പ്രായഭേദമന്യേ രാജ്യത്തെ പൗരന്മാരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന പബ്ജി ഗെയിം രാജ്യവ്യാപകമായി നിരോധിക്കാന്‍ സാധ്യത. മൊബൈല്‍ ഫോണില്‍ പബ്ജി വിലക്കിക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് രാജ്യവ്യാപക നിരോധനം വരാന്‍ സാധ്യത തെളിയുന്നത്. പബ്ജി ഗെയിമിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ വ്യക്തമാക്കിയിട്ടുണ്ട്. പബ്ജി പ്രേമികള്‍ക്ക് നിരാശാജനകമായ വാക്കുകളാണിവയെങ്കിലും നാളെയുടെ വാഗ്ദാനങ്ങളെ സംരക്ഷിക്കേണ്ടതിനാല്‍ രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് ആശാജനകമായ വാക്കുകളാണിവ.
ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിലധികം പേര്‍ ഒരേസമയം ഇരുന്ന് കളിക്കുന്ന ഓണ്‍ലൈന്‍ മള്‍ടിപ്ലെയര്‍ ഗെയിമാണ് പബ്ജി. ചുരുങ്ങിയ കാലം കൊണ്ടാണ് പബ്ജി ജനപ്രീതിയാര്‍ജിച്ചത്. 24 മണിക്കൂറും ഇതില്‍ ആളുകള്‍ ആക്ടീവ് ആയതുകൊണ്ടും ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്നതുമായ എലമെന്റുകളുമാണ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുനത്. അതുകൊണ്ടു തന്നെ ക്രമേണ പബ്ജി ഒരു ലഹരിയായി മാറികൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ വ്യതിയാനങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൗമാരക്കാരിലെ പഠന നിലവാരം കുറയുന്നതിനും ഈ ഗെയിമിന് സാരമായ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതമായ ഫോണിന്റെ ഉപയോഗം മൂലം കൗണ്‍സിലിങിന് കൊണ്ട് പോകുന്ന കുട്ടികളുടെ എണ്ണവും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് പബ്ജി അഥവാ പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് ഗെയിം വിലക്കി ഉത്തരവിട്ടിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് സര്‍ക്കുലര്‍. തുടര്‍ന്ന് ഗെയിമിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞ്, ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുമുണ്ട്.