നിധിന്‍ വി. എന്‍.
പ്രണയം പറയുന്ന ഹ്രസ്വചിത്രങ്ങള്‍ മലയാളത്തില്‍ ധാരാളമുണ്ടെങ്കിലും ആ ഗണത്തില്‍ പെടുത്താവുന്ന ചിത്രമല്ല വാഫ്റ്റ്. ഇളംകാറ്റ്, ആഘാതം എന്നിങ്ങനെയാണ് വാഫ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം. പ്രണയത്തിന്റെ ആഴം പറയാതെ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. ആരോണ്‍ ലാന്‍സാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ലൊസാഞ്ചലസ്, കാനഡ, മോസ്‌കോ, ജപ്പാന്‍, ജര്‍മനി, മുംബൈ, പൂണെ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രം എട്ടോളം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു.
12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം, നായകന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും അതിനുപുറകേയുള്ള അയാളുടെ യാത്രയെയും വരച്ചിടുന്നു. അതെ ഇത്രമാത്രമാണ് വാഫ്റ്റ്. എന്നാല്‍ ചെറിയ കാറ്റിലുലഞ്ഞുപോയ ഒരുവന്റെ അനുഭവങ്ങളാണത്. 6 വര്‍ഷമായി സിനിമാ രംഗത്തുള്ള വിഷ്ണുവിന്റെ ഏഴാമത്തെ ചിത്രമാണ് വാഫ്റ്റ്.
ചിലരെങ്കിലും ചിത്രത്തെ ഒരു ബോധവത്കരണ ക്ലാസ്സായി വ്യാഖ്യാനിക്കുന്നില്ലേ എന്ന ചോദ്യത്തെ ചിരികൊണ്ട് മുറിച്ച് വിഷ്ണു പറഞ്ഞു, ”ഒരിക്കലും ഞാന്‍ അങ്ങനെയല്ല ട്രീറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ പങ്കെടുത്ത ഇരുപത്തിരണ്ട് ഹ്രസ്വചിത്ര മേളകളിലും ഞാനങ്ങനെ ഈ ചിത്രത്തെ വ്യാഖ്യാനിച്ചിട്ടില്ല. വാഫ്റ്റ് തീര്‍ത്തും ഒരു റൊമാന്റിക് ഡ്രാമയാണ്. ചിത്രത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് ബാധിച്ച എഎല്‍എസ് എന്ന രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഇങ്ങനെ വ്യാഖ്യാനിക്കുന്നത്. ദര്‍ജോയ് ദത്തയുടെ ‘ടില്‍ ദ ലാസ്റ്റ് ബ്രത്ത്’ എന്ന ബുക്കിലൂടെയാണ് ഞാന്‍ ഈ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. പിന്നെ ഡോക്ടറായ വീണാ പ്രസാദ്, പുള്ളിക്കാരിയാണ് ഈ അസുഖത്തെ പറ്റി കൂടുതല്‍ പറഞ്ഞു തരുന്നത്. അവിടെ നിന്നുമാണ് വാഫ്റ്റിന്റെ കഥ രൂപപ്പെടുന്നത്. തുടര്‍ന്ന് ആരോണ്‍ ലാന്‍സ് തിരക്കഥയൊരുക്കുകയുമായിരുന്നു. വീണ തന്നെ നിര്‍ദ്ദേശിച്ച ‘ട്യൂസ്‌ഡേയ്‌സ് വിത്ത് മോറീ’ എഎല്‍എസ് എന്ന രോഗത്തെക്കുറിച്ചാണ് പറയുന്നത്. ഈ രണ്ടു ബുക്കുകളും ചിത്രത്തില്‍ അവസാനത്തോടെ കാട്ടുന്നുണ്ട്. അതും ചിത്രത്തെ ബോധവത്കരണമായി വ്യാഖ്യാനിക്കാന്‍ ഒരു പരിധിവരെ കാരണമായി എന്നാണ് തോന്നുന്നത്. മറ്റൊരു കാര്യം എന്താണ് എന്നുവെച്ചാല്‍ ഈ സിനിമയ്ക്ക് ഒരു ക്ലൈമാക്സ് ഉണ്ടെന്ന് ഒരിക്കലും പറയുന്നില്ല. അത് കാഴ്ചക്കാരന് വിടുകയാണ്”.
ആശിഷ് ശശിധറും സൈജു ജോണും രേവതി സമ്പത്തുമാണ് വാഫ്റ്റില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് അഫ്താബ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. തുളസി വിശ്വനാഥനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുള്ളത്.