ജുനൈദ് അബൂബക്കര്‍
വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ
ചില ജലസസ്യങ്ങൾ,
കാലുകൾ മാത്രമില്ലാത്ത
കുറച്ചധികം പച്ചത്തവളകൾ,
ചെളികുഴഞ്ഞ് തിളക്കം പോയ
മണൽത്തരികൾ,
അകം തെളിഞ്ഞ് കാണാവുന്ന
പേരറിയാത്തൊരു മത്സ്യം,
മുള്ളുകളില്ലാത്തത്,
ചാകാറായൊരു പുഴയോടൊത്ത്
കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു…
‘വെയിലേറ്റുണങ്ങിയാൽ,
കടൽക്കാക്കകൾ തിന്നാൽ,
ഭൂമിയിൽ ഒരു തെളിവു പോലും
ബാക്കിവയ്ക്കാൻ കഴിയാത്ത
ഇവറ്റകൾ എന്തിനാണിവിടെ
അടിഞ്ഞു കൂടുന്നത് ? ‘
എന്നൊക്കെ കരുതുന്നുണ്ടെങ്കിലും
ചാകുന്നവന്റെ വരണ്ടനാക്കിൽ
ഒരിറ്റു വെള്ളം ചാലിക്കാൻ
കടലിടയ്ക്കിടെ കയറിവരുന്നുണ്ട്..
അല്ലെങ്കിൽ ചത്തോന്നറിയാൻ,
ചത്തെങ്കിൽ,
ആരെങ്കിലും രക്തസാക്ഷിയാക്കി
ആഘോഷിക്കും മുന്നേ
എടുത്തോണ്ടുപോകാൻ
ഇടയ്ക്കിടെ വന്നു നോക്കുന്നതുമാകാം..
പുഴയല്ലേ, ചത്തുപോയാൽ
ശേഷക്രിയചെയ്യാൻ
ഞാനല്ലാതെയാരാ ഉള്ളതെന്ന
കടലിന്റെ തോന്നലുമാകാം
ഇടയ്ക്കിടയ്ക്കുള്ള ഈ എത്തിനോട്ടങ്ങൾ..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in