രഗില സജി
ചൂട് താങ്ങാതെ
മാളം വിട്ടിറങ്ങിയ ഒരു പാമ്പ്
വീട്ടിലേക്കിഴഞ്ഞു വന്നു.
മറ്റാരെങ്കിലും കണ്ടാൽ
കൊന്നുകളഞ്ഞേക്കുമതിനെയെന്ന്
പേടിച്ച്
വാഷ്ബേസിന്റെ ഇടുക്കിലോ
മൺകൂജയുടെ വിണ്ട വക്കിലോ
ഞാനതിനെ തിരുകി വച്ചു.
കുട്ടികളുമവനും പോയ്ക്കഴിയുമ്പോൾ
പുറത്തേക്ക് വരട്ടേ എന്നനുവാദത്തിന്
പാമ്പ് തല നീട്ടും.
ജനലഴികളിൽ പിണഞ്ഞ്
ആകാശത്തേക്ക് നോക്കാൻ കൊതിക്കും സർപ്പത്തെ കവിതയിലേക്ക്
ക്ഷണിച്ചു.
നീ നട്ട മന്ദാരത്തിന്നില
മണപ്പിച്ചു.
തുടകൾക്കിടയിൽ ഒളിഞ്ഞിരിക്കും
ആകാശച്ചിറകുകൾ കാണിച്ചു.
മറുകുകളിൽ മിന്നും നക്ഷത്രങ്ങളെണ്ണി,
അടവച്ച വാക്കുകൾ
തൊട്ടു നോക്കി.
ഉരിഞ്ഞിട്ട ഉടുപ്പുകളുമലങ്കാരങ്ങളും മണ്ണിലേക്ക് കുടഞ്ഞിട്ടു
വീടനങ്ങുമ്പോൾ അവനവനെ ഒളിച്ചുവക്കേണ്ടിടങ്ങളെ കാട്ടിക്കൊടുത്തു.
കെട്ട കാലത്തിന്റെ
വീഞ്ഞുമപ്പവും ഞങ്ങളൊപ്പം രുചിച്ചു.
ഒടുവിൽ,ഒന്നുമൊന്നും പകരം തരാനില്ലാത്തവൻ ഒറ്റ ദംശനത്താ ലവനെപ്പകർന്നു.
വൈകുന്നേര വെയിലിനൊപ്പം
വിരിയുന്ന വയലറ്റ് പൂക്കളേ,
നമ്മിലാർക്കാണ് കൂടുതൽ നീലിമ
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in