നിത്യാ മേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണ എന്ന ചിത്രത്തിന്റെ ജി.സി.സി. റിലീസ് ജനുവരി 18-ന് നടക്കും. മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത റിലീസ് ആണ് പ്രാണയ്ക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ അതികായന്മാർ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വി.കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ജനുവരി 18ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ഒരേ സമയം നാല് ഭാഷകളിൽ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഒരേ സമയം നിർമ്മിച്ച ചിത്രം ഇന്ത്യയിലും ലോകമെമ്പാടും ഒരേ ദിവസം എത്തുന്നു.
ഇന്ത്യൻ സിനിമയിലെ ഛായാഗ്രഹണത്തിന്റെ ആചാര്യന്മാരിൽ ഒരാളായ പി.സി ശ്രീറാമാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം അലങ്കരിക്കുന്നത്. ലോകത്തിലാദ്യമായി സിങ്ക് സറൗണ്ട് (sync surround) സൗണ്ട് ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ധൻ ലൂയി ബാങ്ക്സ് പ്രാണയുടെ സംഗീതം ഒരുക്കുന്നതില്‍ സഹകരിച്ചിട്ടുമുണ്ട്.
പ്രാണയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ പ്രോമോ സോങ് ആണ് പ്രാണയിലെ ഈ ഗാനം. ശില്പ രാജ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രതീഷ് വേഗയാണ്. പ്രകൃതിയിലെ പഞ്ചഭൂത സങ്കൽപ്പത്തെ മുൻനിർത്തി ഒരുക്കിയ സംസ്‌കൃത ഗാനം മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്.