അവിനാഷ് ഉദയഭാനു
( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)
പീറ്റർ,
ഞാനുണരുന്നതിനും മുൻപെ
മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ
കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്.
അവയ്ക്ക് പിറകേയല്ലേ നീയും പോയത്?
നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ
പ്രാവിൻ തൂവലുകൾ
തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.
മഞ്ഞിൽകുതിർന്ന തൂവലുകളിൽ
നിന്റെ വിരലറ്റങ്ങൾ സ്പർശിക്കുമ്പോൾ എന്റെ ചെവിയിൽ
ഒരു പ്രാവിൻ കുറുകൽ.
(അടുപ്പിലേക്ക് നീട്ടിവെച്ച കൈകളിൽ ചൂടുപിടിപ്പിച്ച് അൽപ്പം കൂടി ശബ്ദത്തിൽ ) .
കൂമ്പിയ ഇലകളിൽ പച്ച മുലക്കണ്ണ് പോലെ
കാബേജുകൾ വിളഞ്ഞിരിക്കുന്നു.
തുറന്ന മുലകളുടെ ഒരു പാടമായി വീടും ഞാനും നിന്നിലേക്ക് വഴുതിയിരിക്കുന്നു.
(ചൂടുപിടിച്ച കൈപ്പത്തി കവിളിൽ ച്ചേർത്ത് )
ആട്ടിൻപ്പറ്റത്തിലേക്ക് ചുഴറ്റിയ മുളങ്കമ്പിന്റെ അറ്റത്ത് നിന്നും മെലിഞ്ഞ നിന്റെ വിരലുകളെ മോചിപ്പിക്കുക.
നീണ്ട നീണ്ട ഒരു തീവണ്ടിയാക്കി അവയെ എന്റെയുടലിലേക്ക് ഫ്ലാഗ് ഓഫ് ചെയ്യുക.
(രോമക്കുപ്പായത്തിന്റെ കീശയിൽ നിന്നും ഉറയിട്ട കൈകൾ പുറത്തെടുത്ത് കൊണ്ട് മലമുകളിൽ നിന്നും)
ലില്ലീ…
വിജനമായ
ഈ കുന്നിൻ പുറത്ത് നിന്നും
എനിക്കാടുകളെ കണ്ടെത്താനാവുന്നില്ല.
ഇടയന്റെ ചൂളം വിളികളാകെ
നേർത്ത് നേർത്ത് മഞ്ഞിലലിഞ്ഞിരിക്കുന്നു.
( തുകൽ സഞ്ചിയിലെ തണുത്ത റൊട്ടിക്കഷ്ണങ്ങൾ ചവക്കുന്നു)
നിന്റെ തുടകൾക്കിടയിലായി
ഞാനിന്നലെ ഒരു പങ്കായം പച്ചകുത്തിയിട്ടുണ്ട്.
ലാവണ്ടർ നിറം പൂശിയ വിരലുകൾ കൊണ്ട് നീയതിൽ മെല്ലെ സ്പർശിക്കണം.
നിന്റെ അടിവയറിന്റെ ചൂടിലേക്ക് ആടുകൾ പതുക്കെയെത്തുമെന്നാണ്
ഇവിടെ തടവിലാക്കപ്പെട്ട മാന്ത്രിക വെയിൽ പറഞ്ഞത്.
ആടുകളെ നിറച്ച മഞ്ഞുതീവണ്ടിക്കായി
നീ നിന്റെ കവാടം
തുറന്നു വെക്കുക.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in