നിധിന്‍ വി.എന്‍.
ഒരേ കുടുംബത്തില്‍ നിന്നും പാട്ടും, ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസായിരിക്കുന്നു. ബന്ധുക്കളായ അശ്വതിയും വിഷ്ണുവും കാവ്യയും കൈകോര്‍ക്കുന്നു എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ ആകര്‍ഷകത. ‘നാനൊരു വിളയാട്ട് ബൊമ്മയാ’ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. ഏഴുവര്‍ഷമായി സിനിമാ രംഗത്തുള്ള വിഷ്ണുവിന്റെ നാലാമത്തെ മ്യൂസിക് വീഡിയോ ആണിത്.
‘നാനൊരു വിളയാട്ട് ബൊമ്മയാ’ എന്ന പ്രശസ്ത ശാസ്ത്രീയ സംഗീതം ആലപിച്ചിരിക്കുന്നത് കമല സുബ്രഹ്മണ്യവും, കാവ്യയും ചേര്‍ന്നാണ്. പ്രശസ്ത പിന്നണിഗായികയും വയലിനിസ്റ്റുമായ കാവ്യാ അജിത്തിന്റെ ആദ്യ ഗുരുവും, അമ്മാമ്മയുമാണ് കമല സുബ്രഹ്മണ്യം.
‘വിമാനം’, ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’, ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ തുടങ്ങിയ സിനിമകളില്‍ കാവ്യാ അജിത് ആലപിച്ച പാട്ടുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഒട്ടനവധി സ്റ്റേജ് ഷോകളും മ്യൂസിക് വിഡിയോസുമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരിയാണ് കാവ്യാ അജിത്. കാവ്യാ അജിത്തിനൊപ്പം വിഷ്ണു ചെയ്യുന്ന നാലാമത്തെ മ്യൂസിക് വീഡിയോയാണിത്. സന്ധ്യയ്ക്ക് അമ്മാമ്മയും പേരക്കുട്ടിയും ചേര്‍ന്ന് പാടുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
പാട്ടിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുന്നത് അശ്വതി ലേഖയാണ്. ഡാന്‍സ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് അശ്വതിയുടെ അമ്മ ലേഖയാണ്. വാഫ്റ്റ് എന്ന ഹ്രസ്വചിത്രത്തില്‍ വിഷ്ണുവിനൊപ്പം ഒന്നിച്ച മുഹമ്മദ് അഫ്താബാണ് ഈ മ്യൂസിക് വീഡിയോയുടെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു മ്യൂസിക് വീഡിയോയുടെ ഷൂട്ട്.