എസ്. കെ.
91ആമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസാഞ്ചലോസിലെ ഡോൾബി തിയേറ്ററിലെ നക്ഷത്രരാവിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് പീറ്റർ ഫറേലി സംവിധാനം ചെയ്ത കോമഡി ഡ്രാമയായ ഗ്രീൻ ബുക്ക്. ഡോൺ ഷിർലേ എന്ന ബ്ലാക്ക് ജാസ് പിയാനിസ്റ്റിന്റെയും അയാൾ തന്‍റെ ഡ്രൈവറായി നിയമിച്ച ടോണി ലിപ്പിന്റെയും കാർ യാത്രയുടെ കഥയാണ് ഗ്രീൻ ബുക്ക്. 1960 കാലഘട്ടത്തിലെ അമേരിക്കൻ സംസ്കാരത്തിലൂടെ കടന്ന് പോകുന്ന സിനിമയിലൂടെ ടോണി ലിപ്പ് എന്ന വെള്ളക്കാരനായ ഡ്രൈവർ വർണ്ണവിവേചനം എത്രത്തോളം മോശപ്പെട്ട ഒന്നാണെന്ന് മനസിലാക്കുന്നു. റേസിസത്തിനെതിരെയുള്ള ശക്തമായ സന്ദേശം ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ഈ സിനിമ മികച്ച ചിത്രത്തിന് പുറമേ ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച സപ്പോർട്ടിംഗ് ആക്ടർ എന്നീ വിഭാഗങ്ങളിലും ഓസ്കാറുകൾ ലഭിച്ചു. ഡൊൺ ഷിർലേയായി വേഷമിട്ട മഹെർഷല അലിക്കാണ് ഈ അവാർഡ് ലഭിച്ചത്.
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് 1970 കളിലെ മെക്സിക്കോ സിറ്റിയിലെ മിഡിൽ ക്ലാസ് ഫാമിലിയുടെ കഥ പറഞ്ഞ റോമ സിനിമയുടെ സംവിധായകനായ അൽഫോൻസോ ക്യുറോൺ ആണ്. മികച്ച സിനിമാട്ടോഗ്രാഫി, ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് മൂവീ എന്നീ അവാർഡുകളും റോമയ്ക്ക് ലഭിച്ചു.
ദ ഫാവറിറ്റ് എന്ന മൂവിയിലെ പ്രകടനത്തിന് ബ്രിട്ടീഷ് നടി ഓലീവിയ കോൾമാന് മികച്ച നടിക്കുള്ള അവാർഡും, ബൊഹീമിയൻ റാപ്സൊഡിയിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് റാമി മാലെകിനും ലഭിച്ചു. വിഖ്യാത ബ്രിട്ടീഷ് സിംഗറും റോക്ക് മ്യൂസിക് ബാൻഡായാ ക്വീൻ ന്റെ ലീഡ് വോക്കലിസ്റ്റുമായ ഫ്രെഡ്ഡീ മെർക്കുറിയുടെ ബയോപിക്കാണു ദ ബൊഹീമിയൻ റാപ്സൊഡി. ബെസ്റ്റ് സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ് തുടങ്ങിയ അവാർഡുകളും ഈ സിനിമ കരസ്ഥമാക്കി. സൂപ്പർ ഹീറോ ഫിലിമായ ബ്ലാക്ക് പാന്തർ മികച്ച പ്രൊഡക്ഷൻ, കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡും നേടി.
ക്വീൻ ബാൻഡും അമേരിക്കൻ സിംഗർ ആഡം ലംബാർട്ടും ഒത്തു ചേർന്നുള്ള സംഗീത നിശയോടെയാണ് ഇത്തവണത്തെ ഓസ്കാർ നിശ ആരംഭിച്ചത്. റിമ ദാസ് സംവിധാനം ചെയ്ത അസമീസ് സിനിമ വില്ലേജ് റോക്ക്സ്റ്റാർസ്സ് ഇത്തവണത്തെ ഓസ്കാർ പട്ടികയിലേക്ക് നിർദ്ദേശം ചെയ്തുവെങ്കിലും നോമിനേറ്റട് ലിസ്റ്റിൽ എത്തിയില്ല. ഇതിന് മുൻപ് മദർ ഇന്ത്യ, സലാം ബോംബേ, ലഗാൻ എന്നീ സിനിമകളാണ് ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് കാറ്റഗറിയിൽ ഇന്ത്യയിൽ നിന്ന് നാമ നിർദ്ദേശം ചെയ്യപ്പെട്ട സിനിമകൾ. ആദ്യ 5 ൽ ഇടം പിടിച്ചുവെങ്കിലും ഇവയ്ക്കൊന്നും അക്കാദമി അവാർഡ് നേടാനായില്ല.