കണ്ണൂര്‍: കാനന്നൂര്‍ ഫിലാറ്റെലി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ നാണയ-സ്റ്റാമ്പ്-കറന്‍സി പ്രദര്‍ശനം. കാന്‍പെക്സ് 2019 ജനുവരി 18, 19, 20 തിയതികളിലായി കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. 30 വയസ്സിലേക്ക് കടക്കുന്ന ക്ലബ്ബിന്‍റെ പത്താമത് അഖിലേന്ത്യാ പ്രദര്‍ശനമാണിത്. ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മദിനം കൊണ്ടാടുന്നതിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ ഇറക്കിയ ഗാന്ധിസ്മാരക തപാല്‍ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും കറന്‍സികളുടെയും പ്രത്യേക വിഭാഗം, ലോകത്തിന്‍റെ പലഭാഗങ്ങളിലായി ഇറക്കിയ തപാല്‍ സ്റ്റാമ്പുകളും ഉരുപ്പടികളും, വിവിധ രാജ്യങ്ങളില്‍ നടപ്പുള്ളതും പിന്‍വലിച്ചതുമായ നാണയങ്ങള്‍, കറന്‍സികള്‍ മുതലായവയാണ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം.
18-ന് രാവിലെ 10.30-ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുവനീര്‍ കണ്ണൂര്‍ പ്രസ്സ്ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് പ്രകാശനം ചെയ്യും. 19-ന് രാവിലെ ക്ലബ് സ്ഥാപക ഭാരവാഹികളെ ആദരിക്കും. 20-ന് വൈകിട്ട് നാലിന് സമാപന സമ്മേളനം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും.