തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിനു പുറമേ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്രഭാഗത്ത് നാളെയോടെ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ തീരമേഖലകളില്‍ നിന്ന് 19 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വലിയതുറ ബഡ്സ് യുപി സ്കൂള്‍, വലിയതുറ ഗവണ്മെന്റ് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. മത്സ്യബന്ധനത്തിന് പോകുന്നവരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്നാട് ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോയവരോട് അത്രയും വേഗം തിരിച്ചുവരാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.