എം. എസ്. ഷൈജു
ഒരു ഗ്യാസ് ഏജൻസി ശരാശരി എത്ര രൂപക്ക് ഇതിനകം നിങ്ങളെ പറ്റിച്ചിട്ടുണ്ടെന്നറിയാമോ? അത് പോട്ടെ, നിങ്ങൾ നിരന്തരമായി പറ്റിക്കപ്പെടുന്നുണ്ടെന്നറിയാമോ? ഗ്യാസ് വില വാണം പോലെ ഉയർത്തി സർക്കാർ നമ്മളെ പറ്റിക്കുന്ന കാര്യമല്ല പറയുന്നത്. ഓരോ ഗ്യാസ് ഏജൻസിയും ഉപഭോക്താക്കളെ പച്ചക്ക് പറ്റിച്ച് കാശ് വിഴുങ്ങുന്ന കാര്യമാണ് പറയുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ.
നമുക്ക് ഗ്യാസ് ലഭിക്കുന്ന വഴിയെങ്ങനെയാണ്? നാം ഏജൻസിയിൽ വിളിച്ച് പറയുന്നു/ബുക്ക് ചെയ്യുന്നു, പിന്നെ വേഴാമ്പലിനെപ്പോലെ ഗ്യാസ് വണ്ടിയും കാത്തിരിക്കുന്നു. എപ്പോഴെങ്കിലും ഗ്യാസ് വണ്ടിക്കാരൻ ഗ്യാസ് കൊണ്ട് വരുന്നു. പറയുന്ന കാശ് കൊടുക്കുന്നു. ശടാ പടാന്ന് വണ്ടി സ്ഥലം വിടുന്നു. ഇതാണ് ഗ്രാമീണ മേഖലയിൽ ഒരു ശരാശരി വീട്ടിലെ പാചക ഗ്യാസ് വിതരണ ശൈലി. പരാതിയുണ്ടെങ്കിൽ ഒരാൾ പരമാവധി ഏജൻസിയിൽ വിളിച്ച് പറയും. പരാതി പറയാതെ നല്ല പിള്ളയായി നിന്നാൽ ഇത്തിരി നേരത്തെ ഗ്യാസ് കിട്ടും. ഗ്യാസ് കുറ്റി ഇത്രേം നേരത്തെ തരുന്നത് തന്നെ തങ്ങളുടെ ഔദാര്യമാണെന്നാണ് വണ്ടിക്കാരന്റെ ഭാഷ്യം. 90 ശതമാനം ഗ്യാസ് വിതരണവും ബിൽ ഇല്ലാതെയാണ്. അത് കൊണ്ട് തന്നെ ഓരോ ഡെലിവറിയിലും എത്ര രൂപയാണ് യഥാർത്ഥ വിലയാകുന്നതെന്ന് ഉപഭോക്താവ് അറിയുകയേയില്ല.
സാധാരണ ഗതിയിൽ നമ്മുടെ ഓരോ ബുക്കിംഗും രണ്ട് മുതൽ നാല് ദിവസത്തിനുള്ളിൽ ഏജൻസിയിൽ ബില്ലാകും. ബിൽ ആയതിന് ശേഷം മാത്രമേ ഒരു സിലിണ്ടർ വിതരണം ചെയ്യാവൂവെന്നത് നിർബന്ധമാണ്, സിലിണ്ടറിനൊപ്പം ഉപഭോക്താവിന് ബിൽ നല്കണമെന്നതും. എന്നാൽ ഗ്രാമീണ മേഖലയിലെ മിക്കവാറും വീടുകളിലും ഈ ബിൽ എന്ന് പറയുന്ന സംഗതി കണ്ട് തന്നെ കാണില്ല. വക്കീലുമാർ, പോലീസുകാർ, പിന്നെ ഉയർന്ന പോസ്റ്റുകളിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെയൊക്കെ വീടുകൾ ഏജൻസികൾ കൃത്യമായി ലോക്കേറ്റു ചെയ്ത് അവിടങ്ങളിൽ ബിൽ നല്കുന്നുണ്ടാകും. ഇതല്ലാത്ത മുഴുവൻ വീടുകളിൽ നിന്നും ശരാശരി 50 രൂപ മുതൽ 60 രൂപ വരെ ഇവർ അധികമായി വാങ്ങുന്നുണ്ട്.
