്ടും നീ മകുടിയൂതുമ്പോൾ
ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു—
നിനക്കിഷ്ടമുള്ള ചലനങ്ങളിൽ.
എനിക്കു തോന്നുമ്പോൾ മാത്രം
എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന
സ്വന്തം ഫണം മുഴുവൻ
നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു
നീ പറയുന്നതനുസരിച്ചു ചുരുക്കുന്നു
വന്യമായ സ്നേഹത്തിന്റെ മാണിക്യക്കല്ലുകൾ
കണ്ണിൽ നിറയുന്നതു കൊണ്ടും
നെഞ്ചിൽ മിടിക്കുന്ന സ്നേഹത്തിന്റെ മകുടിയൂതലിൽ
പിടയുന്ന നാഗഫണങ്ങളുള്ളതു കൊണ്ടുമല്ലാതെ മറ്റെന്തുകൊണ്ടാവാമത്?
നിന്നിലില്ലാതെയാവാൻ
തികച്ചും
ചില കരിനീലിച്ചദംശനങ്ങൾ.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in