പി.സുരേഷ്
പ്രണയിച്ചിരുന്നു എന്നതിന്
തെളിവ് ചോദിക്കരുതേ ചങ്ങാതീ
മരിച്ചതിന്
എന്ത് തെളിവാണ്
എനിക്കിനി
ഹാജരാക്കാൻ കഴിയുക?
സ്വപ്നത്തിന്റെ
മോർച്ചറിയിൽ നിന്ന്
കഴുകിയെടുത്ത്
ഓർമ്മയുടെ
പോസ്റ്റ്മോർട്ടം ടേബിളിൽ
കിടത്തിയിട്ടുണ്ട്.
വാതിലടച്ചിട്ടില്ല,
ചെന്നു നോക്കാം.
ആഴത്തിലേറ്റ മുറിവിൽ നിന്ന്
രക്തം പൊടിയുന്നുണ്ടാവും
തുറന്നിരിക്കുന്ന കണ്ണുകളിൽ
പെയ്യാൻ വെമ്പുന്ന
മേഘങ്ങൾ കാണാം
അതിനു താഴെ
ആകാശത്തിന്റെ നിറം ചാലിച്ച
ഒരു പുഴ ഒഴുകുന്നുണ്ടാവും
പിളർന്നിരിക്കുന്ന
ചുണ്ടുകൾക്കിടയിൽ നിന്ന്
യുദ്ധത്തിൽ തോറ്റ
പടയാളിയുടേതു പോലെ
വിതുമ്പൽ കേൾക്കാം
ഓർമ്മകൾ
മുറുകെപ്പിടിച്ചതുകൊണ്ടാവാം,
വിരലുകൾ മടങ്ങിക്കിടക്കുന്നുണ്ടാവും;
നിവർത്താൻ ശ്രമിക്കരുതേ.
പറ്റുമെങ്കിൽ
നെഞ്ചിൽ ചെവി ചേർത്തു നോക്കൂ
കാട്ടരുവികൾ ഒഴുകുന്നതിന്റെയും
പക്ഷികൾ ചിറകടിക്കുന്നതിന്റെയും
പൂമ്പാറ്റകൾ നൃത്തം ചെയ്യുന്നതിന്റെയും
തുമ്പികൾ മൂളിപ്പാട്ടു പാടുന്നതിന്റെയും
ശബ്ദം കേൾക്കാം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
അവയൊന്നും രേഖപ്പെടില്ല.
പറ്റുമെങ്കിൽ
ആ പാദങ്ങൾ കൂടി കാണണം
പ്രണയത്തിൽ പെട്ടതിന്റെ
അലച്ചിലുകൾക്കിടയിൽ
പറ്റിപ്പിടിച്ച മൺതരികൾ
ഉണങ്ങിക്കിടപ്പുണ്ടാവും.
വേണമെങ്കിൽ
ഒരു തരി അടർത്തിയെടുത്തോളൂ.
പ്രണയത്തിന്റെ
പുരാവസ്തു ശേഖരത്തിൽ
ലാമിനേറ്റ് ചെയ്ത്
പ്രദർശിപ്പിക്കാം.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in