ജാപ്പനീസ് പഠിക്കാൻ ജാപ്പനീസ്-മലയാളം നിഘണ്ടു തയാറായി

0
141
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്‌ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ്-മലയാളം നിഘണ്ടു സാംസ്‌കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്തു.
പുതിയ ഭാഷ മനസിലാക്കുന്നതിലൂടെ സംസ്‌കാരം കൂടിയാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗൾഫിലേക്കുള്ള പ്രയാണത്തിനുമുമ്പ് തന്നെ ജപ്പാൻ പോലുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽതേടിമലയാളികൾ പോയിട്ടുണ്ട്. തൊഴിലിനായി മാത്രമല്ല, ഉപരിപഠനത്തിനും ഗവേഷണത്തിനുമായി നിരവധി മലയാളികളാണ് ജപ്പാനിലെത്തുന്നത്. ഇത്തരക്കാർ നിഘണ്ടു ഏറെ ഗുണകരമാകും. പുതിയ നിഘണ്ടു മലയാളത്തിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹിതേകി അസാരി നിഘണ്ടു ഏറ്റുവാങ്ങി. ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായി ജപ്പാന് മികച്ച സാംസ്‌കാരിക, വ്യവസായ ബന്ധമാണുള്ളതെന്ന് അസാരി പറഞ്ഞു. നിസാൻ പോലുള്ള കമ്പനികൾ കേരളത്തിലേക്ക് വരുന്നത് ഉദാഹരണമാണ്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽപ്പെട്ട ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് ടോക്യോയിൽ നിന്ന് ജപ്പാൻ എയർലൈൻസ്, ആൾ നിപ്പോൺ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി സിഡാക്ക് രൂപകൽപ്പനചെയ്ത മലയാള ഭാഷാ വികസനത്തിനുളള വിവിധ സോഫ്റ്റ് വെയറുകളും മന്ത്രി പ്രകാശനം ചെയ്തു. ഡോ.കെ.പി.പി. നമ്പ്യാർ തയാറാക്കിയ ജാപ്പനീസ് മലയാളം നിഘണ്ടുവിൽ 53,000 വാക്കുകളുണ്ട്. 1000 രൂപയാണ് വില. ജാപ്പനീസ് ഭാഷാ വിദ്യാർഥികൾ, ജപ്പാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നിഘണ്ടു സഹായകമാകും.
ചടങ്ങിൽ ടോക്കിയോ സർവകലാശാലയിലെ ഭാഷാ ശാസ്ത്രവിഭാഗം പ്രൊഫ.മകാതോ മിനിഗഷി, കമ്പ്യൂട്ടേഷൻ ഭാഷാശാസ്ത്രജ്ഞനായ ജൂൻ തകാഷിമ, ഡോ. കെ.പി.പി നമ്പ്യാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ എന്നിവരും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here