അല അക്ഷരോത്സവം സമാപിച്ചു
താമരശ്ശേരി: ജനാധിപത്യമെന്നത് മനുഷ്യന്‍റെ അന്തസ്സും നീതിയും ഉറപ്പാക്കാനുള്ളതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എന്‍.കാരശ്ശേരി അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദി സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയില്‍ ജനാധിപത്യത്തിന്റെ ഉള്‍സാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം സഞ്ചരിക്കുന്നത് യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്ന രീതിയിലാണ്. ഇതിന്റെ ഉള്‍സാരം തുല്യതയാണ്. വിവിധ മതങ്ങളില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ അത് പ്രതിരോധം തീര്‍ത്തിട്ടുണ്ട്. ജനാധിപത്യത്തില്‍ ഒന്നിനെയും ജന്‍മംകൊണ്ട് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ലെന്നും കര്‍മ്മവും കഴിവുമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന ദിവസം രാവിലെ നടന്ന വര്‍ത്തമാന നേര്‍കാഴ്ചകള്‍ സമൂഹചിത്രരചനയില്‍ എ.ആര്‍.കാന്തപുരം, കിഷോര്‍ ബുദ്ധ, രാജന്‍ ചെമ്പ്ര, ആലാപ് കലാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പാട്ടും പറച്ചിലും എന്ന വിഷയത്തില്‍ ഡോ. മെഹ്റൂഫ് രാജ് സംസാരിച്ചു. തുടര്‍ന്ന് സരോജിനി താമരശ്ശേരി ആന്റ് പാര്‍ട്ടി അവതരിപ്പിച്ച ആദിവാസി നൃത്തം, ഹനീഫ രാജഗിരിയുടെ മാജിക് ഷോ, ട്രിപ്പിള്‍ ഫൈവ് ബാന്റ് അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം എന്നിവ അരങ്ങേറി. ഷാനവാസ് പൂനൂര്‍, വി.കെ.ജാബിര്‍, ദിനേഷ് പൂനൂര്‍ സംസാരിച്ചു.