ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! – 1
മൈന ഉമൈബാൻ
ഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത് പറമ്പിന്റെ അതിരോ മുറ്റമോ തിരിച്ചറിയാത്തവിധം മഞ്ഞായിരുന്നു. കോട പരക്കാന്‍ തുടങ്ങിയാല്‍ ഇരുട്ടായി എന്ന തോന്നലായിരുന്നു എന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടു. മഞ്ഞിനിടയിലൂടെ നടക്കാനുള്ള ഭയമായിരുന്നു പുറത്തിറങ്ങാതിരിക്കാനുള്ള കാരണം. ഇരുട്ടിലൂടെ നടക്കാന്‍ ചൂട്ടു കത്തിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ മഞ്ഞിലൂടെ നടക്കാന്‍ ആര്‍ക്കുമറിയില്ലായിരുന്നു.
പക്ഷേ, അങ്ങനെയൊരവസ്ഥ അപൂര്‍വ്വമായി മാത്രമാണ് ഞങ്ങള്‍ കണ്ടത്. കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്‌കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്‌കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്‌ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ് മഞ്ഞെന്നും ഞങ്ങള്‍ വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക് കടന്ന് പുകവലിക്കുന്ന ആനയെ കാണണമെന്ന് കൊതിച്ചു. പലപ്പോഴും ബീഡി വലിക്കുന്ന ആനയെ സങ്കല്‌പിച്ചിട്ടുണ്ട്. മലയ്‌ക്കപ്പുറത്തെ ലോകത്തെ അന്നു പരിചയമില്ലായിരുന്നതുകൊണ്ട് അവിടെ ഇത്ര പുകയുള്ള വലിയ ബീഡിയുണ്ടാക്കിക്കൊടുക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ല. നാട്ടിലെ ബീഡി തെറുപ്പുകാരന്‍ അമ്മാവന്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിപ്പത്തിലുള്ളൊരു ബീഡിയുമായി മല കയറുന്നത് സ്വപ്‌നം കണ്ടു.
എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലഞ്ചെരുവുകളില്‍ പോലും മഞ്ഞു കാണാതായി. പിന്നെ പിന്നെ ആനയെയും അമ്മാവനെയും മറന്നു. പക്ഷേ, ഏതു മലയ്‌ക്കപ്പുറത്തേക്കാണ് മഞ്ഞ് ഒളിച്ചുപോയതെന്നു മാത്രം ഇന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
വൃശ്ചികം ധനുമാസത്തില്‍ കുളിരോടെ എഴുന്നേറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് അതിനു ചുറ്റുമിരിക്കും. ശരീരം ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ മഞ്ഞും തണുപ്പും അപ്രത്യക്ഷമാവും.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ തീയിട്ടു കായാനുള്ള മഞ്ഞും കുളിരുമൊന്നുമില്ലാതായി. (ഇക്കൊല്ലം ചെറിയ മാറ്റമുണ്ടായി. പക്ഷേ, പഴയ കാലം തിരിച്ചു വന്നുവെന്ന് അർത്ഥമില്ല)
തണുത്തുറഞ്ഞു കിടന്ന ഒരു പ്രദേശം പത്തോ പതിനഞ്ചോ കൊല്ലം കൊണ്ടാണ് ചൂടുപിടിച്ചത്…ഇപ്പോള്‍ ഓരോ വര്‍ഷവും ചൂടേറി വരുന്നു.
(തുടരും)