അനന്തപുരിയിലെ ലെവി ഹാളിന്റെ നിറഞ്ഞ സദസ്സ് കിംഗ് ലിയര്‍ കഥകളി ആവിഷ്‌കാരം ഏറ്റുവാങ്ങി. വില്യം ഷേക്സ്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലേയും കലാപ്രതിഭകള്‍ ചേര്‍ന്നാണ് കഥകളി ആവിഷ്‌കാരമൊരുക്കിയത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍സ് ഫ്രാഞ്ചൈസും, പാരീസ് തീയേറ്ററും സംയുക്തമായാണ് ഈ നവ സാംസ്‌കാരിക സംരംഭം ഒരുക്കിയത്. കിംഗ് ലിയര്‍ അവതരണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടിയെ സാംസ്‌കാരിക വകുപ്പ് മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. അലൈന്‍സ് ഫ്രാഞ്ചൈസ് ഡയറക്ടര്‍ ഫ്രാന്‍സോ ഗ്രോഷോണിന്റെ അധ്യക്ഷതയില്‍ നടന്നചടങ്ങില്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും ഫ്രാന്‍സ് ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ കാതറിന്‍ സ്വാര്‍ഡ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കിംഗ് ലിയര്‍ കഥകളി സംവിധായിക അനറ്റ് ലെഡെ നന്ദിയും പറഞ്ഞു.
വിഖ്യാത ഷേക്സ്പിയര്‍ നാടകത്തിന്റെ കഥകളി ആവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആറുമാസക്കാലമായി നടന്നു വരികയായിരുന്നു. കേരളത്തിലെയും ഫ്രാന്‍സിലെയും ഇരുപതോളം കലാപ്രതിഭകള്‍ ഉള്‍പ്പെട്ടതാണ് കിംഗ് ലിയര്‍ സംഘം. ഷേക്‌സ്പിയറിന്റെ കിംഗ് ലിയര്‍ നാടക ആവിഷ്‌കാരത്തിന്റെ അനുരൂപീകരണം ശ്രദ്ധേയയായ ഫ്രഞ്ച് കോ കോറിയോഗ്രാഫര്‍ അനറ്റ് ലെഡെയും, നാടക സംവിധായകനായ ഡേവിഡ് റൂയിയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഇതിന് മുന്നേയും വിഖ്യാത ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് സാക്ഷാത്കാരം നിര്‍വഹിച്ച് , അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ ഇവര്‍ക്കൊപ്പം ഫ്രാന്‍സിലെയും കലാമണ്ഡലത്തിലെയും, സദനത്തിലെയും വിഖ്യാത കഥകളി പ്രതിഭകള്‍ കിംഗ് ലിയറിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തി. കിംഗ് ലിയര്‍ കഥകളിയുടെ ആദ്യാവതരണത്തെ തുടര്‍ന്ന് ഡിസംബറില്‍ ചണ്ഡീഗഡ്, ഡല്‍ഹി, ചെന്നൈ, മുബൈ, പൂനെ എന്നിവിടങ്ങളും 2019 ഏപ്രില്‍ മാസം പാരീസിലും സാംസ്‌കാരിക വകുപ്പിന്റെയും ഭാരത് ഭവന്റെയും സഹകരണത്തോടെ കിംഗ് ലിയര്‍ അവതരിപ്പിക്കും.