മുഹമ്മദ് സാബിത്ത് കെ.എം
കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി രാപ്പകലില്ലാതെ നടന്ന ക്യൂരിയസ് കാർണിവലിന് തിരശ്ശീല വീണു. പാടിയും പറഞ്ഞും ആടിയും കളിച്ചും കഴിച്ചും സമയ സൂചി നീങ്ങിയത് എത്ര പെട്ടെന്നായിരുന്നു. മൂന്നുദിവസം നീണ്ടു നിന്ന കാർണിവലിൽ നിന്ന് വിടപറയുമ്പോൾ താങ്ങാവുന്നതിലധികം സങ്കടം പലരുടെയും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഈ മൂന്നുദിവസംകൊണ്ട് എത്രമാത്രം അടുത്തുവെന്ന് പലരും തിരിച്ചറിഞ്ഞത് അവസാന നിമിഷത്തിലാണ്.
ഐ പി എം നടത്തിയ കാർണിവലിൽ നിരവധി പേരാണ് എത്തിച്ചേർന്നത്. അതിലുപരി തങ്ങൾക്ക് കഴിയുന്നതിന്‍റെ പരമാവധി രൂപ സംഭാവന നൽകാനും ആളുകൾ മറന്നില്ല. ഓരോ മണിക്കൂറിനും ഒരു രൂപയുടെ മരുന്ന് വേദന മറക്കാൻ ആവശ്യമാണ് എന്ന് മനസ്സിലാക്കി നിരവധി പേരാണ് രോഗികളുടെ വേദനയിൽ കൈത്താങ്ങായി മുന്നോട്ടുവന്നിട്ടുള്ളത്. രോഗികളോട് ഉള്ള ആളുകളുടെ പെരുമാറ്റത്തില്‍ ബഹുമാനവും സ്നേഹവുമായിരുന്നു.
കാർണിവലിന്‍റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അധിക സ്റ്റാളുകളിൽ നിന്നും ഉയർന്ന കച്ചവടമാണ് ലഭിച്ചത്. പരിപാടിയിലെ ആളുകളുടെ പങ്കാളിത്തം രോഗികളുടെ രോഗം മറക്കാൻ പ്രാപ്തരാക്കി, അവരോടൊത്ത് കളിച്ചും രസിച്ചും ആടിയും പാടിയും മൂന്ന് സായാഹ്നങ്ങൾ എങ്കിലും മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. മെഹഫിൽ എ സ്മാൻ, റാസാ ബീഗം, ഷഹബാസ് അമൻ എന്നിവരുടെ പാട്ടിനൊപ്പം തന്നെ നിരവധി കലാകാരൻമാരും പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ഡാൻസ്, ഫാഷൻ ഷോ, മാജിക് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറിയിരുന്നു. പരിപാടികൾക്കൊപ്പം തന്നെ ഭക്ഷണത്തിന് രുചിയും മണവും മനുഷ്യൻറെ ഹൃദയത്തെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു. അടുത്തവർഷം ഇത്തരമൊരു കാർണിവൽ സംഘടിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി കാർണിവലിന് തിരശ്ശീല വീണു.