ഒരു ദിവസം ഒരു ഏജൻസി മിനിമം 200 സിലിണ്ടറുകൾ ഡെലിവറി ചെയ്യുന്നുണ്ടെങ്കിൽ തന്നെ 12000 രൂപ നമ്മെ പറ്റിച്ച് കൈക്കലാക്കുന്നുണ്ട്. അതായത് ഒരു മാസം ശരാശരി മൂന്ന് ലക്ഷം രൂപ ഏജൻസി ഉടമ നമ്മെ പറ്റിച്ച് അനധിക്യതമായി കൈക്കലാക്കുന്നു. ഇതിൽ പത്തോ ഇരുപതിനായിരമോ ഡ്രൈവർക്ക് നൽകിയാൽ കാര്യം കുശാൽ. ഏജൻസി വരുമാനമായി നേർവഴിക്ക് ലഭിക്കുന്ന ലക്ഷങ്ങൾക്ക് പുറമെയാണ് ഈ പകൽക്കൊള്ള നടക്കുന്നത്. ഈ തീവെട്ടിക്കൊള്ളയുടെ സൂത്രധാരന്മാരായ ഏജൻസികളെ തന്നെയാണ് നാം പരാതി പറയാനും വിളിക്കുന്നതെന്നതാണ് രസകരമായ കാര്യം. ഓരോ പരാതിക്കാരന്റെയും ഗതികേടോർത്ത് വൈകുന്നേരം ഡ്രൈവറും ഏജൻസി ഓണറും തമാശ പറഞ്ഞ് ചിരിക്കുന്നുണ്ടാകും. ഇനി അല്പം വിവരമുള്ള ആരെങ്കിലും ബിൽ ചോദിച്ചാലോ? ബിൽ വേണമെങ്കിൽ ഗ്യാസ് ഇനിയും വൈകുമെന്ന ഭീഷണിയിൽ അവനെ/ അവളെ ഒതുക്കും. ഗ്യാസ് ഇല്ലാതെയാകുമ്പോഴുള്ള പൊല്ലാപ്പോർത്തത് വെറുതെ പുലിവാല് പിടിക്കണ്ടെന്ന് കരുതി അവരും അടങ്ങും.
ഓർക്കുക, നമ്മുടെ സിലിണ്ടറിന്റെ ബിൽ ഇഷ്യൂ ആകാതെ ഒരിക്കലും സിലിണ്ടർ നമുക്ക് ലഭിക്കില്ല. നമ്മുടെ ബില്ലുകൾ ഏജൻസികൾ കീറിക്കളയുകയോ കത്തിക്കുകയോ ആകാം. ഗ്യാസ് നൽകുന്ന ഏജൻസികൾ വെറും ഏജൻസികൾ മാത്രമാണ്. നമ്മെ പോലുള്ളവർ ഗ്യാസ് എടുക്കുന്നത് കൊണ്ട് മാത്രം ഉപജീവിച്ച് പോകുന്നവർ ! ഉപഭോക്താക്കൾ ശക്തമായി പ്രതികരിച്ചാൽ ‘ഗ്യാസ് പോകാൻ’ മാത്രമുള്ള ഗ്യാസ് ഏജൻസികൾ. അതിനാൽ ബില്ലില്ലാതെ ഒരു സിലിണ്ടറും നിങ്ങൾ ഇന്ന് മുതൽ വാങ്ങാതിരിക്കുക. ബിൽ തുകയ്ക്ക് മുകളിൽ ഒറ്റ രൂപയും അധികം നല്കാതിരിക്കുക. ട്രാൻസ്പോർട്ടേഷൻ ചിലവ് അടക്കമാണ് നിങ്ങളുടെ ബിൽ ഇഷ്യൂ ചെയ്യപ്പെടുന്നത്. ബിൽ തരാനോ അതിന്റെ പേരിൽ ഗ്യാസ് തരാനോ അവർ ഉപേക്ഷ വിചാരിച്ചാൽ ഗ്യാസ് കമ്പനിയുടെ പരാതി സെല്ലിൽ വിളിച്ച് പരാതിപ്പെടുക.
ഓർക്കുക, ഏജൻസിയിലല്ല, ഗ്യാസ് കമ്പനിയിലാണ് പരാതിപ്പെടേണ്ടത്. പരാതിയുടെ രജിസ്റ്റർ നമ്പർ ചോദിച്ച് വാങ്ങി സൂക്ഷിച്ച് വെക്കുക. സാധിക്കുന്നവർ ഗ്യാസ് കമ്പനിയുടെ കമ്പ്ലെയ്ന്റ് പോർട്ടലിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക. പിറ്റേന്ന് ഏജൻസിയല്ല, ഏജൻസിയുടെ ഉപ്പാപ്പ ഗ്യാസ് വീട്ടിലെത്തിച്ചിരിക്കും. അത്ര മാത്രം ശക്തമാണ് റെഗുലേറ്ററി നിയമങ്ങൾ.
ഇനി മുതൽ ഗ്യാസ് ബിൽ ചോദിച്ച് വാങ്ങൂ… ഈ തീവെട്ടിക്കൊള്ളക്കെതിരെ സംഘടിച്ച് പ്രതികരിക്കൂ…