ഇന്ന് ലോകനാടക ദിനം

0
1417
സോമൻ പൂക്കാട്

ലോകമെന്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തെജിപ്പിക്കാനുമായി നടത്തിവരുന്ന ആഗോള നാടകസ്മരണ ദിനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ്‌ നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങലുടെ തീഷ്ണമായ ശബ്ദം ആദ്യം മുഴങ്ങിയതും നമ്മുടെ രംഗവേദികളിലായിരുന്നു.സമൂഹത്തോടും വ്യവസ്ഥിതിയോടും കലഹിച്ചു പൊള്ളുന്ന നേരിനെ അരങ്ങിലെത്തിക്കാൻ നാടകങ്ങൾ വഹിച്ചപങ്കിനോളം വരില്ല മറ്റൊരു കലാരൂപവും.
പുറന്പോക്കിലുള്ള പാവപ്പെട്ടവൻറെ ജീവിതങ്ങളും അടിച്ചമർത്തപ്പെട്ടവൻറെ വികാരങ്ങളും അധ:സ്ഥിതൻറെ സ്വപ്നങ്ങളും, കീഴാളന്റെ അസ്ഥിത്വവും, അരങ്ങുകളിൽ ആവാഹിച്ചു ദൃഷ്ടിയിൽപ്പെട്ടാൽപ്പോലും ദോഷം ചെയ്യുന്ന ഒരു ജനസമൂഹത്തെ മനുഷ്യരാക്കി മാറ്റിയെടുക്കാൻ നാടകങ്ങൾ വഹിച്ച പങ്കു ആർക്കും നിഷേധിക്കാനാവില്ല.
കേരളത്തിൽ ഒരു കാലത്തു വീശിയടിച്ച പുരോഗമന വിപ്ലവ ചിന്തയുടെയുടെയും സാമൂഹ്യ മാറ്റത്തിന്റെയും പ്രധാന ചാലക ശക്തി നാടകങ്ങൾ തന്നെയായിരുന്നു’അടുക്കളയിൽ നിന്നും അരങ്ങത്തേക്കും’  ‘ഋതുമതിയും’ ‘പാട്ടബാക്കി’യും, ഒടുവിൽ കെ.പി.എ.സി നാടക കലാകാരൻമാർ . “നിങ്ങളെന്നെകാമ്യുണിസ്റ്റാക്കി” എന്ന് അരങ്ങിൽ നിന്നും ആഹ്വാനം മുഴക്കിയപ്പോൾ അതേറ്റു പാടാൻ പതിനായിരങ്ങളാണ് കേരളത്തിലന്നു സജ്ജരായിരുന്നത്. തോപ്പിൽ ഭാസിയും, വയലാറും, ഓ.എൻ.വി.കുറുപ്പും, ദേവരാജനും, കെ.സ്.ജോർജ്ജും, കെ. പി. എ. സി.സുലോചനയും മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായത് നാടകത്തിന്റെ ശക്തി ചൈതന്യം കൊണ്ട് തന്നെയായിരുന്നു. കരയാനും, ചിരിക്കാനും, പിരിയാനും, ഒരുമിക്കാനും പ്രണയിക്കാനുമെല്ലാം ജോർജ്ജിന്റെയും, സുലോചനയുടെയും പാട്ടുകൾ ഒരു ജീവരക്തമായി മലയാളികളുടെ സിരകളിലൂടെ അവരറിയാതെ തന്നെ ഒഴുകി.കെ ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്‌’, കാഫര്, ആയിമുവിന്റെ ‘ഇജ്ജു നല്ല മനുഷ്യനാകാന് നോക്ക്’, എന്നീ നാടകങ്ങൾ ഒരു സമുദായത്തിന്റെ പുരോഗതയിൽ വഹിച്ച പങ്കു അത്ര കുറച്ചു കാണാൻ കടുത്ത യാഥാസ്ഥിതികർക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. താജ് ഒരു പടി കൂടി കടന്നു നിലവിലെ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥിതിയോട് സന്ധിയില്ലാത്ത സമരപ്രഖ്യാപനം തന്നെ നടത്തി അരങ്ങിനെ ചെറുത്തു നിൽപിന്റെയും പരിവർത്തനത്തിന്റെയും ഉപാധിയാക്കി മാറ്റി. അദ്ദേഹത്തിന്റെ ‘കുടുക്ക’ അഥവാ ‘വിശക്കുന്നവന്റെ വേദാന്തം ‘എന്ന നാടകം വിശപ്പ്‌ വർഗ്ഗപരമായും രാഷ്ട്രീയമായും ഒരാഗോളവിഷമായി കാണികളോട് സംവേദിച്ചപ്പോൾ ‘രാവുണ്ണി’ കടത്തിന്റെ തത്വശാസ്ത്രം ഭരണ കൂടം എങ്ങനെയാണു പ്രാവർത്തികമാക്കുന്നത് എന്ന് സ്വജീവിതത്തിലൂടെ കാണികളെ ബോധിപ്പിച്ചു ഭരണ കൂടത്തെ പരിഹസിക്കുന്നു.
യഥാർത്ഥകലക്ക് നമ്മുടെ ചിന്തയേയും വികാരങ്ങളെയും തരളിതമാക്കാനും മായകാഴ്ചകളിലും മോഹന വിഭ്രാന്തികളിലും അഭിരമിക്കുന്ന അലസമധ്യവർഗ്ഗജാടകളെ പൊളിച്ചടക്കി യഥാർത്ഥ ലോകത്തിലേക്ക് ആ നയിക്കാനും സാധിക്കുകയുള്ളൂ.
നാടകം സിനിമയല്ല സിനിമ നാടകവുമല്ല. രണ്ടും രണ്ടമ്മ പെറ്റ മക്കളാണ് എന്ന ബോധം ഇരു മാധ്യമ പ്രവർത്തകർക്കുമുണ്ടാകണം. ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ഗൗരവരൂപമയ നാടകം കാലത്തിനു നേർക്ക് പിടിക്കുന്ന കണ്ണാടിയാണ്.
അനിവാര്യതയിൽ നിന്നും ജന്മമെടുക്കുന്പോഴേ കല ജീവനുള്ളതായി തീരുകയുള്ളു. നാടകം എന്നും ഒരു ജീവനുള്ള കലയാണ്‌. അത് ജനങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നു. കല കലാപമാണ്‌. പ്രത്യേകിച്ചും നാടകം. അത് തുടരുക തന്നെ വേണം ആലസ്യത്തിൽ ആണ്ടു പോയ മനുഷ്യനെ ഉണർത്താനും ഉത്തേജിപ്പിക്കാനും പ്രതികരണബോധം ഉണ്ടാക്കാനും. കാലഘട്ടം ആവശ്യപ്പെടുന്ന ചരിത്ര ദൗത്യം ഭംഗിയായി നിർവഹിക്കാൻ നാടക പ്രവർത്തകർക്ക് ആർജ്ജവവും സാഹചര്യവും ഉണ്ടാകട്ടെയെന്ന് എല്ലാ നാടക പ്രവർത്തകർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് എന്റെ നാടക ദിനാശംസകൾ നേരുന്നു സുഹൃത്തുക്കളെ.

സോമൻ പൂക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here